Smiley face

2015, മാർച്ച് 1, ഞായറാഴ്‌ച

നാഗാലാന്‍ഡിലെ ചുവപ്പ് മുളക്



ഒരു സായം സന്ധ്യയില്‍ ആകാശത്ത് കിഴക്ക് നിന്നും പടിഞ്ഞാറിലേക്കൊഴുകി നീങ്ങുന്ന വെളുത്ത പഞ്ഞിക്കെട്ടുകള്‍ നോക്കിനില്‍ക്കുകയായിരുന്നു ഞാന്‍. എന്റുപ്പാപ്പ വാങ്ങിത്തന്ന ഐഫോണിന്റെ ക്യാമറക്കണ്ണിലൂടെയായിരുന്നു ഞാനത് വീക്ഷിച്ചത്. വെള്ളിമേഘങ്ങള്‍ എത്ര പെട്ടെന്നാണ് പഴുത്ത് തുടുക്കുന്നത്. സൂര്യന്റെ ചാരെയണഞ്ഞപ്പോള്‍ അവ ലജ്ജാവിവശരായി, തരളിതയായി ഇതളിതളായി കൊഴിഞ്ഞ് അടര്‍ന്ന് ശൂന്യമാകുന്നതും നോക്കി നില്‍ക്കുമ്പോഴായിരുന്നു ആ മെസേജ് ട്യൂണ്‍. വാട്സ് ആപ്പില്‍ ബബിത ഏഞ്ചല്‍. തിരുവനന്തപുരത്ത്  എസ്.ബി.ഐ. ല്‍ എന്നോടൊപ്പം വര്‍ക്ക് ചെയ്യുന്നവള്‍.

“ഹായ്.”
ഞാന്‍ റിപ്ലെ ചെയ്ത് സ്ക്രീനിലേക്ക് നോക്കിയപ്പോള്‍  ആ ഹായ് ചെന്ന് വീണത് ഒരു ഡോക്ടര്‍ ബദറുദ്ദീനാണ്. സ്പര്‍ശത്തില്‍ ചൂണ്ടുവിരലിന്റെ സ്ഥാനഭ്രംശം. ശ്ശൊ......

ആ സ്ഥാനഭ്രംശം എന്തെല്ലാം മാറ്റങ്ങളാണ് എന്നിലുണ്ടാക്കിയത്. വെള്ളരിക്കാ മോര് കാച്ചിയതില്‍, എണ്ണയില്‍ വറുത്തൊരു കടും ചുവപ്പുള്ള ഉണക്കമുളക് കിടക്കുന്നത് കണ്ടതിനാല്‍,  ഞാന്‍ മോണ്‍സി ഐസക്കിന്റെ ഊണ് മേശക്കരികില്‍ നിന്നും ബെഞ്ചമിന്റെ ടേബിളിലേക്ക് നീങ്ങിയിരുന്നത് കണ്ട് രശ്മി മേനോന്‍ കണ്ണ് മിഴിച്ചു. അവള്‍ക്കറിയില്ലല്ലോ എനിക്ക് ചുവന്ന മുളകിനോടുള്ളത്ര വെറുപ്പ് ബെഞ്ചമിനോടില്ലെന്ന്. ബെഞ്ചമിന്‍ എന്റെ പര്‍ദ്ദയുടെ കറുപ്പിനെ എത്രത്തോളം ഇഷ്ടപ്പെടുന്നോ അത്രയ്ക്കും ഞാന്‍ ചില്ലിറെഡും വെറുക്കുന്നു. ചില്ലിയേയും.

എന്റെ വീടിന്റെ പൂമുഖത്തിരുന്ന റെഡ് ആന്തൂറിയത്തിന്റെ സ്ഥാനം അടുക്കള വശത്തേക്ക് മാറിയതിനും, ഞാനേറെ ഇഷ്ടപ്പെട്ടിരുന്ന സൂര്യാസ്തമയം ചുവപ്പാകുന്നത് കണ്ട് കണ്ണുകള്‍ ഇറുകെ അടച്ചതിനും ആ മെസേജാണ് കാരണം.

ഒരു മാസം മുമ്പ് ഡോ: ബദറുദ്ദീന്‍ ആ ഹായ്  ക്ക് മറുപടി നല്‍കിയിരുന്നു. “നീ സുന്ദരി ആണല്ലോ” എന്ന്. ഈ ഡോക്ടര്‍ ആരെന്ന് എനിക്കറിയുകയേയില്ല.

