Smiley face

2017, ജൂൺ 16, വെള്ളിയാഴ്‌ച

ഒരു നോമ്പ് ഓർമ്മ.

പുലർച്ചെ ആറ് മണിക്ക് വീട്ടിൽ നിന്നിറങ്ങിയാലേ തൊടുപുഴയിൽ നിന്നും തിരുവനന്തപുരത്തേക്കുളള സൂപ്പർ ഫാസ്റ്റ് കിട്ടൂ. എല്ലാ ആഴ്ച്ച അവസാനവും വീട്ടിൽ വന്ന് ഒരു ദിവസം തങ്ങി തിങ്കളാഴ്ച്ച ഓഫീസിലേക്ക് തിരിക്കുന്നത് ഒരു തത്രപ്പാട് തന്നെയാണ്. 2010 ലെ നോമ്പ് കാലമാണ്. നിനക്ക് നോമ്പ് തുറക്കാനുളളതും കൂടി ഉണ്ടാക്കിക്കൊണ്ട് പൊയ്ക്കൂടെ എന്നുളള ഭർത്താവിൻറെ സ്നേഹമിയലുന്ന വാക്കുകളിൽ ഒളിച്ചിരിക്കുന്ന ധ്വനി എനിക്ക് മനസ്സിലാകുന്നുണ്ട്. ഞങ്ങൾക്കും കൂടി എന്തെങ്കിലും ഉണ്ടാക്കി തന്നിട്ട് പൊയ്ക്കൂടെ എന്നാണ്.

ആകെ കിട്ടുന്ന ഒരവധി ദിവസത്തിൽ വീട്ടിൽ ഒരാഴ്ച്ച കുന്ന് കൂടിക്കിടക്കുന്ന  ജോലികൾ ചെയ്ത് തീർന്ന് കിടന്നപ്പോൾ രാത്രിയേറെയായിരുന്നു. പിന്നീട് നേരത്തെയെഴുന്നേറ്റ് പത്തിരിയുണ്ടാക്കാൻ എനിക്ക് മടിയായിരുന്നു.നിങ്ങളെന്തെങ്കിലും ഉണ്ടാക്കിക്കഴിക്ക്. ഞാൻ അവിടെച്ചെന്നിട്ട് എന്തെങ്കിലും വാങ്ങിച്ചോളാം എന്ന് പറഞ്ഞ് ഞാൻ വീട്ടിൽ നിന്നിറങ്ങി. ഉച്ചയായപ്പോൾ ഓഫീസിൽ എത്തി. വൈകുന്നേരം ഹോസ്റ്റലിലേക്ക് പോകുന്ന വഴിക്കെങ്ങും ഒരു ഷോപ്പ് പോലും ഇല്ല. വെളളയമ്പലത്തുളള ഓഫീസിൽ നിന്നും നടന്ന്, നടന്ന് തിരുവനന്തപുരം സൂവിനകത്തുളള നടപ്പാതയിലൂടെ നടന്ന് പി എം ജി ജങ്ക്ഷനിലുളള മസ്ക്കറ്റ് ഹോട്ടലിന് പിറകിൽ മുഖ്യമന്ത്രിയുടെ കൻറോൺമെൻറ് ഹൌസിനോട് ചേർന്നുളള വർക്കിങ് വിമൺസ് ഹോസ്റ്റലിൽ എത്തി. അവിടെയാണ് താമസം.

