Smiley face

2020, ഏപ്രിൽ 11, ശനിയാഴ്‌ച

എന്ന് നിന്‍റെ സ്വന്തം നെച്ചൂ....


വില പിടിച്ച ചില രേഖകൾ അന്വേഷിച്ച് കണ്ടെത്താനുള്ള ശ്രമത്തിലാണ് തപാൽ കെട്ടുകൾ സൂക്ഷിച്ചിരുന്ന പഴയ തുണിസഞ്ചി കയ്യിൽ തടഞ്ഞത്.തുറന്ന് നോക്കിയപ്പോൾ പഴയ കടലാസ് താളുകളുടെ ഗന്ധം മൂക്കിലേക്കും ഓർമ്മകൾ നെഞ്ചിലേക്കും ചൂഴ്ന്ന് കയറി. പണ്ട് ഞാൻഈ കത്തുകൾ വായിച്ച് മൂക്ക് ഞെരടിപ്പിഴിഞ്ഞ് തറയിലെ പശിമണ്ണ് കുതിർന്നിരുന്നു.

എൻറെ ഫാദൂന്‍റെ കത്തുകളാണിതൊക്കെ. ആരേയും കാണിക്കാതെ പഴയ ട്രങ്കിലും, പിന്നെ അലമാരിയിലെ പഴയ തുണിത്തരങ്ങൾക്കിടയിലുമായി ഞാൻ സൂക്ഷിച്ചിരുന്ന ഇരുപത് വർഷങ്ങൾക്ക് മുൻപത്തെ വേവുന്ന നെഞ്ചകം. 

ഈയിടെയായി മറിച്ച് ചിന്തിച്ച് തുടങ്ങി. ജീവിതം ഒന്നല്ലേയുള്ളൂ. എന്തിനാണിങ്ങനെ അടക്കി ഒതുക്കി ശ്വാസം മുട്ടുന്നത്. ദൈവവും ഞാനും തമ്മിൽ ഒരു പരസ്പര ധാരണയിൽ എത്തി. നീയെന്നെ ആട്ടിത്തെളിക്കുന്ന വഴികളെന്ന് ഞാനിത് വരെ ധരിച്ച് വെച്ച വിശ്വാസ പ്രമാണങ്ങളിൽ നിന്ന് എൻറെ കൊച്ചുകൊച്ചാശ്വാസങ്ങൾക്കായി ഞാൻ വ്യതിചലിക്കുകയാണ്.

അക്ഷരങ്ങൾ അത്ഭുത പ്രതിഭാസങ്ങളാണ്. അവയ്ക്ക് കാലങ്ങളേയും, ഗന്ധങ്ങളേയും, കാഴ്ചകളേയും , ഹൃദയമിടിപ്പുകളെപ്പോലും പുനർസൃഷ്ടിക്കാൻ കഴിയും.

12.06.1991
“….നെച്ചൂ....ഞാൻ പുതപ്പ് മുഖത്തേക്ക് വലിച്ചിട്ട് കുറേ നേരം കിടന്നു. ഇറവാലത്ത് നിന്നും വീഴുന്ന മഴത്തുള്ളികളുടെ ഒച്ച കേൾക്കണമെന്ന് കൊതിച്ച് കിടന്നപ്പോ ഉപ്പ വന്നൊരൊറ്റ ചോദ്യം.

 നീ കയ്ച്ചോ..”ന്ന്.
കണ്ണ് പെയ്യുന്ന പോലെ ആകാശം ഒന്ന് പെയ്തിരുന്നെങ്കിൽ.  എന്തോരു ചൂടാണ്. ഇവരുടെയൊക്കെ ഉള്ളം കത്തണ ശ്വാസത്തിൻറെ ചൂടാ. പന്ത്രണ്ട് പേരാണ് മുറിയ്ക്കുള്ളിൽ. വാസ്തവത്തിൽ അഞ്ച് പേർക്ക് കിടക്കാനുള്ള സ്ഥലമേ മുറിയ്ക്കുള്ളിലുള്ളൂ. ഡബിൾഡക്ക് ബെഡാണ് ട്ടോ. ക്യാമ്പിലെ നാലായിരം പേർക്കായിട്ട് നാൽപ്പത് ടാങ്ക് വെള്ളമാണ് ആ പഹയൻമാര് അടിച്ചേച്ച് പോയത്. ഒരാഴ്ചത്തേക്കാണ് ട്ടോ. നീയീ കത്തൊന്ന് മണത്ത് നോക്കണം. രണ്ടാഴ്ചയായിട്ട് കഴുകാത്ത ഷർട്ടിൻറെ പോക്കറ്റിലാണിതിടാൻ പോകുന്നത്….”