എന്റെ ഉപ്പുമ്മാക്ക് ചെവിയിലൊരു കിടുകിടുക്കം. ഉപ്പുമ്മായുടെ ഭാഷയില്‍ “ഈരേഴുലോകത്തെ പ്രാണീം, ഈച്ചേം, പാറ്റേം, ഒക്കെ എറങ്ങി വരണത് എന്റെ ചെവീക്കൂടെയാ. രാത്രിക്ക് ഒരു പോള കണ്ണടയ്ക്കാന്‍ പറ്റണില്ല. ചെവീക്കെടന്ന് ഓട്ടോം പാച്ചിലും. ഒരു ഡോക്ടറും ഇത് കണ്ട് പിടിക്കാന്‍ ഈ ദുനിയാവിന്റെ മോളിലില്ല. ചെവീടെ പൊറത്ത് എന്താണ്ട് കുന്ത്രാണ്ടം കൊണ്ട് അടച്ച് വെച്ചിട്ട് സ്കാന്‍ ചെയ്താല്‍ ചെവീലൊള്ളത് കാണാന്‍ പറ്റ്വോ?”.

ഉപ്പുമ്മായുടെ പദം പറച്ചില്‍ കൂടിയപ്പോള്‍ ഞാനാണ് എന്റെ കൂട്ടുകാരിയുടെ കയ്യില്‍ നിന്ന് ഇ.എന്‍.റ്റി സ്പെഷ്യലിസ്റ്റായ ഡോ: ബദറുദ്ദീന്റെ ഫോണ്‍ നമ്പര്‍ വാങ്ങി ഇത്താത്തയ്ക്ക് കൊടുത്തത്. ഇത്താത്ത ഉപ്പുമ്മയെ മെഡിക്കല്‍ കോളേജില്‍ ഡോക്ടറുടെ അടുക്കല്‍ കൊണ്ട് പോവുകയും ചെയ്തു. അപ്പോള്‍ മുതല്‍ ആ ഫോണ്‍ നമ്പര്‍ എന്റെ ഫോണില്‍ കിടന്നിരുന്നെങ്കിലും “നീ സുന്ദരി ആണല്ലോ” എന്നൊരു മെസേജ് കിട്ടിയപ്പോഴാണ് ആ നമ്പര്‍ എന്റെ ശ്രദ്ധയില്‍ പെട്ടത്. തലമുടി നെറ്റിയില്‍ നിന്നും പിറകോട്ട് പ്രയാണമാരംഭിച്ച വെളുത്ത് സുമുഖനായ ഒരാള്‍.
 
മഴവില്‍ക്കൊടി പോലെ ത്രെഡ് ചെയ്ത പുരികവും, മസ്ക്കാരയിട്ട കണ്‍പോളകളും, സുറുമയിട്ട കണ്ണുകളും മാത്രമാണ് ബുര്‍ഖക്ക് പുറമേ എന്റെ പ്രൊഫൈല്‍ പിക്ച്ചറില്‍ കാണാമായിരുന്നത്.