കുളിച്ചു. ളുഹറും, അസറും ഖളാവീട്ടി നമസ്ക്കരിച്ചു. ഓണക്കാല അവധി പ്രമാണിച്ച് പത്ത് ദിവസത്തേക്ക് ഹോസ്റ്റൽ കിച്ചൺ വർക്കേഴ്സ് അവധിയിലാണ്. അത്കൊണ്ട് കിച്ചൺ ഓഫാണ്. പുറത്ത് നിന്നും ഭക്ഷണം കഴിച്ചു കൊളളണം. ഞാൻ പുറത്തേക്കിറങ്ങി. ആലപ്പുഴയിലെ സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് ഡയറക്ടറേറ്റിൽ നിന്നും,തിരുവനന്തപുരത്ത് ഷെഡ്യൂൾഡ് കാസ്റ്റ് ഡെവലപ്മെൻറ് ഡയറക്ടറേറ്റിൽ മറ്റൊരു പോസ്റ്റിൽ നിയമിതയായിട്ട് അധിക നാളായിട്ടില്ല. നഗരം പരിചിതമായി വരുന്നേയുളളൂ. പി എം ജി റോഡിലൂടെ ഏറെ ദൂരം നടന്നിട്ടും ഒരൊറ്റ ഷോപ്പ് പോലും കാണാതെ തിരികെ നടന്നു. പിന്നീട് നിയമ സഭാ മന്ദിരത്തിന് മുന്നിലെ റോഡിലൂടെ നടന്നു. നിരാശയോടെ തിരികെ നടന്നു. സന്ധ്യ മയങ്ങും നേരം, അപരിചതയെപ്പോലെ തനിച്ച് ഓട്ടോയിൽ കയറാൻ ഭയവും. പാളയം മാർക്കറ്റ് റോഡിലൂടെയും നടന്ന് ഷോപ്പ് കണ്ടെത്താനാകാത്ത നിരാശയിൽ തിരികെ നടന്നു. ആ നടത്തം കുറച്ച് കൂടി മുന്നോട്ട് നടന്നിരുന്നെങ്കിൽ മാർക്കറ്റിൽ എത്തുമായിരുന്നെന്ന് പിന്നീട് നഗരം പരിചിതമായപ്പോൾ മനസ്സിലായി. ഓഫീസിൽ നിന്ന് വന്നത് സൂ റോഡിലൂടെ ആയിരുന്നത് കൊണ്ട് ആ ദിശ ഉപേക്ഷിച്ചു.

നടപ്പിൻറെ ക്ഷീണം കൊണ്ട് നോമ്പ് വലഞ്ഞു. ഹോസ്റ്റലിലേക്ക് തിരിയുന്ന വളവിൽ ഉന്തുവണ്ടിയിൽ ഒരാൾ റമ്പുട്ടാൻ കിലോ മുന്നൂറ് എന്ന് വിളിച്ചു പറയുന്നു. ഞാൻ അരക്കിലോ റമ്പുട്ടാൻ വാങ്ങി. വായിലിട്ട് നൊട്ടി നുണഞ്ഞ് തുപ്പിക്കളയുന്ന കുറച്ച് കായകളും കൊണ്ട് ക്ഷീണിതയായി ഞാൻ റൂമിലേക്ക് നടന്നു. നടന്ന് പോകവേ വഴിയരികിൽ പച്ചപ്പ് മാറാത്ത, ഇളം മഞ്ഞ തോന്നിപ്പിക്കുന്ന ഒരു ചെറു നാരങ്ങ വീണു കിടക്കുന്നു. ആരുടേയാ കയ്യിൽ നിന്ന് വീണ് പോയതാകാം. ഞാൻ തെക്കും പൊക്കും നോക്കിയില്ല. അത് കുനിഞ്ഞെടുത്തു. ഇപ്പോൾ നോമ്പ് തുറ വിഭവങ്ങൾ രണ്ട്.