29.11.1991

“….എൻറെ അന്നമ്മോ...( ദേ..നിൻറെ കെറുവിച്ച മുഖം)..നിന്നെയിന്ന് ..ച്ചിരി പുന്നാരിക്കാൻ തോന്നണൂ. ഞാൻ യാത്ര പറയാൻ വന്നപ്പൊ ഓലപ്പുരയില് നീ കുളിച്ചോണ്ട് നിന്നതാ ഞാനിപ്പൊ ഓർത്തത്. മാറത്ത് ചുറ്റിയ നനഞ്ഞ മുണ്ടിൻ കീഴെ ആ വെളുത്ത കണങ്കാലിൽ ഒരു കൊലുസ്  വാങ്ങിയിടുമെന്ന് സ്വപ്നം കണ്ട ഞാനെന്ത് വിഡ്ഢിയാണ്. നമ്മുടെ ചെമ്പുള്ളി മലയുടെ മുകളിൽ കയറിയാൽ അന്തിച്ചോപ്പുകാരനെ പിടിക്കാൻ പറ്റൂന്ന് ഞാൻ ചെറുപ്പത്തിൽ പറഞ്ഞതിനെ കള്ളക്കഥയെന്ന് നീ പറഞ്ഞിരുന്നില്ലേ. പക്ഷേ അന്നതെൻറെ സത്യമായ വിശ്വാസമായിരുന്നു. ഇരുപതാം വയസ്സിലും അങ്ങനൊക്കെ തന്നേല്ലേ. അറുന്നൂറ് ദിർഹം കൊണ്ട് ഞാനിന്ന് കാണുന്ന സ്വപ്നം വയറ് നിറച്ച് കൊതി തീരെ ഭക്ഷണം കഴിക്കുന്നതെന്നാണെന്നാണ്. ഉപ്പയ്ക്ക് വീട്ട് വാടക അയച്ച് കൊടുക്കുമ്പൊ ഞാൻ ചിന്തിക്കാറുണ്ട്, പെങ്ങൻമാരുടെ വിവാഹത്തിൻരെ കടമെങ്ങനെ വീട്ടുമെന്ന്..”.

04.03.1992
“……നെച്ചൂ....എന്തോരു ചൂടാണ്. നാട്ടിലേക്ക് വന്നാലോ എന്ന് തോന്നിപ്പോകുന്നു. നിൻറെ കയ്യീന്ന് കപ്പേം കാന്താരി മുളക് ചമ്മന്തിയും കഴിക്കാൻ കൊതിയാവണു. മുന്നൂറ് ദിർഹം വേണം നേരാംവണ്ണം ഭക്ഷണം കഴിക്കാൻ. ബാക്കി മുന്നൂറ് കൊണ്ടെന്തോ ചെയ്യാനാ...അച്ചാറും ഖുബ്ബൂസും കഴിച്ച് മടുത്തു…

“…..നെച്ചൂ...ഉറക്കം വരണില്ല. ഡ്രെയിനേജ് പൊട്ടിക്കിടക്കണത് നന്നാക്കാം നന്നാക്കാം എന്ന് ക്യാമ്പ് ബോസ് പറഞ്ഞ് തുടങ്ങിയിട്ട് നാളേറെയായി. നാറീട്ട് കിടക്കാൻ വയ്യ. കൊതുകാണേൽ പറയാനൂല്ല. എൻറന്നമ്മോ..നീയാ മുടിയഴിച്ചിട്ടൊന്ന് വന്നേ..ഞാനാ വാസനയ്ക്കിടയിൽ മുഖമൊന്ന് പൂഴ്ത്തട്ടെ…..”