ഞാന്‍ ചോദിച്ചു; “ഡു യു നോ മീ?”
മറുപടിക്ക് പകരം മറ്റൊരു നിര്‍ദ്ദേശമാണ് വന്നത്.
“ടോക്ക് എബൌട്ട് യു.”
“നോ , ഐ ഡോണ്ട് ലൈക് റ്റു ഐഡന്റ്ഫൈ മി.”
“ ഐ ആം ബദറുദ്ദീന്‍. എം.ബി.ബി.എസ്. സര്‍ജന്‍, ഇ.എന്‍.റ്റി സ്പെഷ്യലിസ്റ്റ് ഇന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ്”.
തുടര്‍ വിനിമയത്തില്‍ ഹസിന് എന്താണ് ജോലി  എന്ന ചോദ്യത്തിന്  ഞാന്‍ വോയ്സ് മെസേജ് അയച്ചു. ഓണ്‍ലൈന്‍ ചാറ്റിങ്ങില്‍ പൊതുവേ തല്‍പ്പരയല്ലാത്ത ഞാന്‍ കീബോര്‍ഡില്‍ അധികം വിരല്‍ തൊടുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല. പക്ഷേ വീണ്ടും വീണ്ടും അതേ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ഞാന്‍ കീബോര്‍ഡില്‍ വിരല്‍ അമര്‍ത്തി. “ ഇ.എന്‍.റ്റി. ആണെങ്കിലെന്താ ചെവി കേട്ടൂടെ പൊട്ടാ?!”
മറുപടി വന്നു; “ക് ളിയര്‍ ആകുന്നില്ല”
ഞാന്‍ വീണ്ടും ടൈപ്പ് ചെയ്തു; ‘ ഫ്രൂട്ട്സ് ഹോള്‍സെയില്‍’.
“ഐ ലൈക് ഫ്രൂട്സ്, ആപ്പിള്‍സ്/ പംകിന്‍സ്.”
ഡോക്ടറുടെ സില്ലി മറുപടിയില്‍ നിന്നും ഞാന്‍ സംസാരം വഴിതിരിച്ചു വിട്ടു.
 വെറുതെ ഒരു ചാറ്റിങ്ങില്‍ നിന്ന്  സേര്‍ച്ച് ചെയ്യാതെ ഒരു ഉത്തരം കിട്ടിയാലോ!. ഇന്നലെ മകന്‍ സ്ക്കൂളില്‍ നിന്ന് വന്നപ്പോള്‍ ചോദിച്ച  ചോദ്യം ഞാനങ്ങ് ഇട്ടു കൊടുത്തു.
“ ഹു വണ്‍ ദി ഹാട്രിക്സ് ഇന്‍ ഹെവി വെയ്റ്റ് ബോക്സിങ്?”.
മറുപടിയ്ക്ക് പകരം മറ്റൊന്നാണ് വായിക്കേണ്ടി വന്നത്.
“ ആര്‍ യു എ നാഗാ റെഡ് ചില്ലി?”
ചോദ്യം മനസ്സിലായില്ലെങ്കിലും നാഗാലാന്‍ഡില്‍ ഏറെക്കാലം ഫ്രൂട്ട്സ് ബിസിനസുമായി കഴിഞ്ഞുകൂടിയ എന്റെ ഉപ്പുപ്പായെയാണ് എനിക്ക് ഓര്‍മ്മ വന്നത്. ചന്ദനത്തിരി മണമുള്ള നമസ്ക്കാര മുസല്ലയിലിരുന്ന്  ബദറ്, ഉഹദ് യുദ്ധങ്ങളില്‍ വീര ചരമം പ്രാപിച്ച വീര യോദ്ധാക്കളുടെ കഥ പറഞ്ഞ് തരാറുണ്ടായിരുന്നു എന്റുപ്പാപ്പ. നാഗാലാന്‍ഡിലെ ജനങ്ങളുടെ ജീവിത രീതിയും, ഭക്ഷണക്രമവും , ഔദ്യോഗിക ഭാഷ ഇംഗ് ളീഷ് ആയതെങ്ങനെയെന്നുമൊക്കെ  ഞാനറിഞ്ഞത്  എന്റുപ്പുപ്പയില്‍ നിന്നാണ്.
ഡോക്ടറുടെ ചോദ്യം വിചിത്രമായി സ്ക്രീനില്‍ തെളിഞ്ഞ് നിന്നപ്പോള്‍ എന്റെ ചുറ്റിനും ചന്ദനത്തിരി മണം ഒഴുകി നടന്നു. അതിനിടയില്‍ ഉപ്പുപ്പായുടെ വായിലെ വെറ്റില മണവും.

വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് മനുഷ്യര്‍ വേട്ടയാടിയും, കായ്കനികള്‍ ഭക്ഷിച്ചും ജീവിച്ചിരുന്ന് കാലം. നാഗാലാന്‍ഡിലെ പാന്മി എന്നൊരാള്‍ ആഹാരം തേടിയലഞ്ഞ് ഒരു വനാന്തരത്തിലെത്തി. അതി തീക്ഷ്ണമായ വിശപ്പും ദാഹവും കൊണ്ട് പാന്മി തളര്‍ന്നു. വളരെ നേരത്തെ അലച്ചിലിന് ശേഷം കണ്മുന്നില്‍ കണ്ട അല്‍പ്പം നീണ്ട ആകൃതിയിലുള്ള ചുവന്ന് തുടുത്ത പഴം അത്യാര്‍ത്തിയോടെ പറിച്ചെടുത്ത് ഭക്ഷിച്ചു. ക്ഷണനേരത്താല്‍ പാന്മിയുടെ വായും വയറും കത്തിയാളുന്ന അഗ്നിയാലെന്ന വണ്ണം എരിഞ്ഞു പുകഞ്ഞു തുടങ്ങി. പാന്മി ആ എരിച്ചിലിനൊരു പ്രതിവിധി തേടി വനത്തിലൂടെ ഇഴഞ്ഞു. പക്ഷെ ഒന്നും ലഭ്യമായില്ല. പുകച്ചില്‍ സഹിക്കവയ്യാതെ പാന്മി വനത്തില്‍ കിടന്നുരുണ്ടു കരഞ്ഞു. ബോധക്ഷയത്തിന്റെ വക്കിലെന്നവണ്ണം വായില്‍ നിന്ന് വെള്ളം പുറത്തേയ്ക്കിറ്റ് വീണ്, ആകാശത്തേക്ക് കണ്ണുകളുയര്‍ത്തി ഒരു പുല്‍മേടിന് മദ്ധ്യത്തിലായി മൃതപ്രായനായിക്കിടന്നു. അങ്ങനെ കിടക്കവേ അടഞ്ഞ കണ്‍പോളകളുടെ നേര്‍ത്ത വിടവിലൂടെ പാന്മി ഒരു കാഴ്ച്ച കണ്ടു. ഒരു തിത്തിരി പക്ഷി ഒരു കതിരുമായി തന്റെ നേര്‍ക്ക് പറന്ന് വരുന്നു. പാന്മിയുടെ വയറിന് മുകളിലായി ആ കതിര്‍ ഇട്ടതിന് ശേഷം പക്ഷി തിരിച്ചു പറന്നു. ആ കതിരിലെ ധാന്യമണികള്‍ പാന്മി എടുത്ത് ചവച്ചു തുടങ്ങി. ക്ഷിപ്ര നേരത്താല്‍ പാന്മിയുടെ വയറ്റിലെ എരിച്ചില്‍ മാറി. പാന്മി തിരികെ ഗ്രാമത്തിലേക്ക് പോയപ്പോള്‍ ആ ധാന്യമണിക്കതിരും, ചുവന്ന പഴച്ചെടിയും കൂടെക്കൊണ്ട് പോയിരുന്നു. അങ്ങനെയാണ് നാഗാലാന്‍ഡിലെ പ്രധാനഭക്ഷണം ഉരുത്തിരിഞ്ഞതത്രെ!.