മൂന്ന് പേർക്കുളള റൂമിൽ ഞാൻ മാത്രമാണ് ഉണ്ടായിരുന്നത്. ഒരാൾ ഓണാവധിയ്ക്ക് വീട്ടിൽ പോയിരുന്നു. ഒരു ബെഡ് വേക്കൻറും. ആ ഹോസ്റ്റലിൽ അഞ്ച് നിലകളിലായി നുറ്റമ്പതോളം അന്തേവാസികളുണ്ടായിരുന്നു. പക്ഷേ ഓണാവധി പ്രമാണിച്ച് പലരും വീടുകളിലേക്കും, മറ്റ് ഹോസ്റ്റലുകളിലേക്കും മാറിയിരുന്നു. അവശേഷിക്കുന്നവർ ജോലിയിടങ്ങളിൽ നിന്ന് വരുമ്പോൾ ഭക്ഷണം വാങ്ങിക്കൊണ്ടും വന്നിരുന്നു. ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ വേണ്ടി എൻറെ കൂടെ പൂറത്ത് വരാമോ..’ എന്ന് ചോദിക്കാൻ തക്ക ബന്ധമൊന്നും അക്കാലത്ത് ആരുമായും വളർന്നിട്ടുമില്ലായിരുന്നു. (എന്നാൽ പിന്നീട് നടന്ന ഹോസ്റ്റൽ ഡേ യിൽ ഞാൻ രണ്ട് പ്രോഗ്രാമുകളിൽ  പെർഫോം ചെയ്തിരുന്നു. അതിന് ശേഷം എന്നെ അറിയാത്തവരാരും ഇല്ലായിരുന്നു. ഒരു തമിൾ സ്ളാങ്ങുളള ഡോക്ടർ എന്നെ അഭിനന്ദിക്കാനായി രാത്രി രണ്ട് മണിക്ക് വാതിലിൽ മുട്ടി വാതിൽ തുറപ്പിച്ച് അതൊന്ന് കൂടി പെർഫോം ചെയ്യാമോ എന്ന് ചോദിച്ചത് ഞാനിപ്പോൾ ഓർക്കുന്നു. പഴയതൊക്കെ ഒന്ന് ഓർക്കാനായി ഞാൻ ആ വീഡിയോ കാണാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷെ കരഘോഷങ്ങൾക്കിടയിൽ നിന്നും അന്ന് ഞാൻ പറഞ്ഞ വാക്കുകളൊന്നും വേർതിരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ലേഡീസും ഇത്ര ഉച്ചത്തിൽ വിസിലടിക്കുകയും കമൻറടിക്കുകയും ചെയ്യുമെന്ന് അന്നാണ് ഞാനറിഞ്ഞത്. ഞാൻ ഒരു കൊമേഡിയനല്ലെങ്കിലും പിന്നീട് ചിലർ എന്നെക്കാണുമ്പോൾ ചിരിച്ച് കുഴഞ്ഞ് മറിഞ്ഞ് വീഴാൻ പോകുന്നതൊക്കെ കണ്ടിരുന്നു.) ഓർമ്മകൾ ഡൈവേർട്ട് ചെയ്യുന്നുവല്ലേ...തിരികെ വരാം.

റൂമിലെത്തി ബാങ്ക് വിളിച്ചു. ബാങ്ക് വിളിച്ചാൽ എത്രയും പെട്ടെന്ന് നോമ്പ് തുറക്കണമെന്നാണ്. കിച്ചൺ ഓഫായത്കൊണ്ട് ശുദ്ധമായ വെളളം എടുക്കാൻ ഞാൻ അവിടേക്ക് പോയില്ല. വെളളത്തിൻറെ ഉറവിടം ഏതെന്നും എനിക്കറിയില്ലായിരുന്നു. ഒരു ബോട്ടിൽ വെളളം വാങ്ങി വരണമായിരുന്നെന്ന ബോധവും ഇങ്ങനെയൊരു സാഹചര്യം ഉണ്ടാകുന്നത് വരെ എനിക്ക് തോന്നിയിട്ടുണ്ടായിരുന്നില്ല.

