Smiley face

2012, നവംബർ 28, ബുധനാഴ്‌ച

കൊച്ചിയിലേക്കൊരു യാത്ര - മൂന്നാം ഭാഗം


മത്സ്യ  ചന്തയില്‍



5.30 നാണ് ബോട്ട് പുറപ്പെടുന്നത്. ഞങ്ങള്‍ 4.30ന് തന്നെ ഇവിടെ എത്തിയിരിക്കുന്നു. കുട്ടികള്‍ ബജി ആവശ്യപ്പെട്ടപ്പോള്‍ സുഹറ സര്‍ വാങ്ങാന്‍ അനുമതി നല്‍കി. റോഡിനപ്പുറം മീന്‍ വില്‍പ്പനക്കാരികളെ കണ്ടപ്പോള്‍ എനിയ്ക്ക് കൊഞ്ചിനെ കാണാനും പറ്റിയാല്‍ വാങ്ങണമെന്നും തോന്നി. ഞങ്ങള്‍ ഓരോ മീനുകളുടേയും പേരും വിലയും ചോദിച്ചു. ഞങ്ങള്‍ വാങ്ങുന്നവരേക്കാളുപരി സന്ദര്‍ശകര്‍ മാത്രമായിരുന്നു.

 ഫ്രെഷായ മീനുകള്‍ .   ചെമ്മീന്‍ തൂക്കിയല്ല വില്‍ക്കുന്നത്.   ഒരു പങ്കെന്നാണ് പറയുന്നത്. കപ്പല്‍ യാത്ര കഴിഞ്ഞ് വരുമ്പോള്‍ ഇവര്‍ ഇവിടുന്ന് പോയിരിക്കും. ഇപ്പോള്‍ വാങ്ങാമെന്ന് കരുതിയാല്‍ ഈ നാറ്റം യാത്രയിലുടനീളം ഞങ്ങളുടെ കൂടെയുണ്ടാകും. അപ്പോഴാണ് സീനിയര്‍ സൂപ്രണ്ട് പൊളിച്ച താറാവ് മാംസത്തെ കുറച്ച് പറയുന്നത്.   ഞങ്ങള്‍ അങ്ങോട്ട് നടന്നു . 

കാഴ്ച്ച മാത്രമേ നടക്കുന്നുള്ളൂ. വാങ്ങല്‍ നടക്കുന്നില്ല. ഇവിടെ പൊളിച്ച കോഴിയും താറാവും പ്ളാസ്റ്റിക് കവറുകളിലായി പായ്ക്ക് ചെയ്ത് വച്ചിരിക്കുന്നു.  രാത്രി ഞങ്ങല്‍ തിരികെ വരുമ്പോള്‍ കച്ചവടം തീര്‍ന്നിരിക്കുമെന്ന് അവര്‍ പറഞ്ഞു. കിലോയ്ക്ക് 60 രൂപ. ഓരോ  പാക്കറ്റിലും 2 കിലോ വീതം. നോക്കി നില്‍ക്കെ ആളുകളുടെ തിരക്ക് വര്‍ദ്ധിക്കുന്നു. പിന്നെ ആ തിരക്ക് ക്യൂ ആയി മാറുന്നു. ഞങ്ങളുടെ മത ചിന്ത പെട്ടെന്നുണര്‍ന്നു. അറുത്ത് രക്തം ഒഴുക്കി കളഞ്ഞ മാംസമേ കഴിക്കാവൂ. സൃഷ്ടി കര്‍ത്താവ് ആഹരിക്കാന്‍ അനുവദനീയമാക്കിയ ആഹാരത്തെ ആ സ്രഷ്ടാവിന്റെ നാമത്തില്‍ തന്നെ അറുക്കണം. അവര്‍ ആ രീതിയിലാണോ തയ്യാറാക്കിയിരിക്കുന്നത്. പെട്ടെന്ന് തീരുമാനമായി.  വേണ്ട.

ബോട്ടിനരികിലെത്തിയപ്പോള്‍ ഷിജാസ് ടിക്കറ്റ് നീട്ടുന്നു. ആരോ പറയുന്നു; “ബോട്ട് അഞ്ചിന് പുറപ്പെടും. ബോട്ടില്‍ കയറിയിരിക്കുക’’.ഞങ്ങള്‍ മൊബൈലില്‍ സമയം നോക്കി. 4.45. ബജി വാങ്ങാന്‍ പോയ കുട്ടികളെ കാണുന്നില്ല. വീണ്ടും പരിഭ്രാന്തി, അന്വേഷണം. ഞാനും നസിയയും അവരെത്തേടി യാത്ര തുടങ്ങിയപ്പോള്‍ ആശ്വാസത്തിനായി ഷാജിച്ചേട്ടനും കൂടെ ക്കൂടി. ഞങ്ങള്‍ ജെട്ടിയിലേയ്ക്ക് വന്ന റോഡിന് സമാന്തരമായുളള മറ്റൊരു റോഡിലൂടെ എതിര്‍ദിശയിലേക്ക് നടന്നു. ഇടവും വലവും നോക്കി നടന്നപ്പോള്‍ ഞാന്‍ ചിന്തിച്ചു; ഈ ബോട്ട് യാത്ര എനിയ്ക്ക് വിധിച്ചിട്ടില്ല. അവരെത്തേടി മടങ്ങുമ്പോള്‍ ഞങ്ങളെ ക്കൂടാതെ ബോട്ട് പുറപ്പെടും.

 നടന്ന്, നടന്ന് ആദ്യം ബസില്‍ നിന്നിറങ്ങിയ റോഡിലെത്തിച്ചേര്‍ന്നു. നസിയ ഇടയ്ക്കിടെ പറയുന്നുണ്ട്;  അവര്‍ ഇപ്പോള്‍ ബോട്ടില്‍ എത്തിയിട്ടുണ്ടാവും. ജെട്ടിയ്ക്കടുത്തെതതിയപ്പോള്‍ ഒരു ഫോണ്‍ കോള്‍ ; സുഹറ സാറിന്റെ .‘അവര്‍ എത്തി'. ഞങ്ങളുടെ ഓട്ടം കണ്ട് വഴിയിലാരോ വിളിച്ച് പറഞ്ഞു; ‘ബോട്ട് 5.30 ന് ആണ്'.

അങ്ങനെ അവസാനത്തെ ആളുകളായി ഞങ്ങളും ബോട്ടില്‍ കയറി.മുകള്‍ നിലയിലായിരുന്നു ഞങ്ങളുടെ ഗ്രൂപ്പ്. ഒരു വേദിയിലെത്തിയാല്‍ മുന്‍വശം ഒഴിച്ചിട്ട് പിറകിലെ സീറ്റ് പിടിക്കുക എന്ന നയം ഇവിടേയും പാലിച്ചിരുന്നു. ഞങ്ങളേയും കാത്ത് മുന്‍ വശത്തെ ഒരു നിര സീറ്റ് ഒഴിഞ്ഞ് കിടന്നിരുന്നു. ഞാന്‍ കുട്ടികളോട് ഒരു നോട്ടത്തിലൂടെ എന്റെ ദേഷ്യം അിറയിച്ചപ്പോള്‍ അവര്‍ ബജി വച്ചു നീട്ടി. ഇനി വാക്കുകള്‍ വേണ്ട. ഇടത് സൈഡില്‍ തൊടുപുഴക്കാരും, വലത് സൈഡില്‍ തിരുവനന്തപുരംകാരുമായിരുന്നു ഇരുന്നത്. ഞങ്ങള്‍ക്ക് തിരുവനന്തപുരം കാരുടെ മുന്‍സീറ്റിലാണ് ഇരിപ്പിടം ലഭിച്ചത്. ഏകദേശം നൂറോളം ആളുകള്‍ ഞങ്ങളുടെ ഫ്ളോറിലുണ്ടായിരുന്നു.
                   