നാഗാലാന്‍ഡിലെ ചുവന്ന മുളക് എരിവിന്റെ കാര്യത്തില്‍ പ്രശസ്തമാണ്. തീക്ഷണമായ ഗന്ധവും, ആകര്‍ഷകമായ രൂപഭംഗിയും, കടും ചുവപ്പ് വര്‍ണ്ണവും, മറ്റേത് മുളകിനേക്കള്‍ ഒമ്പതിരട്ടി എരിവും, ഔഷധ ഗുണവും  ഉണ്ടത്രെ ഈ മുളകിന്. അത്കൊണ്ട് ഇത് നാഗാകിങ് എന്നാണറിയപ്പെടുന്നത് തന്നെ.
ചന്ദനത്തിരിയുടെ മണം ഒഴുകിയകലവേ സുല്‍ ഫത്ത് രശ്മിമേനോനെ ഫോണില്‍ വിളിച്ചു.
“ഹലോ”
“രശ്മീ..ഈ നാഗാറെഡ് ചില്ലിയെക്കുറിച്ച് നിനക്കെന്തറിയാം?.”
“ നിന്റെ റേഞ്ചിലുള്ള ചോദ്യം ചോദിയ്ക്കെന്റെ പര്‍ദ്ദക്കുട്ടീ..”
“രശ്മമീ ഇറ്റ്സ് നോട്ട് എ ജോക്ക്. ഐ ആം സീരിയസ്.”
“എ കോള്‍ ഗേള്‍സ് നിക്നെയിം ഈസ് നാഗാ റെഡ് ചില്ലി.”
കണ്ണിലൂടെ നീര്‍മുത്തുകള്‍ ഒഴുകിയിറങ്ങിയപ്പോള്‍ എന്റെ നെഞ്ചിലൊരു ചുവന്ന മുളക് ഉടലു പിളര്‍ന്നു.തൊട്ടടുത്ത നിമിഷം വാട്ട്സ് ആപ്പില്‍ അടുത്ത വരികള്‍ തെളിഞ്ഞു.
“ആര്‍ യു ഹോട്ട്,  കോള്‍ ആഫ്ടെര്‍ 8.30 പി.എം. ഐ ആം നോട്ട് എ ബോക്സര്‍. ബട്ട് ഐ ക്യാന്‍ സാറ്റിസ്ഫൈ യൂ. ബിക്കോസ് ഐ ആം 15+.
“യ്യോ...” വായിച്ച് കഴിഞ്ഞതേ എന്റെ ഹൃദയം പാന്മിയുടെ വയറ് പോലെ കത്തിക്കാളി.. ഉറവയെടുത്ത മിഴികള്‍ വറ്റുന്നില്ല.  എന്റെ കറുത്ത പര്‍ദ്ദ ചുവപ്പായി കാറ്റിലിളകി ഊരിത്തെറിച്ചു. ഗോതമ്പ് നിറമാര്‍ന്ന ദേഹം കൂമ്പിയടഞ്ഞ് ഒരു നീണ്ട ചുവപ്പ് മുളകിനുള്ളിലേക്ക് കയറി കത്തി നീറിയമര്‍ന്ന് കൊണ്ടേയിരുന്നു.
ഞാന്‍ വോയ്സ് മെസേജും, കീ ബട്ടണും ഉപേക്ഷിച്ചു. കോള്‍ ബട്ടണ്‍ അമര്‍ത്തി. ഡോക്ടര്‍ കോള്‍ അറ്റന്‍ഡ് ചെയ്തിരിക്കുന്നു. പക്ഷേ ഇടറി വിങ്ങിയ സ്വരം തൊണ്ടയില്‍ അമര്‍ന്ന് പോയതിനാല്‍ ഞാന്‍ കോള്‍ കട്ട് ചെയ്തു. അതാ അവിടെ നിന്നും വിളിക്കുന്നു. ഞാന്‍ കോള്‍ അറ്റന്‍ഡ് ചെയ്തു. പക്ഷേ പുറത്തേക്ക് വന്ന വാക്കുകള്‍ വിങ്ങിപ്പൊട്ടിയപ്പോള്‍ ഞാന്‍ വീണ്ടും കട്ട് ചെയ്തു. കുറച്ച് നേരത്തിന് ശേഷം സംയമനം വീണ്ടെടുത്ത് ഞാന്‍ ചോദിക്കുക തന്നെ ചെയ്തു; “ ഒരു ഡോക്ടര്‍ക്കെങ്ങനെ അപരിചിതയായ എന്നൊടിങ്ങനെ സംസാരിക്കാന്‍ കഴിഞ്ഞു. ഞാന്‍ ഒരു ഹോട്ട് ഗേള്‍ ആണെന്ന നിഗമനത്തില്‍ എത്താന്‍ എന്താണ് കാരണം.?”