17.05.1992
“…..നെച്ചൂ...ഫയർ ഫൈറ്റിങ് പൈപ്പിൻറെ വാൽവ് നന്നാക്കി കൊണ്ടിരുന്നപ്പോൾ ഒരു പച്ചിലക്കുതിര ചാടി വന്നു. അപ്പൊ അന്നമ്മോ നിന്നെ ഞാനോർത്തു. റൂം വരെ കൊണ്ട് വരാൻ ഞാൻ ആ പച്ചിലക്കുതിരയെ പോക്കറ്റിലിട്ടിരുന്നു. പക്ഷേ അത് വഴിയിലെങ്ങോ വീണ് പോയി. പച്ചിലക്കുതിര മേലേക്ക് പറന്ന് വന്നിരുന്നാൽ അയാൾക്ക് ഉടനെ പണം കിട്ടുമെന്ന് നീ പറഞ്ഞിരുന്നില്ലെ. അങ്ങനെ നിനക്ക് ഐശ്വര്യമുണ്ടാകാൻ ഒരു പച്ചിലക്കുതിരയെ പിടിച്ച് ഞാൻ നിന്‍റെ മേലേക്ക് പറത്തി വിട്ടതോർക്കുന്നോ. ഈ വെന്ത് നീറുന്ന മണൽക്കാഴ്ചകളിൽ നിന്ന് മുഖം തിരിക്കുമ്പോൾ എനിക്കിതൊക്കെയേ ഓർക്കാനുള്ളൂ….

പച്ചിലക്കുതിരയെ എടുത്ത് കളയെന്നും പറഞ്ഞ് നീ അലറിക്കരഞ്ഞപ്പൊ.. ഞാനെടുത്ത് കളഞ്ഞത്. പിന്നെ ഒരാഴ്ചയെനിക്ക് നീ മുഖം തന്നില്ല. പിന്നെ എന്നെ കണ്ടപ്പൊ എന്തിനായിരുന്നെന്‍റന്നമ്മോ നിൻറെ മുഖം ചുവന്ന് തുടുത്തിരുന്നത്.

21.08.1992
നെച്ചൂ..ഒരു സന്തോഷണ്ട്..പാർട് ടൈമായി മറ്റൊരു ജോലി കൂടി കിട്ടിയെനിക്ക്. രണ്ട് മണിക്കൂർ. എൻറെ വീട്ടില് പറയണ്ടാട്ടൊ. ഉപ്പാക്ക് സങ്കടാവും. ബാത്റൂം ക്ളീൻ ചെയ്യുന്ന പണിയാ. അടുത്ത മാസം ഉപ്പായ്ക്കിത്തിരി കാശയച്ച് കൊടുക്കാല്ലോ. ബാത്റൂം കഴുകാൻ പോകുമ്പോൾ കുളി നടത്തും. വെള്ലം തറയിൽ വീഴുന്ന ശബ്ദം കേൾപ്പിക്കാതെ തറയിൽ കുന്തിച്ചിരുന്നൊരു കുളികുളിക്കും. നമ്മുടെ ചാക്കോത്തിപ്പുഴയിലെ മുങ്ങാംകുഴിയിടലൊക്കെ നീയോർക്കുന്നോ. ഞനൊന്നും മറന്നിട്ടില്ല. നീ ആദ്യായിട്ട് മറയ്ക്കിരുന്നിട്ട് ഏഴാം ദിവസം കുളിപ്പിക്കാൻ കടവിൽ കൊണ്ട് വന്നപ്പം, അത്രയും നാൾ കാണാതിരുന്ന നിന്നെ കാണാൻ കൈതക്കാട്ടിന്‍റരികെ കാത്ത് നിന്നത് നീയോർക്കുന്നുണ്ടോ. നിന്‍റെ എഴുത്തൊക്കെ വായിച്ച് വായിച്ച് കീറിത്തുടങ്ങിയിരിക്കുന്നു.