സാഗര റാണിയില്‍

ബോട്ടില്‍ വച്ച് ഞങ്ങളോടൊപ്പം ചേര്‍ന്ന യാത്രാംഗങ്ങളായിരുന്നു; ഷൈനും ഫാമിലിയും. അവിവാഹിതനായ പയ്യന്‍ എന്ന് ഞാന്‍ ധരിച്ചിരുന്ന ആ ചെറുപയ്യന്‍ ഇരട്ടക്കുട്ടികളുടെ അച്ഛനും ഒരു ഭാര്യയുടെ ഭര്‍ത്താവുമാണെന്ന അറിവ് എനിയ്ക്ക് പുത്തനായിരുന്നു. അത് പോലെ വിജേഷിന്റെ കൂടെ വളരെ നേരമായി കൂട്ട് കൂടി  നടന്ന പയ്യന്‍ എന്റെ മകനാണെന്ന അറിവും പലര്‍ക്കും പുതുമയുള്ളതായിരുന്നു. ഓഫീസുകളിലെ തിരക്കുകളില്‍ പരസ്പരം അറിയാനുള്ള അവസരങ്ങള്‍ കുറവാണ്. അതിനെ മാറ്റി മറിക്കുന്നതാണ് ഇത്തരത്തിലുള്ള യാത്രകള്‍ .

ബോട്ടിന്റെ മുന്‍വശത്തായി സ്റേജ് പെര്‍ഫോമേഴ്സിന് വേണ്ടി സ്ഥലം ഒഴിച്ചിട്ടുണ്ടായിരുന്നു. എങ്കിലും സ്റേജിന്റെ ഇരുസൈഡുകളിലും കസേരകള്‍ ഉണ്ടായിരുന്നു. മുന്‍വശത്ത് മ്യൂസിക് സിസ്റവും സ്റാന്റും ,മൈക്കും എല്ലാം സെറ്റ് ചെയ്തിട്ടുണ്ട്. സ്റാന്‍ഡില്‍ ഒരു ബുക്ക് കിടന്നത് ഞാന്‍ മറിച്ച് നോക്കി. ഊഹിച്ചത് പോലെ പാട്ടുകളുടെ ശേഖരമായിരുന്നു അത്. വ്യത്യസ്ത താല്‍പ്പര്യക്കാരുടെ ആവശ്യാര്‍ത്ഥം ഗായകര്‍ എഴുതി വച്ചിട്ടുള്ളതാവാം ആ ഗാനങ്ങള്‍ .

തിരുവനന്തപുരംകാരും, തൊടുപുഴക്കാരും സ്റേജില്‍ വന്ന് നിന്ന് വേദിയിലിരിക്കുന്നവരുടെ ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു.   കൃത്യം 5.30 ന് തന്നെ ബോട്ട്, യാത്രയ്ക്കൊരുങ്ങി. ടൂറിസ്റ് ഗൈഡും അതിലുപരി ഗായകനുമായ ശ്രീ. അഫ്സല്‍ മൈക്ക് കയ്യിലെടുത്ത് ആകമാനം ഒന്ന് വീക്ഷിച്ച് വിവരണം ആരംഭിച്ചു.  

അതിനിടയില്‍ ഞങ്ങള്‍ക്ക് ചായയും പലഹാരങ്ങളുമായി സപ്ളയര്‍ എത്തി. നല്ല ഏലയ്ക്കാ ചായ, ഉഴുന്ന് വട, കേക്ക്, ബബ്ളൂ  എന്നിവയായിരുന്നു വിഭവങ്ങള്‍ .

എല്ലാം ആസ്വദിക്കണമെങ്കില്‍ അത്യന്താപേക്ഷിതമായി നമുക്ക് വേണ്ടത് ജീവനാണെന്ന മുന്നറിയിപ്പോടെ ഗൈഡ്,എല്ലാവരോടും ലൈഫ് ജാക്കറ്റ് ധരിക്കാന്‍ ആവശ്യപ്പെട്ടു. ജീവനില്‍ കൊതിയുള്ളവരും,നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ കൃത്യതയുള്ളവരും ലൈഫ് ജാക്കറ്റ് എടുത്തണിഞ്ഞു.   

ചിലര്‍ അത് ധരിച്ചതിന് ശേഷം അസ്വസ്ഥതയോടെ ഊരിമാറ്റി. ഞാന്‍ മിക്കപ്പോഴും ശുഭാപ്തി വിശ്വാസക്കാരിയാണ്. വീട്ടില്‍ തിരിച്ചെത്തും എന്ന ഉറപ്പില്‍ ലൈഫ് ജാക്കറ്റിനെ അവഗണിച്ചു. എല്ലാവരും ധരിക്കുന്നുണ്ടോ എന്നറിയാന്‍ പിറകിലേയ്ക്ക് തിരിഞ്ഞ് നോക്കിയപ്പോള്‍ കുമാരി അനിതയുടെ ആംഗ്യവിക്ഷേപങ്ങളിലൂടെ  ‘ഞാല്‍ കടലില്‍ വീണ് ചത്താലും ഇത് ധരിക്കില്ല. ടൈറ്റാനിക്കിന്റെ കാലത്തെങ്ങോ നിര്‍മ്മിച്ചതാണിത്. അത്രയ്ക്ക് അഴുക്കുണ്ടതില്..' ഏന്ന് പറയുന്നതായി ഞാന്‍ ഊഹിച്ചു. ഊഹത്തില്‍ ഞാന്‍ .....

പേരറിയാത്ത പലഹാരം.


നദിയും, കായലും, കടലും സംഗമിക്കുന്നു.

ബോട്ട് കായല്‍ പരപ്പിലൂടെ തെന്നി നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ഇരുവശങ്ങളിലുമായി കൊച്ചി നഗര സൌധങ്ങള്‍ കൂട്ടം കൂടി ഒഴുകി മാറിക്കൊണ്ടിരുന്നു.   ഇടയ്ക്കിടെ കാണുന്ന പച്ചത്തുരുത്തുകള്‍ ചൂണ്ടി ശ്രീ അഫ്സല്‍ വിവരണം തുടര്‍ന്നു കൊണ്ടേയിരുന്നു. 9 ദ്വീപുകളുടെ ഒരു സമുച്ചയമാണ് കൊച്ചി. 3.5 കിലോമീറ്ററോളം പശ്ചിമകൊച്ചി എന്നാണ് അിറയപ്പെടുന്നത്. ചില സോണുകളെ പൈതൃക മേഖലയായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. 100 വര്‍ഷം പഴക്കമുള്ള പൈതൃക സമ്പത്തുക്കളെ പൊളിച്ച് മാറ്റരുതെന്ന് സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. 