“ ‘ഫ്രൂട്ട്സ് ഫോര്‍ സെയില്‍’ എന്ന് പറഞ്ഞാല്‍ പിന്നെ ഞാനെന്താണ് ധരിക്കേണ്ടത്?”. ഞാന്‍ തരിച്ച് പോയി. ഫ്രൂട്ട്സ് ഹോള്‍സെയില്‍ എന്ന വോയ്സ് മെസേജ് ഒരു ഡോക്ടറെക്കൊണ്ടെന്തൊക്കെ ചിന്തിപ്പിച്ചിരിക്കുന്നു?!.

‘ആപ്പിളും തണ്ണിമത്തനും’ ഇഷ്ടമായ ഡോക്ടറുടെ പിറകോട്ട് തെന്നിമാറിയ കഷണ്ടിയില്‍ ചുവപ്പ് ഉരുകിപ്പടരുന്നതും,  തലച്ചോറിനുള്ളിലേക്ക് ആ ചുവപ്പ് കിനിഞ്ഞിറങ്ങുന്നതും ഞാന്‍ കണ്ടു. സ്റ്റെതസ്ക്കോപ്പ് ഊര്‍ന്നിറങ്ങിയ കയ്യില്‍ ബോക്സിങ് ഗ് ളൌസ്!. ചുവപ്പ് മുളകില്‍ നിന്നും ഊര്‍ന്നിറങ്ങിയ എന്റെ ദേഹത്തിലെ മുഷ്ടിയിലും ബോക്സിങ്  ഗ് ളൌസ്!. ഞാനും തയ്യാറായി. വേദനകള്‍ വേദന പകര്‍ന്ന് തന്നെ എരിഞ്ഞടങ്ങണം.

ഞാന്‍ ഇന്നലെ തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിച്ചു. കോഴിക്കോട്ടുള്ള വീട്ടിലെത്തുക എന്നതിലുപരി ഡോക്ടറായിരുന്നു എന്റെ മനസ്സില്‍.
 