ഞാൻ ബാത്റൂമിൽ പോയി ഒരു ഗ്ലാസ് വെളളമെടുത്ത്കൊണ്ട് വന്ന് കയ്യിലിരുന്ന നാരങ്ങ പിഴിഞ്ഞു. ടേബിളിലിരുന്ന ചേച്ചിയുടെ ഭരണിയിയിൽ നിന്നും രണ്ട് സ്പൂൺ പഞ്ചസാരയെടുത്ത് അതിലിട്ട് നാരങ്ങാ വെളളം ഉണ്ടാക്കി. നോമ്പ് തുറക്കാൻ ലഭ്യമാക്കിയ ഭക്ഷണത്തിന് അളളാഹുവിന് നന്ദി പറഞ്ഞുകൊണ്ട്, ബിസ്മി ചൊല്ലി ഞാൻ നാരങ്ങാ വെളളം കുടിച്ചു. പഞ്ചസാരയുടെ കൂടെ അൽപ്പം ഉപ്പും ചേർത്ത നാരങ്ങാവെളളമായിരുന്നു എനിക്കിഷ്ടം. ഇനി ആ ഇഷ്ടത്തിന് ഒരു കുറവും വരുത്തേണ്ടെന്ന് കരുതി യഥേഷ്ടം കണ്ണുനീർ ഗ്ലാസിലേക്ക് വീണു. ( ദേ....ഈ കണ്ണ് ഇത് എഴുതുമ്പോഴും കീബോർഡിലേക്ക് വെളളം വീഴ്ത്തണൂട്ടോ...) അത് വരെ ബാത്റൂമിലെ വെളളം പല്ല് തേക്കാൻ നേരം വായിൽ കൊളളാനാണ് ഉപയോഗിച്ചിരുന്നത്. പക്ഷേ ഇപ്പോഴാണ് ശരിക്കും രുചിയറിഞ്ഞത്. ക്ളോറിൻ ചുവച്ചിട്ട് താഴേക്ക് ഇറക്കാൻ തോന്നുന്നില്ല. ഞാനത് മുഴുവൻ കുടിച്ചില്ല. നമസ്ക്കരിച്ചു. സുജൂദിൽ കണ്ണുകൾ പായ നനച്ചുകൊണ്ടേയിരുന്നു. (ആവശ്യമില്ലാത്ത ഈ വെളളം, ആവശ്യമില്ലാത്ത സമയത്തും , ഇപ്പോഴും, എപ്പോഴും സുലഭമാണ്).

നമസ്ക്കാരം കഴിഞ്ഞ് റമ്പുട്ടാൻറെ ചില കായകൾ പൊളിച്ച് നൊട്ടി നുണഞ്ഞ് കൊണ്ടിരുന്നപ്പോഴും എനിക്ക് വിശപ്പ് തോന്നിയില്ല. സങ്കടം മനസ്സിനെ മദിക്കുമ്പോൾ വിശപ്പ് കെടുമല്ലോ. ഭക്ഷണത്തെ അതിയായി ആഗ്രഹിക്കുന്ന ആളല്ല ഞാൻ. എന്നിട്ടും. വീട്ടിൽ നിന്ന് വിളിച്ചപ്പോൾ ഞാൻ നോമ്പ് തുറ വിശേഷങ്ങൾ പങ്ക് വെച്ചില്ല. പറയാൻ കണ്ണും, തൊണ്ടയും, മനസ്സും സമ്മതിച്ചില്ല. ഇത് വരെയും പങ്ക് വെച്ചിട്ടില്ല. പറഞ്ഞാൽ പറയും, അന്ന് ഞാൻ പറഞ്ഞില്ലാരുന്നോ ഉണ്ടാക്കിക്കൊണ്ടു പോകാനെന്ന്. ഒരു പുരുഷനാണ് ജോലിസ്ഥലത്തേക്ക് തിരിക്കുന്നതെങ്കിൽ അയാളുടെ കയ്യിൽ വിഭവങ്ങൾ തീർച്ചയായും കാണുമായിരുന്നു. കാരണം അയാൾ ഉറക്കമുണരുമ്പോൾ അയാളറിയാതെ തന്നെ ഭാര്യ വിഭവങ്ങൾ അയാളുടെ ബാഗിൽ വെച്ചിട്ടുണ്ടാകും. (ഞാനും വെച്ചിട്ടുണ്ട്). ഇടയത്താഴത്തിന് വീണ്ടും റമ്പുട്ടാനെ നുണഞ്ഞ് കഴിഞ്ഞ് ഞാൻ ചൊല്ലി, നവൈത്തു സൌമ അദിൻ.....

കുറച്ച് ചിവസങ്ങൾക്ക് ശേഷം സെക്രട്ടേറിയേറ്റിൽ ജോലിയുളള ബുഷ്റ എൻറെ റൂം  മേറ്റായി വരികയും ഞങ്ങൾ വിഭവങ്ങൾ പങ്ക് വെച്ച് കഴിച്ച് പോരികയും ചെയ്തു.