ചിലഭാഗങ്ങളില്‍ കായല്‍ പരപ്പിന് മീതെ മണല്‍ കൂന കൂട്ടിയിട്ടിരിക്കുന്നു. മണ്ണ് മാന്തിക്കപ്പല്‍ ഉപയോഗിച്ച് കടലിന്റെ ആഴം കൂട്ടാനുള്ള ശ്രമത്തില്‍ ഉണ്ടായതാണ് ഇത്. ഈ മണല്‍ മറ്റ് കപ്പലുകള്‍ വന്ന് ആഴക്കടലിലേയ്ക്ക് കൊണ്ട് പൊയ്ക്കൊള്ളും. ഒരു തിരുവനന്തപുരം പയ്യന്‍ ആ മണല്‍ കൂനയെ ചൂണ്ടി വീണ്ടും അതെന്താണെന്ന് ചോദിച്ചപ്പോള്‍ അഫ്സല്‍ അസ്വസ്ഥത വെളിപ്പെടുത്തി.‘പറയുമ്പോള്‍ ശ്രദ്ധിക്കുക. നിങ്ങള്‍ മറ്റ് വല്ലതും ശ്രദ്ധിച്ചിരിക്കരുത്'. രണ്ടാമതൊരു സംശയം ചോദിക്കാനുള്ള അവസരം ഈ 250 രൂപ ടിക്കറ്റിനില്ലെന്ന തിരിച്ചറിവില്‍ എന്റെ മനസ്സ് അസ്വസ്ഥതപ്പെട്ടു.

അഫ്സല്‍ ഇത്തിരി കൂടുന്നൂട്ടൊ.. ..

കൊച്ചിയുടെ ഒരു പ്രത്യേകതയാണ് നദിയും കായലും, കടലും ഒന്നിച്ചുചേരുന്നുവെന്നത്. അത് ഏതൊക്കെയാണെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ , സൂപ്രണ്ട് ഇല്ല്യാസ് സര്‍ ‘അത് ഒന്നു കൂടി പറയൂ' എന്ന് ആവശ്യപ്പെട്ടു. അപ്പോള്‍ ടൂര്‍ ഓപ്പറേറ്റര്‍ , ‘ഹൊ എന്റ മാഷേ ഈ ഫ്രണ്ടില്‍ വന്നിരിക്കൂ' എന്ന് നീരസപ്പെട്ടു. ഞാനും രണ്ടാമതതൊന്നു കൂടി കേള്‍ണമെന്ന് ആഗ്രഹിച്ചിരുന്നു. എനിയ്ക്ക് കിട്ടാനുള്ളത് സൂപ്രണ്ടിന് കിട്ടി. എനിയ്ക്കത് അത്ര പിടിച്ചില്ല. സാറിന്റെ സംശയം സന്ദര്‍ഭോചിതമായിരുന്നു. ഭരണഘടനയില്‍ എത്രയോതരം സ്വാതന്ത്യ്രത്തെ ക്കുറിച്ച് പറയുന്നു. ഇത് വെറുമൊരു സംശയം. അഫ്സലേ.. നീയിത്തിരി കൂടുന്നുണ്ട് കേട്ടോ.

ഗൈഡ് മറുപടി പറഞ്ഞെങ്കിലും, സൂപ്രണ്ട് ചിരിച്ചുകൊണ്ട് സന്ദര്‍ഭത്തിന് ലാഘവം വരുത്തിയെങ്കിലും എനിയ്ക്കത്ര ലാഘവമൊന്നും തോന്നിയില്ല. ടിക്കറ്റിന്റെ മൂല്യം കാഴ്ച്ച കൊണ്ട് മാത്രമല്ല നേടാനുള്ളത്. യാത്രികരുടെ ന്യായമായ സംശയം നല്ല രീതിയില്‍ ദൂരീകരിക്കാനുള്ള കടമ ഗൈഡിനുണ്ട്.  പിന്നെ സംഘബലവും ആയുധ ബലവുമുള്ളവരോടേ യുദ്ധം ചെയ്യാവൂ എന്ന തത്ത്വം മാനിച്ച് ഞാന്‍ പിന്നണിയില്‍ ആളെക്കൂട്ടുന്നില്ല..

പല തരത്തിലുള്ള ഗ്രൂപ്പുകളെ നയിക്കുമ്പോള്‍ ഗൈഡുകളെ കുഴയ്ക്കാനുള്ള ചോദ്യം വക്രബുദ്ധികള്‍ ചോദിച്ചിട്ടുണ്ടാവാം. ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ച വെള്ളം കണ്ടാലും പേടിക്കണോ. അത് കൊണ്ടാവാം ഈ അഫ്സലും സ്വയം പ്രതിരോധം സൃഷ്ടിച്ച് നില്‍ക്കുന്നത്. ‘കൊച്ചി കണ്ടവന് അച്ചി വേണ്ടെന്ന് പറയുന്നത് ശരിയാണോ?!’. എന്ന തിരുവനന്തപുരം പയ്യന്റെ ചോദ്യത്തിന് ഉടന്‍ വന്നു മറുപടി.‘ സ്വന്തം അച്ചിയോട് കൂറില്ലാത്തവന് കൊച്ചിയല്ല എവിടെപ്പോയാലും അച്ചിയെ വേണ്ടെന്ന് തേന്നും. എന്റെ മോനേ ഇത് പോലെ എത്ര ചോദ്യം ഞാന്‍ കേട്ടിരിക്കുന്നു'. ഊഹം ശരി തന്നെ. ചൂടുവെള്ളത്തില്‍ വീണിട്ടുണ്ട്. അതാണ് ഇത്ര പ്രതിരോധം.  എന്റെ കൊച്ചി ആരേയും വഴി പിഴപ്പിക്കില്ലെന്ന ദാര്‍ഢ്യം അദ്ദേഹത്തിന് സ്വന്തം നാടിലുള്ള അഭിമാനം വിളിച്ചോതുന്നു.

അങ്ങനെ മൂന്ന് ജലമാര്‍ഗ്ഗങ്ങള്‍ സംഗമിക്കുന്നിടമാണ് കൊച്ചി. പെരിയാര്‍ നദിയും, വേമ്പനാട്ട് കായലും, അറബിക്കടലും. ശ്രീ. അഫ്സല്‍ വലത് ഭാഗത്തേയ്ക്ക് ചൂണ്ടി ഒരു ചെറു പച്ചത്തുരുത്ത് ചൂണ്ടി പറഞ്ഞു; അതാണ് കൊച്ചിയിലെ ഏറ്റവും ചെറിയ ദ്വീപ്, ഗുണ്ടു ഐലന്‍ഡ്. ആള്‍പ്പാര്‍പ്പില്ല എന്നതാണ് ആ ദ്വീപിന്റെ പ്രത്യേകത. ഇടത് വെല്ലിംഗ്ടണ്‍ ഐലന്റ്. ബ്രിട്ടീഷുകാരാല്‍ നിര്‍മ്മിതമാണ്. ഇന്‍ഡ്യയിലെ തന്നെ ഏക മനുഷ്യ നിര്‍മ്മിത ദ്വീപാണിത്. കുറച്ച് ദൂരം കൂടി മുന്നോട്ട് വന്നപ്പോള്‍ വലത് ഭാഗത്തായി വല്ലാര്‍പാടം ഐലന്‍ഡ് കണ്ടു.
                         