വിളിച്ച് പറഞ്ഞതിന് ശേഷം വന്നത്കൊണ്ട്  കോളിങ് ബെല്ലില്‍ വിരല്‍ അമര്‍ന്നപ്പോള്‍ പ്രതീക്ഷിച്ചിട്ടെന്നവണ്ണം വാതില്‍ തുറന്നു. ഞാന്‍ ദീര്‍ഘനിശ്വാസം ചെയ്തു. അകത്തേക്ക് കയറിയപ്പോള്‍ തന്നെ വാതില്‍ ലോക്ക് ചെയ്ത വിധം ശ്രദ്ധിക്കാതിരുന്നില്ല. സുറുമയെഴുതിയ മിഴികളെ കുറിച്ചുള്ള ഈരടികള്‍ ഞാന്‍ പോകുന്ന വഴികളിലെല്ലാം അലയടിച്ചു തുടങ്ങിയപ്പോഴാണ് ഞാന്‍ ബുര്‍ഖയുടെ ഉയര്‍ത്തിയ ഭാഗം താഴ്ത്തി കണ്ണുകള്‍ കൂടി മറച്ചു തുടങ്ങിയത്. അത്കൊണ്ടിപ്പോള്‍  മുഖത്തെ പരിഭ്രമം ഒളിക്കേണ്ടതായി വന്നില്ല. സ്വരത്തില്‍ പ്രസന്നത വരുത്താന്‍ ശ്രമിച്ചു.
“ഡോക്ടര്‍ .ഞാന്‍.സുല്‍ ഫത്”
“അറിയാം. ഒരു പേരില്‍ നിന്നും നമുക്കിപ്പോള്‍ പലതും കണ്ട് പിടിക്കാന്‍ കഴിയുമല്ലോ..”
പ്രൊഫൈല്‍ പിക്ച്ചറിലുള്ളതിനേക്കാളും ഡോക്ടറുടെ തലമുടി പിന്നോട്ടിറങ്ങിയിരിക്കുന്നു. ചെറിയ കുറുകിയ കണ്ണുകളില്‍ എല്ലാ കൌശലവും തുളുമ്പി നില്‍ക്കുന്നു. ആ ഫുള്‍സ് ളീവ് ഡ്രസിങ്ങും പാന്റും എനിക്ക് അരോചകമായി തോന്നി. ആ ഗോതമ്പ് പാടത്തൊരു ചുവപ്പായി പടരാന്‍ ഞാന്‍ കൊതിച്ചിരിക്കുകയാണ്.
ഡോക്ടറുടെ കണ്ണും അക്ഷമ വിളിച്ചോതുന്നു.
“ഈ പര്‍ദ്ദ ദേഹം പൊള്ളിക്കുന്നില്ലേ?”
“ തീര്‍ച്ചയായും ഡോക്ടര്‍, ഞാനിത് മാറ്റട്ടെ”
ശിരോവസ്ത്രം ഊരി മാറ്റിയപ്പോള്‍ ഡോക്ടറുടെ കണ്ണുകളിലെ വന്യമായ തിളക്കം കണ്ട്  ഞാന്‍ ഊറിച്ചിരിച്ചു. പര്‍ദ്ദയുടെ സിബ്ബ് രണ്ടിഞ്ച് താഴേക്ക് വലിച്ച് താഴ്ത്തിയപ്പോള്‍ ‘ഹൊ!’ എന്നൊരു ആശ്ചര്യ സൂചകം ഡോക്ടറില്‍ നിന്നും ഉയര്‍ന്നത് ഞാന്‍ ശ്രദ്ധിച്ചതായി ഭാവിച്ചില്ല. പര്‍ദ്ദയ്ക്ക് കീഴെ നെറ്റ് കൊണ്ട് തീര്‍ത്ത വൈറ്റ് സ് ളീവ്ലെസ് ലിനന്‍ ഗൌണ്‍ എന്നോടൊട്ടിച്ചേര്‍ന്ന് കിടന്നിരുന്നെങ്കിലും  ഞാന്‍ സിബ്ബ് വീണ്ടും മുകളിലേക്ക് തന്നെ ഉയര്‍ത്തി. കാരണം ഡോക്ടര്‍ ഇതിനോടകം വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞ് കഴിഞ്ഞിരുന്നു.

കിടക്കയിലേക്ക് പിടിച്ചമര്‍ത്തിയപ്പോഴും ഞാനെന്റെ കയ്യിലെ ഹാന്‍ഡ് കര്‍ച്ചീഫ് അമര്‍ത്തി പ്പിടിച്ചു.  ഡോക്ടറുടെ ഭാവങ്ങള്‍ വെറ്റില്ല ഗന്ധമുയര്‍ത്തുന്നു.കാട്ടുപൊന്തകള്‍ ഒടിഞ്ഞമരുന്ന ശബ്ദം. ഇപ്പോള്‍ പാന്മിയുടെ അടിവയറ്റിലും നെഞ്ചിലും തീഗോളങ്ങള്‍ ഉരുണ്ട് കൂടിയത് എനിക്ക് കാണാന്‍ കഴിയുന്നു. പുകച്ചിലിന് ശമനം കാണാതെ വായില്‍ നിന്ന് വെള്ളമിറ്റ് പുല്‍ത്തകിടിയില്‍ പുളഞ്ഞുലയുന്ന പാന്മി. മൃതപ്രായനെന്ന വണ്ണം യാചിക്കുന്ന മിഴികള്‍. ഇപ്പോള്‍ തിത്തിരിപ്പക്ഷിയ്ക്ക് ചിറക് വിടര്‍ത്തിയേ മതിയാകൂ.