03.11.1992
നെച്ചൂ....നെഞ്ച് പൊട്ടണു. ഇന്ന് വെള്ളം കുടിക്കാൻ കൊതിച്ച് കൊതിച്ച് തൊണ്ട വരണ്ടു. പാർട് ടൈം ജോലി കഴിഞ്ഞ് വന്നപ്പോൾ എൻറെ കൂടെയുള്ളവർ കമ്പനി വാഹനത്തിൽ ജോലിയ്ക്ക് പൊയ്ക്കഴിഞ്ഞിരുന്നു. കമ്പനിയിൽ വൈകിട്ട് മൂന്ന് മുതൽ വെളുപ്പിന് ആറ് വരെയാണ് ജോലി. വാട്ടർ ഫിൽട്ടറിലാണെങ്കിൽ വെള്ലവുമില്ല. ടോയ്ലെറ്റിൽ വരെ നോക്കി. മടുത്തു. ജീവിക്കാനൊരാശയില്ലാതെ പോകുന്നു. നീ പോലും എൻറെ സ്വപ്നങ്ങളിൽ നിന്ന് അകന്ന് പോകുന്നു. ഞങ്ങളുടെ ക്യാമ്പിനടുത്ത് ഒരു കട പോലുമില്ല. കമ്പനിയിലേക്ക് രണ്ട് മണിക്കൂർ യാത്രയുണ്ട്. പാർട് ടൈം ജോലിക്ക് പോയത് കൊണ്ടാണ് താമസിച്ചതെന്ന് കമ്പനി മാനേജരറിഞ്ഞാൽ ജോലി തന്നെ പോയെന്നിരിക്കും. പുറത്ത് കത്തിയെരിയുന്ന ചൂടാണ്. റോഡിലേക്കെത്താൻ ഒരു വാഹനം കിട്ടണമെങ്കിൽ മൂന്ന് കിലോമീറ്റർ നടക്കണം. ചുറ്റിലും എൻറെ മനസ്സ് പോലെ ശൂന്യമായ വെന്തുരുകുന്ന മണ്ണ് മാത്രം.

ഷെമ്മൂന് കുട്ടിയുണ്ടായെന്ന് ഉപ്പാന്‍റെ കത്തിലുണ്ടായിരുന്നു. ഉണ്ടായിരുന്ന കാശ് അവൾക്കായി ഉപ്പയ്ക്ക് അയച്ചുകൊടുത്തു. കയ്യിൽ നയാ ദിർഹമില്ല. അടുത്തുള്ല റൂമിലെല്ലാം ഈജിപ്തുകാരാണ്. കാശ് കൊടുത്ത് വാങ്ങിക്കുന്ന വെള്ലമായതിനാൽ ചോദിച്ചാലും ഒളിപ്പിച്ച് വെച്ചിട്ട് ഇല്ലെന്ന് പറയും. മുൻ അനുഭവങ്ങളുളളതാണ്. തൊണ്ടക്കുഴിയിലെ ദാഹം മോഷ്ടിക്കാൻ വരെ തോന്നിപ്പിച്ചു കളഞ്ഞു.

ഞാൻ തൊട്ടടുത്ത മുറിയിൽ ചെന്ന് വാതിൽ തള്ളിത്തുറന്നപ്പോൾ കണ്ട രൂപം എന്നെ ഭയപ്പെടുത്തി. മുട്ട് പൊക്കിളിനിടയ്ക്ക് ഒരു തുണ്ട് വസ്ത്രം ഇടുപ്പിൽ നിന്നഴിഞ്ഞ് വീണ് കിടപ്പുണ്ട്. കുമിളകൾ നിറഞ്ഞ തടാകം പോലെ ദേഹം മുഴുവൻ പോളച്ച കുരുക്കൾ കൊണ്ട് നിറഞ്ഞിരിക്കുന്നു.. വിയർപ്പ് കണങ്ങൾ ഇററ് നനഞ്ഞ ഷീറ്റ്. വേവുന്ന ചൂടാണാമുറിയിലും. എന്നെ കണ്ടയുടനെ കണ്ണ് തുറിച്ച് കൈകൾ വീശി പുറത്തേയ്ക്ക് ആട്ടിയോടിച്ചു. ദേഹം മുഴുവൻ കയ്യോടിച്ച് രോഗത്തിൻറെ കാഠിന്യം ബോധ്യപ്പെടുത്താൻ ശ്രമിക്കുകയാണ്. ചിക്കൻപോക്സായിരുന്നു.

ആ അവസ്ഥയിലും ടേബിളിലിരിക്കുന്ന വെള്ലക്കുപ്പിയിലായിരുന്നു എൻറെ കണ്ണ്. ഞാൻ ആംഗ്യത്തിലൂടെ ഇത്തിരി വെള്ളം ചോദിച്ചു. ആംഗ്യത്തിലൂടെ അനുവാദം തന്നു. ആ റൂമിലുള്ളവർ ഇയാൾക്ക് അസുഖം വന്നപ്പോൾ അടുത്ത റൂമിലേക്ക് ഷിഫ്റ്റ് ചെയ്തിരുന്നു. ഭക്ഷണം ടേബിളിൽ വെച്ചിട്ടാണ് അവർ പോയിരുന്നത്. ഞാൻ വെള്ളം കുടിക്കുന്നത് കണ്ടപ്പോൾ ആ ഭക്ഷണം കൂടി കഴിച്ച് കൊള്ളാൻ പറഞ്ഞു. വിശപ്പ് തീരെയില്ലെന്ന് അയാൾ ആംഗ്യപ്പെട്ടു. വേണ്ടെന്ന് ആദ്യമൊന്ന് മടിച്ചെങ്കിലും പോക്കറ്റ് ശൂന്യമാണെന്ന ബോധം ആ തറയിലിരുന്ന് അത് കഴിക്കാൻ പ്രേരിപ്പിച്ചു.