 ഇടതി ഭാഗത്തായി ആസ്പിന്‍വാള്‍ എന്ന ബില്‍ഡിംഗ് കണ്ടു. പൈതൃക മേഖലകളായി പ്രഖ്യാപിച്ചിരിക്കുന്നവയാണ് 450 വര്‍ഷം പഴക്കമുള്ള സിനഗോഗുകള്‍, മ്യൂസിയം, ഡച്ച് സെമിത്തേരികള്‍ എന്നിവയൊക്കെ. ഏ.ഡി.507 ല്‍ നിര്‍മ്മിച്ച സെന്റ് ഫ്രാന്‍സിസ്ക്കോ ചര്‍ച്ചിലാണ് പോര്‍ച്ചുഗീസ് നാവികനായിരുന്ന വാസ്കോഡിഗാമയുടെ ഭൌതീക ശരീരം അടക്കം ചെയ്തിരുന്നത്. 14 വര്‍ഷങ്ങള്‍ക്ക് ശേഷം ഭൌതികാവിശിഷ്ടം അദ്ദേഹത്തിന്റെ മകന്‍ സ്വന്തം നാട്ടിലേയ്ക്ക് കൊണ്ടുപോയി. വലത് ഭാഗതതായി വൈപ്പിന്‍ ദ്വീപ് കാണപ്പെട്ടു. ജനനിബിഢമായ ദ്വീപാണത്. ഇടത് ഭാഗത്തായി ചൈനക്കാരുടെ സംഭാവനയായ ചീനവലകളുടെ ഒരു നിര തന്നെ കാണപ്പെട്ടു.

ജീവന്‍ രക്ഷാ സംവിധാന്‍

ടൂര്‍ ഗൈഡ് ഇടയ്ക്ക് കാഴ്ച്ചകളുടെ വിവരണത്തില്‍ നിന്ന് തെന്നി നീങ്ങി, നമ്മുടെ ജീവന്‍ രക്ഷിക്കാനായി ബോട്ടില്‍ എന്തൊക്കെ സംവിധാനങ്ങളുണ്ടെന്ന് ഒരു വിവരണം നല്‍കി. ലൈഫ് ജാക്കറ്റിന് ഏകദേശം 90 കിലോ ഭാരം ജലത്തില്‍ ഉയര്‍ത്തി പിടിക്കാനാവും.അത് ദേഹത്ത് ധരിക്കാവുന്നതാണ്.  അത് കൂടാതെ ബോട്ടിന്റെ ഇരുസൈഡുകളിലുമായി ടയര്‍ ട്യൂബിന്റെ ആകൃതിയില്‍ ചുവപ്പ് കളറില്‍ കെട്ടി ഞാത്തിയിട്ടിരിക്കുന്നതാണ് ലൈഫ് ബോയ്. അതിന്റെ സഹായത്തോടെ നമുക്ക് ജലോപരിതലത്തില്‍ പൊങ്ങി കിടക്കാനാവും. 

ഇനി ബോട്ടിന്റെ എഞ്ചിന് എന്തെങ്കിലും സംഭവിച്ചാല്‍ എക്സ്ട്രാ  എഞ്ചിന്‍ ബോട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്. തീ പിടുത്തമുണ്ടായാല്‍ തീ അണയ്ക്കുന്നതിന് കാര്‍ബണ്‍ഡൈ ഓക്സൈഡ് നിറച്ച സിലിണ്ടറുകളും രക്ഷാസംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചുരുക്കത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചാല്‍ പോലും രക്ഷയില്ലെന്ന് സാരം. ശ്.. ശ്.. ഒന്ന് തിരിഞ്ഞ് നോക്ക് ശുഭാപ്തി വിശ്വാസക്കാരാ.. ..ഇത് ദൈവത്തിന്റെ വാക്കല്ല; കേരളാ ടൂറിസം വകുപ്പിന്റേത് മാത്രം. കടലിന്റെ നടുക്ക് വച്ച് ഈ അഫ്സല്‍ വേണ്ടാത്തതോരോന്നും ഓര്‍മിപ്പിക്കുന്നു.

എന്റെ മനസ്സ് പറഞ്ഞത് അഫ്സല്‍ കേട്ടെന്ന് തോന്നുന്നു. അദ്ദേഹം പറയുന്നു; ‘ഒരു യാത്ര പോകുമ്പോള്‍ മസില്‍ പിടിച്ചിരിക്കണ്ട, അല്‍പ്പം ആട്ടവും പാട്ടുമൊക്കെയാവാം. എങ്കിലേ യാത്ര ആസ്വാദ്യകരമാവൂ'. ആദ്യമായി മനോഹര ഗാനം കാഴ്ച്ച വച്ചത് ശ്രീ.അഫ്സല്‍ തന്നെയായിരുന്നു. ‘ഓണവില്ലിന്‍ തമ്പുരു മീട്ടും ബോട്ടാണീ ബോട്ട്..' അദ്ദേഹം നല്ലൊരു ഗായകനാണെന്ന് വ്യക്തമായി. പിന്നിട് മ്യൂസിക് പ്ളേയറില്‍ നിന്ന് വീഴുന്ന ഗാനങ്ങളുടെ താളമേളങ്ങള്‍ക്കനുസൃതമായി തിരുവനന്തപുരംകാരുടെ നൃത്ത ചുവടുകളേറ്റ് ബോട്ട് അറബിക്കടലിന്റെ വിരിമാറില്‍ ചാഞ്ചാടി. ചിലര്‍ക്കൊക്കെ ചവിട്ടു നാടകങ്ങളുടെ ചുവടുകളായിരുന്നു.

തൊടുപുഴയുടെ അഭിമാനമായി മാറിയ മാസ്റര്‍ നസീമിന്റെ പാട്ട് ത്ധടുലമായ കയ്യടികളോടേ വേദിയേറ്റ് വാങ്ങി. അവന്‍ മിടുക്കനാണെന്ന് ഗാനത്തിന്റെ തിരഞ്ഞെടുക്കലില്‍ തന്നെ മനസ്സിലാകുന്നതാണ്. കാരണം സംഗതി പോയോ ഇല്ലയോ എന്നത് ആര്‍ക്കും മനസ്സിലാകില്ല. ഭാഷയ്ക്ക് തനിമയില്ലാത്തത് കൊണ്ട് വരികളുടെ അര്‍ത്ഥം  ആരും കണ്ടുപിടിക്കില്ല.; അറബി, കന്നട, തെലുങ്ക് സമ്മിശ്രം. അറബി നരാ.. ..പക്ഷേ കേട്ടിരിക്കാന്‍ ഇമ്പമുള്ളതായിരുന്നു. ശ്രീമതി കബീലയുടെ മകള്‍ മുത്തശ്ശിയോടൊപ്പമായിരുന്നു സ്റേജില്‍ ഗാനമവതരിപ്പിച്ചത്.

സന്ധ്യ മയങ്ങിയ നേരത്തെ പുറം കാഴ്ച്ചകള്‍ വളരെ മനോഹരമായിരുന്നു. കൂട്ടത്തോടെ കടലില്‍ നിന്ന് പറന്നുയരുന്ന കടല്‍ പക്ഷികള്‍. അകലെ തീരത്ത് ബള്‍ബുകളാല്‍ കൊരുത്ത മഞ്ഞയും, വെള്ളയും കലര്‍ന്ന വര്‍ണ്ണ മാലകള്‍ അറ്റമില്ലാതെ നീളുന്നു.  

പ്രപഞ്ച സ്രഷ്ടാവിന്റെ മുന്നില്‍ പ്രണമിച്ച്.. ..