ഞാനെന്റെ കൈപ്പിടിയിലെ ഹാന്‍ഡ് കര്‍ച്ചീഫില്‍ നിന്ന് ചുവപ്പിന്റെ പിളര്‍ന്ന അറ്റം കതിര്‍ക്കുലയെന്നവണ്ണം ഡോക്ടറുടെ നനവിറ്റിയ മൃദുലതകളില്‍ തഴുകി. ഗോതമ്പ് നിറമാര്‍ന്ന മേനിയില്‍ അതിദ്രുതം ചുവന്ന കതിര്‍ ഓടിക്കവേ ചില അരിമണികള്‍ ഗോതമ്പ് നിറത്തിനോട് പുല്‍കി പ്രണയിക്കുന്നതും ഞാന്‍ കണ്ടു.

പാന്മിയുടെ കത്തിയാളല്‍ കണ്ടു നില്‍ക്കാനാവാതെ നിമിഷങ്ങള്‍ക്കുള്ളില്‍ ഞാന്‍ ധൃതിയില്‍ ശിരോവസ്ത്രമണിഞ്ഞ് വാതില്‍ തുറന്ന് പുറത്ത് കടന്നു. തിരിഞ്ഞ് നോക്കുമ്പോള്‍ വാതിലിന്  മുകളിലെ ചിത്രത്തില്‍ ചുണ്ടില്‍ ശ്....ന്ന് വിരല്‍ ചേര്‍ത്തൊരു വെളുത്ത മുടിക്കാരി സുന്ദരിക്കുട്ടി.

34 അഭിപ്രായങ്ങൾ:

Geetha പറഞ്ഞു...

"ഹാൻഡ്‌ കർചീഫ് അമർത്തിപ്പിടിച്ചിരുന്നു". " പുകച്ചിലിനു ശമനം കാണാതെ വായിൽനിന്നു വെള്ളമിറ്റു പുളഞ്ഞുലയുന്ന പാന്മി". സുൽഫത് കാണിച്ച ധൈര്യം. എല്ലാം നന്നായി പറഞ്ഞവസാനിപ്പിച്ചിരിക്കുന്നു. ആശംസകൾ

പട്ടേപ്പാടം റാംജി പറഞ്ഞു...

അവതരണം നന്നായിരിക്കുന്നു.

റോസാപ്പൂക്കള്‍ പറഞ്ഞു...

വാതിലിന് മുകളിലെ ചിത്രത്തില്‍ ചുണ്ടില്‍ ശ്....ന്ന് വിരല്‍ ചേര്‍ത്തൊരു വെളുത്ത മുടിക്കാരിയെ ഇനിയെങ്കിലും അദ്ദേഹം ഒന്ന് നോക്കിയാല്‍ മതിയായിരുന്നു.
നല്ല കഥ

Manu Manavan Mayyanad പറഞ്ഞു...

നന്നായിരിക്കുന്നു , മനോഹരം

ഷൈജു.എ.എച്ച് പറഞ്ഞു...

അവതരണം മനോഹരമായി...ആശംസകൾ

ഷംസ്-കിഴാടയില്‍ പറഞ്ഞു...

കൊള്ളാം..... നിശ്ശബ്ദം ചെയ്യേണ്ട ചിലതുകള്‍....

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

കഥയുടെ ശൈലിയും അവതരണവും അതീവ ആകര്‍ഷകം . പക്ഷെ പ്രമേയത്തിലെ രീതിയോട് താല്പര്യം തോന്നുന്നില്ല. വെറുമൊരു അവഗണനയുടെ മറവിലോ മൂര്‍ച്ചയേറിയ വാക്കുകളിലോ കൂടിയാല്‍ കുടുംബ പരമായോ നിയമപരമായോ തീര്‍ക്കേണ്ട വിഷയത്തെ ഇത്രമേല്‍ സങ്കീര്‍ണ്ണമായ അവസ്ഥയിലേക്കെത്തിക്കാന്‍ നമ്മുടെ സഹോദരിമാര്‍ മുതിരേണ്ട ആവശ്യമുണ്ടോ ? അത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് എത്തിക്കുകയെ ഉള്ളൂ.
ഒരു ഡോക്ടര്‍ക്ക് നീറ്റലിന് പ്രതിവിധി ലഭിക്കാന്‍ പ്രയാസം ഉണ്ടാകേണ്ടതുമില്ല .