ഞാൻ അവിടെക്കിടന്ന ഒരു തോർത്തെടുത്ത് നനച്ച് അയാളുടെ ദേഹത്തിലെ വിയർപ്പ് ഒപ്പിയെടുത്തു. ആ ഈജിപ്റ്റുകാരൻറെ കണ്ണ് നിറഞ്ഞൊഴുകുന്നത് കണ്ടപ്പോൾ ഞാനും കരഞ്ഞ് പോയി. വൈകുന്നേരം അയാൾക്ക് പഴം വാങ്ങിയാണ് ഞാൻ വന്നത്. എരിഞ്ഞ് തീരുന്ന ജീവിതങ്ങൾ മാത്രം മുന്നിലുള്ലത് കൊണ്ടാണെന്ന് തോന്നുന്നു ജീവിക്കാൻ ആശ തോന്നുന്നില്ല.

ഫാദൂ...ഈ എഴുത്തുകൾ വായിച്ച് ഞാൻ എത്രയോ കരഞ്ഞിരിക്കുന്നു. തൊണ്ടക്കുഴിയിൽ ദാഹം വന്ന് കുത്തിയപ്പോൾ ഒരിക്കലും മോഷ്ടിക്കരുതെന്ന് പഠിച്ച നീയും പാഠങ്ങൾ തെറ്റിച്ചില്ലേ. അത് പോലെ മരിക്കാൻ പേടിയായിട്ടാണ് ഞാനും പറഞ്ഞ കല്യാണത്തിന് സമ്മതിച്ചത്. എൻറുപ്പ ആ നാട് തന്നെ ഉപേക്ഷിച്ചത് ഇനിയൊരിക്കലും നമ്മൾ തമ്മിൽ കണ്ട് മുട്ടാതിരിക്കാനായിരുന്നു.

എത്തിച്ചേർന്ന നാട്ടിൽ പോസ്റ്റോഫീസ് എട്ട് കിലോമീറ്റർ  ദൂരത്തായിരുന്നിട്ടും ഞാൻ കഷ്ടപ്പെട്ടയച്ച കത്ത് മേൽവിലാസമില്ലാതെ തിരികെ വന്നപ്പോൾ നീയവിടുന്ന് ജോലി മാറിയിട്ടുണ്ടാകുമെന്ന് ഞാനൂഹിച്ചു. പണ്ടത്തെ ഇരുപത് വയസ്സുകാരനെ ഞാൻ പല പേരുകളിലും മീഡിയകളിൽ തിരഞ്ഞിരുന്നു.

എനിയ്ക്കിങ്ങനെ തുറന്ന് പറയാൻ ധൈര്യം കിട്ടിയതെങ്ങിനെയെന്നോ. എൻറെ ഏറ്റവും അടുത്തൊരു സുഹൃത്ത് ഇന്നലെ മരണപ്പെട്ടു.അതെനിയ്ക്കൊരു വല്ലാത്ത ആഘാതമായിരുന്നു. എന്തിനാണ് പറയാനുള്ളതൊക്കെ പറയാതെ ഉള്ളിലൊളിപ്പിച്ചൊരു ജീവിതം എന്ന് ചിന്തിച്ചപ്പോൾ ഇതൊക്കെ എഴുതിപ്പോയതാണ്. ഈ എഴുത്ത് നീ എന്നെങ്കിലും വായിക്കാനിടവരുമെന്ന് പ്രതീക്ഷിക്കുന്നു. എൻറെ ഓർമ്മയിൽ നീയിന്നും ജീവനോടെയുണ്ടെന്നറിയുക ,അത്രമാത്രം.

     എന്ന് നിൻറെ സ്വന്തം നെച്ചൂ....
നസീമ നസീർ(തുമ്പി)