 ടൂറിസത്തിന്റെ മറ്റൊരു ഗായകന്‍ കൂടിയുണ്ടായിരുന്നു ബോട്ടില്‍ ; ശ്രീ. മനോജ്. അദ്ദേഹവും നല്ലൊരു പാട്ട് കാഴ്ച്ച വച്ചു. തൊടുപുഴയുടെ പാട്ട് കേട്ടപ്പോള്‍ അഫ്സല്‍ തിരുവനന്തപുരത്തേയും പാട്ടിനായി സ്റേജിലേയ്ക്ക് ക്ഷണിച്ചു.‘തിരുവനന്തപുരത്തിന് മാനം വേണമെങ്കില്‍ തിരുവനന്തപുരംകാര്‍ കൂടെ പാടണ' മെന്ന വാചകക്കസര്‍ത്തോടെ ഒരു ചുറുചുറുക്കന്‍ പയ്യന്‍ സ്റേജില്‍ വന്ന് പാട്ട് പുസ്തകത്തിന്റെ താള് മറിച്ച്,മറിച്ച് പരിഭ്രമിച്ച് പാട്ട് കാണാതെ, അഫ്സലിനെക്കൊണ്ട് തേടിപിടിപ്പിച്ച് എങ്ങനെയോ കോറസായി നാല് വരി പാടി. പാട്ട് പാടല്‍ അത്ര ഈസിക്കാര്യമല്ലെന്ന് അഫ്സല്‍ പയ്യനെ ബോധ്യമാക്കി. എങ്കിലും ആ പയ്യന്‍ സ്വന്തം നാടിന്റെ അഭിമാനം കാക്കാന്‍ വേണ്ടി പാടി മിടുക്ക് തെളിയിച്ചു. പയ്യന്‍മാരുടെ സ്റേജിലുള്ള ആടിത്തിമിര്‍ക്കലിനിടയില്‍ അന്യരാജ്യത്തേയ്ക്കുള്ള നുഴഞ്ഞു കയറ്റക്കാരെ പോലെ വിജേഷും, ഷിജാസും,സീനിയര്‍ സൂപ്രണ്ടും സ്റ്റേ ജിലെത്തി പയ്യന്‍മാരുടെ എനര്‍ജി കട്ടെടുത്തു.


ഞാന്‍ ഇതിനിടയില്‍ സൂര്യന്‍ ആകാശച്ചെരിവിലേയ്ക്ക് താഴ്ന്നിറങ്ങുന്നത് കാണാന്‍  ബോട്ടിന്റെ മുന്‍വാതില്‍ തുറന്ന് പുറത്തെത്തി.പുറത്ത് നാലഞ്ച് പേരുണ്ടായിരുന്നു. ബോട്ട് പിന്നിലേക്ക് തള്ളി വിടുന്ന ജലത്തിന്റെ ചിന്നിച്ചിതറല്‍ നോക്കി അല്‍പ്പനേരം ഞാന്‍ എന്നെ തന്നെ മറന്നു. അനന്തമായ കായല്‍പ്പരപ്പിലേയ്ക്കെത്തിയ നോട്ടം എന്നെ ഒരു നിസ്സഹായാവസ്ഥ യിലേയ്ക്ക്  എത്തിച്ചു.   ഞാന്‍ ഒരു ശൂന്യമനസ്ക്കയായിത്തീര്‍ന്നു. മനുഷ്യന്‍ എത്ര നിസ്സാരന്‍. എന്റെ അഹം ആഴക്കടലിലെവിടെയോ വീണുപോയി. പ്രപഞ്ച സ്രഷ്ടാവിന്റെ മുന്നില്‍ പ്രണമിച്ച് ഞാന്‍ നിന്നു. 

പരിശുദ്ധമായ ഈ നിശബ്ദതയില്‍ എന്തൊക്കെയോ പരിവര്‍ത്തനങ്ങള്‍ എന്നില്‍ നടന്നുവോ?!.ദൂരെ ആകാശവും കടലും ഒന്നായിച്ചേര്‍ന്നിരിക്കുന്നു. നോക്കി നില്‍ക്കെ ചുവന്നു തുടുത്ത ആ ഗോളം താണുപൊയ്ക്കൊണ്ടിരുന്നു. എത്ര പെട്ടെന്നാണ് അത് പൂര്‍ണ്ണമായും മറഞ്ഞത്. എന്തോ എനിയ്ക്ക്  നഷ്ടപ്പെട്ടത്പോലെ. ഞാന്‍ ഈ ദിവസം ഏറ്റവും ആനന്ദകരമായി അനുഭവിച്ചറിഞ്ഞ മുഹൂര്‍ത്തം. അല്‍പ്പം മുമ്പ് ഞാന്‍ ഇഷ്ടപ്പെട്ട ശബ്ദ കോലാഹലങ്ങള്‍ വാതിലിനിപ്പുറത്തേയ്ക്ക് കടന്ന് വരാന്‍ ഞാന്‍ ഇഷ്ടപ്പെട്ടില്ല. ഞാനും കടലുമായി അങ്ങനെ സംവാദിച്ചുകൊണ്ടേയിരിക്കുക. പക്ഷേ.. 6.30 ന് ഒരു മണിക്കൂര്‍ നീണ്ട പടിഞ്ഞാറേയ്ക്കുള്ള യാത്ര അവസാനിപ്പിച്ച് ബോട്ട് തിരിഞ്ഞു.

ഞാന്‍ തിരികെ അകത്ത് വന്നപ്പോള്‍ ബോട്ടിന്റെ സ്റിയറിംഗില്‍ പിടിച്ചുനിന്ന് ഫോട്ടോ എടുത്തുവെന്ന അവകാശവാദവുമായി സുഹറ സര്‍ .‘ഓഹോ എങ്കില്‍ പിന്നെന്ത് കൊണ്ട് ഈ അറബിക്കടലിന്റെ വിരിമാറില്‍ കുറച്ച് നിമിഷത്തേയ്ക്ക്  ഈ സാഗര്‍ റാണിയുടെ സാരഥി ഞാന്‍ ആയിക്കൂടാ'. ഞാനും ചെന്നു ഡ്രൈവറുടെ ക്യാബിനിലേയ്ക്ക്. ഡ്രൈവര്‍ സന്തോഷപുരസ്സരം സ്റിയറിംഗ് കയ്യിലേയ്ക്ക് തന്നു.   കാരണം കടലില്‍ മറ്റ് വാഹനങ്ങളൊന്നും തന്നെയില്ലല്ലോ ഇടിച്ച് തകരാന്‍. കടല്‍ ജീവികളൊന്നും ആക്സിഡന്റ് ക്ളെയിമിനായി കേസ് ഫയല്‍ ചെയ്യുമെന്ന പേടിയും വേണ്ട. അങ്ങനെ ഞാന്‍ ബോട്ടിനെ നിയന്ത്രിക്കുന്ന മഹത്തായ ദൃശ്യം ടോണി സര്‍ ക്യാമറയില്‍ പകര്‍ത്തി.

ടീം സ്പിരിറ്റ്

തിരികെ സീറ്റിലെത്തിയപ്പോള്‍ അനൌണ്‍സ്മെന്റ് മുഴങ്ങി; ഇനി നമുക്കൊരു ഡാന്‍സ് കാണാം. ലൈറ്റ് ഓഫായി.മ്യൂസിക് പ്ളേയര്‍ സിസ്റവും അഫ്സലും തിരശ്ശീലയ്ക്ക് പിന്നിലായി. തിരശ്ശീലയില്‍ വര്‍ണ്ണ പ്രകാശങ്ങള്‍ ചിന്നിച്ചിതറി വട്ടംകറങ്ങിക്കൊണ്ടിരുന്നു. എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്നു.അതാ.. മഞ്ഞ സില്‍ക്ക് ടോപ്പ് ധരിച്ച് ( പാന്റുണ്ടെന്ന് ഊഹിച്ചോണം. എപ്പോഴും എല്ലാം എനിയ്ക്ക് പറയാന്‍ കഴിഞ്ഞെന്ന് വരില്ല. നിങ്ങളും ഊഹത്തില്‍ പ്രഗല്‍ഭരാവണം.) രണ്ട് നെടുംകാട്ടന്‍പയ്യന്‍മാര്‍ , താഴത്തെ ഫ്ളോറില്‍ നിന്ന് വേദിയുടെ മദ്ധ്യത്തിലൂടെ സ്റേജിലേയ്ക്ക് കയറിവരുന്നു.  

  ഹിന്ദിഗാനം. ചെകിടടുപ്പന്‍ സംഗീതം. ദ്രുതതാളങ്ങള്‍. നല്ല നൃത്തം കാഴ്ച്ച വച്ച് ആ ഡാന്‍സേഴ്സ് കാണികളുടെ മദ്ധ്യത്തിലൂടെ കോണിപ്പടിയിറങ്ങി താഴത്തെ ഫ്ളോറിലേയ്ക്ക് പോയി.      
തിരുവനന്തപരംകാരായിരുന്നു ഇത്രയും നേരം സ്റേജില്‍ ആടിത്തിമിര്‍ത്തത്. ശ്രീ.അഫ്സല്‍ തൊടുപുഴക്കാരെ വെല്ലുവിളിച്ചു; “ ഇനി തൊടുപുഴക്കാര്‍ സ്റേജില്‍ വരണം.പാടണം. പാടാന്‍ അറിയില്ലാത്തവര്‍ ആടണം. ആടാന്‍ അറിയില്ലാത്തവര്‍ താളമിടണം’’. തൊടുപുഴയെ പ്രതിനിധീകരിച്ച് സൂപ്രണ്ട് ഇല്ല്യാസ് സര്‍ മൈക്ക് വാങ്ങി ബഹുത് അച്ഛാ.. ഒരുകൂകല്‍ പാസ്സാക്കി. കൂകലിന് അകമ്പടിയായി ഒരു അട്ടഹാസവും. എന്നിട്ട് വെല്ലുവിളി ഏറ്റെടുത്തതായി പ്രഖ്യാപിച്ചു. തൊടുപുഴക്കാര്‍ വെല്ലുവിളി ഒരു ടീം സ്പിരിറ്റോടെ ഏറ്റെടുത്ത് സ്റേജില്‍ കയറി. ഞങ്ങള്‍ പാടി, ആടി, താളമടിച്ചു. എല്ലാവരും ഒന്നിനൊന്ന് മെച്ചം. ഞങ്ങളുടെ ടീം സ്പിരിറ്റ് കണ്ടതോടെ തിരുവനന്തപുരം കാരും സ്റേജില്‍ എത്തി ഞങ്ങളോടൊന്നിച്ചു.

ആ സൌഹൃദ നൃത്തത്തിന് ശേഷം ഇല്ല്യാസ് സര്‍ മൈക്കിലൂടെ തന്റെ രണ്ട് അഭിപ്രായങ്ങള്‍ പാസ്സാക്കി. 250 രൂപ മുടക്കിയ ഒരു ടിക്കറ്റിന് വൈകുന്നേരം ഒരു ചായകൂടി ആകാമായിരുന്നു. പിന്നെ സ്ത്രീകളുടെ നൃത്തം കൂടി ഉള്‍പ്പെടുത്തണമായിരുന്നു. രണ്ടും ന്യായമായിരുന്നു. എല്ലാവരും നൃത്തം ആടി ക്ഷീണിച്ചപ്പോള്‍ ഒരു ചായകൂടി കിട്ടിയിരുന്നെങ്കില്‍ എന്നാശിച്ചിരുന്നു. പിന്നെ സ്ത്രീകളുടെ നൃത്തം തരുന്ന നയനാന്ദസുഖം പുരുഷനൃത്തത്തിന് നല്‍കാനാവില്ലെന്ന് ഒരു പുരുഷപ്രജ തന്നെ സമ്മതിച്ച് നല്‍കിയിരിക്കുന്നു. സന്തോഷം.

ഊളന്‍.. കീ..ജയ്..

അടുത്ത ഊഴം തിരുവനന്തപുരം ടീം ലീഡറുടേതായിരുന്നു. ആദ്യമായി അദ്ദേഹം അദ്ദേഹത്തിന്റെ തട്ടുപൊളിപ്പന്‍ കുട്ടികളോട് തൊടുപുഴക്കാര്‍ സഹകരിച്ചതിന് നന്ദിയര്‍പ്പിച്ചു. ഹാ! എത്ര സുന്ദരമായ മനം. ഒരു കരണത്തടിച്ചവന്  മറുകരണം കൂടി കാണിച്ച് കൊടുക്കുക എന്ന തത്ത്വം അന്വര്‍ത്ഥമാക്കിയിരിക്കുന്നു. കൂകിത്തോല്‍പ്പിച്ചവനോടുള്ള മധുരമായ പ്രതികരണം. പക്ഷേ ഞങ്ങളുടെ ലീഡര്‍ തിരുവനന്തപുരം പയ്യന്‍മാരുടെകൂടെ ചേര്‍ന്നപ്പോള്‍ തീര്‍ത്തും അവരുടെ പ്രായം കൂടി കട്ടെടുത്തെന്ന് തോന്നി. കൌമരത്തിന്റെ ചോരത്തിളപ്പില്‍ കൂകിപ്പോയതാണ്.

ഞങ്ങളുടെ ടീമിന്റെ പ്രത്യേകതയായി തോന്നിയത് സൂപ്രണ്ടുകളെല്ലാവരുമാണ് കൂടുതല്‍ ക്രിയാത്മകവും ആസ്വാദന തല്‍പ്പരരുമായികാണപ്പെട്ടത് എന്നതാണ്. മൈക്കിള്‍ ജാക്സണ് പറ്റിയത് തങ്ങള്‍ക്ക് പറ്റരുതെന്ന് അവര്‍ കരുതുന്നുണ്ടാവാം.ശേഷിക്കുന്ന കാലം കത്തി പടരട്ടെ. ഇന്നേ ദിവസം നിര്‍ബന്ധിതമായ എക്സര്‍സൈസിലൂടെയല്ലാതെ ആസ്വാദനപരമായി തന്നെ ചിലരുടെയെങ്കിലും കൊളസ്ട്രോള്‍ നില വളരെ താണിട്ടുണ്ട്.

അങ്ങനെ ‘മംഗളങ്ങള്‍ വാരിക്കോരിച്ചൊരിയാന്‍ ...’ എന്ന അടിപൊളിപ്പാട്ടോടെ കലാപരിപാടികള്‍ അവസാനിപ്പിച്ച് കരയിലേയ്ക്ക് അടുക്കുന്നു എന്ന അനൌണ്‍സ്മെന്റ്. രണ്ട് മണിക്കൂര്‍ പറന്നുപോയത് പോലെ. ബോട്ടില്‍ നിന്നിറങ്ങിയപ്പോള്‍ തിരുവനന്തപുരം കീ.. ജയ്..വിളികളും, ഊളന്‍ കീ.. ജയ്.. വിളികളും തിരുവനന്തപുരംകാരില്‍ നിന്നും ഉയര്‍ന്ന് കേട്ടു. ഊളന്‍ കീ.. ജയ്.. വിളിച്ച പയ്യനോട് വിജേഷ്: ‘എടാ.. എന്തായാലും ഞങ്ങളുടെ സൂപ്രണ്ടല്ലേ..'എന്ന് കേണു.‘എന്തായാലും ഞങ്ങളുടെ സൂപ്രണ്ടല്ലല്ലോ..' എന്ന അവരും. എന്തായാലും ആ ഊളന്‍ കീ.. ജയ്. വിളിയില്‍ ഞാന്‍ തിരുവനന്തപുരംകാരുടെകൂടെയാണ്. ഞാനതില്‍ ഗൂഢമായി സന്തോഷിക്കുന്നു. ഇത്രയും മനോഹരമായി കൂകാന്‍ കഴിയുന്നവര്‍ക്കും ഒരംഗീകാരം വേണ്ടേ. അതും അറബിക്കടലിന്റെ നടുക്ക് വച്ച് പ്രഖ്യാപിക്കപ്പെടാനും വേണം ഒരു ഭാഗ്യം.

7.30 തോടെ ഞങ്ങള്‍ കരയിലെത്തി. ബോട്ട് കരയ്ക്കടുപ്പിച്ചപ്പോള്‍ കംഫര്‍ട്ടാകാന്‍ ക്യൂ നില്‍ക്കുന്നവരെ കാത്ത് നില്‍ക്കാന്‍ പറ്റാത്തവര്‍ അടുത്ത കിടന്ന ബോട്ടിലേയ്ക്കും കയറി. അങ്ങനെ കംഫര്‍ട്ടായി ഞങ്ങള്‍ ബസിലേക്ക് കയറി. തിരികെ തൊടുപുഴയിലേയ്ക്കുള്ള യാത്രയില്‍ ഞങ്ങള്‍ ന്യൂന പക്ഷം രണ്ട്പേര്‍ സിനിമ ആവശ്യപ്പെട്ടു. ഞങ്ങളുടെ ശക്തമായ ആവശ്യത്തിന് മുന്നില്‍ മജോരിറ്റി ഒരു സിനിമയുടെ പാതി കാണിക്കുവാന്‍ തയ്യാറായി. പക്ഷേ വീണ്ടും അവര്‍ മ്യൂസിക്കിലേയ്ക്കും ആട്ടവും പാട്ടിലേയ്ക്കും തിരിഞ്ഞു. 

പക്ഷെ എന്റെ ആസ്വാദനം ഇതിനോടകം സാച്ചുറേഷന്‍ പോയിന്റില്‍ ഏത്തിയിരുന്നത് കൊണ്ട് ബഹളങ്ങളോട് വിരസത തോന്നിയിരുന്നു. എങ്കിലും ആ കലാശക്കൊട്ടില്‍ ഞാനും പങ്കെടുത്തു. എങ്കിലും എന്റെ സോദരാ വിജേഷേ.., നിന്റെ ടൈപ്പിംഗ് മെഷീന്‍ കരിംപാറയില്‍ മെനഞ്ഞതാണോ. എന്താ കൈക്കരുത്ത്. എന്റെ പിഞ്ചിളം കൈ അടിച്ചു തകര്‍ത്തല്ലോ. കൈ പുകയുന്നു. ഈ രീതിയിലാണ് ഉഷാ മാഡവുമായി തിരുവാതിരക്കൊട്ട് കൊട്ടിയതെങ്കില്‍ ആ മാഡം തിങ്കളാഴ്ച്ച ലീവായിരിക്കും.  എന്റെ ഊഹം ഇത് വരെ ശരിയായിരുന്നു. ഇതും അങ്ങനെയാവും. ബെറ്റ്.

സഫലമീയാത്ര..

യാത്രക്കാരില്‍ പലരും ബാക്കിയുളളവര്‍ക്ക് ശുഭ യാത്ര നേര്‍ന്നു കൊണ്ട് കയറിയ ഇടങ്ങളില്‍ തന്നെ ഇറങ്ങിക്കൊണ്ടിരുന്നു. ടൂര്‍ കേ ഓര്‍ഡിനേറ്റര്‍ നസീമ സര്‍ യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ ഗ്രൂപ്പിന്റെ ഊര്‍ജ്ജസ്രോതസ്സിന്റെ അഭാവം ബസില്‍ അനുഭവപ്പെട്ടു. അവരായിരുന്നു ഈ ട്രാവലേഴ്സ് ഗ്രൂപ്പിന്റെ ശക്തിദായിനി. ഈ യാത്ര മനോഹരമാക്കിയതില്‍ നസീമസാറിന്റെ പങ്ക് വളരെ വലുതായിരുന്നു. അങ്ങനെ ഞങ്ങള്‍ തൊടുപുഴ ടൌണില്‍ ഗാന്ധിസ്ക്വയറില്‍ ഇറങ്ങിയപ്പോള്‍ സമയം രാത്രി 9.15

ഇനി തട്ടുകടയില്‍ നിന്ന് എന്തെങ്കിലും കഴിച്ച് ഒരു ഓട്ടോ പിടിച്ച് വീട്ടിലേയ്ക്ക് യാത്രയാവാം. ഈ നിമിഷത്തിന് പിറകില്‍ നടന്നതെല്ലാം ഇനി ഓര്‍മ്മകളില്‍ മാത്രം. പക്ഷേ ആ ഓര്‍മ്മകള്‍ ജീവിതത്തിരക്കില്‍ നഷ്ടപ്പെട്ടേക്കാം. അത് അനുവദിക്കാതിരിക്കാന്‍ ഞാന്‍ തൂലിക എടുക്കട്ടെ.. വരാതിരുന്നവരോടും, നാളെകള്‍ ഇനിയുമുണ്ടല്ലോ എന്ന് കരുതിയവരോടും:

കാലമിനിയും ഉരുളും.
വിഷു വരും, വര്‍ഷം വരും,
തിരുവോണം വരും.
പിന്നെ ഓരോ തളിരിലും,
കായ് വരും പൂവരും.
അപ്പോള്‍ ആരെന്നും,
എന്തെന്നും ആര്‍ക്കറിയാം.....

15 അഭിപ്രായങ്ങൾ:

niDheEsH kRisHnaN @ ~അമൃതംഗമയ~ പറഞ്ഞു...

തുമ്പി വളരെ മനോഹരമായി എഴുതിയിരിക്കുന്നു

ഫൈസല്‍ ബാബു പറഞ്ഞു...

ഓം ഞാനിട്ട കമന്റായ ഡിലീറ്റ് ആയ പോയായ സ്വാഹ !!!!

ഫൈസല്‍ ബാബു പറഞ്ഞു...

ഈ പാവം പ്രവാസിയെ ഇങ്ങനെ അടി പൊളി പോസ്റ്റുകള്‍ എഴുതി കൊതിപ്പിച്ചോ ,,അവസാനം പറഞ്ഞപോലെ ഒരു ദിനം നമുക്കും വരും അന്ന് കാണിച്ചു തരാം ഇത് പോലൊരു യാത്ര നടത്തി !!!


ഇനി ഡിലീറ്റ് ആയാല്‍ വീണ്ടും കമന്റാന്‍ കാശ് വേണം കേട്ടോ !!

പ്രവീണ്‍ കാരോത്ത് പറഞ്ഞു...

oh so u did a make over?, nice!

ajith പറഞ്ഞു...

നല്ല സുന്ദരന്‍ വിവരണം

മുമ്പിട്ട കമന്റ് ഇതിലും സുന്ദരന്‍ കമന്റാരുന്നു. പക്ഷെ എന്തുചെയ്യാം
(കമന്റിട്ടോന്നൊന്നും ഓര്‍മ്മയില്ല. വെറുതെ ഒരു കാച്ച് കാച്ചിയതാ)

മണ്ടൂസന്‍ പറഞ്ഞു...

ഒരു ഡ്രാഫ്റ്റ് ഡിലീറ്റ് ചെയ്യുന്നതിനിടയില്‍ എന്റെ ഒരു പോസ്റ്റ് ഡിലീറ്റ് ആയിപ്പോയി.അതിനോടൊപ്പം അതിന് കിട്ടിയ കമന്റുകളും. വീണ്ടും ആ പോസ്റ്റ് വളരെ കഷ്ട്ടപ്പെട്ട് സൃഷ്ട്ടിച്ചെടുത്തപ്പോള്‍ തുണിയുടുക്കാത്തപോലെ കമന്റില്ലാതെ...ഛെ...ഛെ

ഇനിയും പല സമയത്തും ഡ്രാഫ്റ്റ് ഡിലീറ്റ് ചെയ്യേണ്ടി വരും. അപ്പോഴൊന്നും പോസ്റ്റ് ഡിലീറ്റാവാതെ നോക്കുക.
ഇതെന്തായാലും കഷ്ടപ്പെട്ട് സൃഷ്ടിച്ചെടുത്ത പോസ്റ്റ് വെറുമൊരു 'തുണിയുടുക്കാത്ത'പോസ്റ്റായി തോന്നണ്ട എന്ന് കാരണം കൊണ്ട് ഞാൻ കമന്റുന്നു.


രസമായി വിവരിച്ചിരിക്കുന്നു. പല ഭാഗങ്ങളും പരിചയമുള്ള പരിതസ്ഥിതികൾ വിശദീകരിച്ച പോലെ അനുഭവപ്പെട്ടു.
ആശംസകൾ.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

വളരെ രസകരമായ വിവരണം.
മൂന്നു ഭാഗവും ബോറടിയില്ലാതെ വായിച്ചു
കൂടുതല്‍ കൂടുതല്‍ വിവരണങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു

വള്ളുവനാടന്‍ പറഞ്ഞു...

പരിശുദ്ധമായ ഈ നിശബ്ദതയില്‍ എന്തൊക്കെയോ പരിവര്‍ത്തനങ്ങള്‍ എന്നില്‍ നടന്നുവോ?!.ദൂരെ ആകാശവും കടലും ഒന്നായിച്ചേര്‍ന്നിരിക്കുന്നു. നോക്കി നില്‍ക്കെ ചുവന്നു തുടുത്ത ആ ഗോളം താണുപൊയ്ക്കൊണ്ടിരുന്നു. എത്ര പെട്ടെന്നാണ് അത് പൂര്‍ണ്ണമായും മറഞ്ഞത്. എന്തോ എനിയ്ക്ക് നഷ്ടപ്പെട്ടത്പോലെ. ഞാന്‍ ഈ ദിവസം ഏറ്റവും ആനന്ദകരമായി അനുഭവിച്ചറിഞ്ഞ മുഹൂര്‍ത്തം.
നിങ്ങള്‍ കണ്ട കായലും , വയ്പിന്‍ കരയും, മഹാരാജാസ് കോളേജും ...അശോകമരച്ചില്ലകള്‍ തപസ്സുചെയ്യുന്ന പാര്‍ക്കും , എല്ലാം കഴിഞ്ഞുപോയ ഒരു കാലം ..നല്ല രസാ ഓര്‍മ്മിക്കാന്‍ ..നന്ദി ...

വള്ളുവനാടന്‍ പറഞ്ഞു...

ഒരു നല്ല യാത്ര ചെയ്ത സുഖം ..വീണ്ടും ഒരുപാട് വര്ഷം ..സുഹൃത്തേ... നിങ്ങളുടെ തൂലിക ചലിക്കട്ടെ ...

സമീരന്‍ പറഞ്ഞു...

നല്ല യാത്ര..!!
അതിലും നല്ല വിവരണം....
രണ്ട് കൊല്ലം മുന്നെ ഞാനും ഇതുപോലൊന്ന് കൊച്ചിയിലൂടെ കറങ്ങി....
പക്ഷേ അതിത്രയും നല്ലൊരു വിവരണമാക്കാന്‍ എനിക്ക് പറ്റീല..:)
അസൂയയില്‍ പൊതിഞ്ഞ അഭിനന്ദനങ്ങള്‍...!!
ഇനിയും ഒരു പാട് അനുഭവങ്ങള്‍ ഉണ്ടാവട്ടെ..
കുറിപ്പുകളും...!!
ആശംസകള്‍...!

www.adimaliweb.com പറഞ്ഞു...

നല്ല വിവരണം... വാക്കുകളുടെ ഒഴുക്ക് നല്‍കുന്ന അനുഭൂതി യാത്രയുടെ അനുഭൂതി തന്നെ ... ബ്ലോഗ്ഗര്‍ എന്ന നിലക്ക് കൂടുതല്‍ ശോഭിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു ... ഭാവുകങ്ങള്‍ ..

റിയാസ് പെരിഞ്ചീരി പറഞ്ഞു...

കാലമിനിയും ഉരുളും.
വിഷു വരും, വര്‍ഷം വരും,
തിരുവോണം വരും.
പിന്നെ ഓരോ തളിരിലും,
കായ് വരും പൂവരും.
അപ്പോള്‍ ആരെന്നും,
എന്തെന്നും ആര്‍ക്കറിയാം.....


ആശംസകള്‍ ....ഇഷ്ട്ടായി,ഞാനും ആ കപ്പലില്‍ ഉണ്ടായിരുന്നു എന്ന് തോന്നുന്നു ....!!

Rainy Dreamz ( പറഞ്ഞു...

വളരെ നല്ല എഴുത്ത്, കൊതിപ്പിക്കുന്ന വിവരണം....

കാലമിനിയും ഉരുളും.....

കാലത്തിന്റെ ടയർ പഞ്ചറായാൽ ആ ഉർളല് അങ്ങ്ട് നിക്കേം ചെയ്യും.. അത്കൊണ്ട് അഹങ്കാരം വേണ്ടാന്ന് കാലത്തിനോട് പറഞ്ഞേക്കൂ ട്ടോ...

ആശംസകള്

ആചാര്യന്‍ പറഞ്ഞു...

ഇത് കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ട് ..ഹഹ..ഒരു യാത്രാ വിവരണം എഴുത്തുകാരി ആകാന്‍ നല്ല ചാന്‍സുണ്ട് കേട്ടാ..ആശംസകള്‍

pravaahiny പറഞ്ഞു...

കൊള്ളാം . ഒരു യാത്ര പോയ പ്രതീതി . @PRAVAAHINY

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറ്റങ്ങളും, കുറവുകളും ചൂണ്ടിക്കാണിക്കുമ്പോള്‍ എനിക്കത് സംതൃപ്തിയേകുന്നു.