Anu Maniyar പറഞ്ഞു...

അവതരണശൈലി കൊണ്ട് വളരെ മനോഹരമായി ...

സുധി അറയ്ക്കൽ പറഞ്ഞു...

ഹോ.എന്നതാ പറയണ്ടേന്നറിയില്ലല്ലൊ.സൂക്ഷിക്കുക അത്ര തന്നെ.

ajith പറഞ്ഞു...

നന്നായി എഴുതി

Bipin പറഞ്ഞു...

ആ കറുത്ത പർദ്ദയ്ക്കുള്ളിൽ നാഗാലാണ്ട് ചുവന്ന മുളകിനെക്കാൾ "ഹോട്ട്" ആയിരുന്നുവെന്ന് മനസ്സിലായി. അല്ലെങ്കിൽ അറിയാതെ കൈ ചെന്നു പെട്ട ബദറുദീനുമായി ഇത്രയും ആശയ വിനിമയം നടത്താനും അയാളെ തേടി തിരുവനന്തപുരത്ത് നിന്നും കോഴിക്കോട് വരെ പോകാനും തോന്നിയത് മറ്റെന്തിനാണ്? 'ഫോർ സെയിൽ' എന്ന ഒറ്റ ധാരണയിൽ ആണ് ആ പാവം മുന്നോട്ടു പോയത്. അതും 'മഴവിൽക്കൊടി പോലത്തെ പുരികവും മസ്കരയിട്ട കണ്‍ പോലകളും,സുറുമയിട്ട മിഴികളും' ഒരു മറഞ്ഞിരിക്കുന്ന മൊഞ്ചത്തിയുടെ ഇങ്ങോട്ട് വന്ന'ഹായ്' മെസ്സെജിൽ. ഇത്രയും പ്രലോഭിച്ചത് കൊണ്ട്. ആ പാവത്തോട് ,ഈ കൊലച്ചതി വേണ്ടായിരുന്നു. എൻറെ സുൽഫത്തേ. ( ഞാൻ എന്ന് എല്ലായ്പ്പോഴും പറഞ്ഞിട്ട് "സുൽഫത്ത് ഫോണ്‍ ചെയ്തു" എന്ന് ഒരിക്കൽ മാത്രം.)

അത് കൊണ്ട് കഥ അത്ര വിശ്വസനീയമായില്ല. അൽപ്പം നീണ്ടു പോയി. എന്നാലും കഥ കൊള്ളാം.

Pradeep Kumar പറഞ്ഞു...

ദിവസങ്ങൾക്ക്മുമ്പ് ആദ്യവായനക്കാരനായി ഈ കഥ വായിച്ചിരുന്നു. പെട്ടെന്നുള്ള വായനയിൽ കഥയോട് വലിയ ഇഷ്ടം തോന്നിയില്ല. അതുകൊണ്ട് മൗനംകൊണ്ട് പ്രതികരണമറിയിക്കാം എന്നു തീരുമാനിച്ചു. ഇന്ന് വീണ്ടും ഈ കഥ വായിക്കുമ്പോൾ കൂടുതൽ ആഴവും പരപ്പുമുള്ള ഒരു കഥാതന്തുവാണിതെന്ന് തിരിച്ചറിയുന്നു. നാഗാലാന്റിലെ മുളകിന്റെ കഥയോട് ഈ കഥയിലെ നായികയുടെ മനസ്സിനെ ചേർത്ത് പറഞ്ഞതിലൂടെ എഴുത്തുകാരി കഴിവ് തെളിയിക്കുന്നു.....

SHAMSUDEEN THOPPIL പറഞ്ഞു...

eththaaaaaa അവതരണം മനോഹരമായി...ആശംസകൾ
ആശംസകള്‍

Cv Thankappan പറഞ്ഞു...

മുമ്പേ 'മലയാളി ഡെയിലി ന്യൂസി'ല്‍ വായിക്കുകയും,ഇഷ്ടപ്പെടുകയും ചെയ്തിരുന്നു "നാഗലാന്‍ഡിലെ ചുവപ്പ് മുളക്".
തീക്ഷ്ണമായ ഗന്ധവും,ആകര്‍ഷകമായ രൂപഭംഗിയും, തൊട്ടാല്‍ എരിപൊരിസഞ്ചാരം സൃഷ്ടിക്കുന്ന എരിവും ചേര്‍ത്തൊരുക്കുന്ന അവതരണശൈലി ഈ കഥയ്ക്ക്‌ മികവും,തിളക്കവും നല്‍കുന്നു.
ആശംസകള്‍

ഷിറാസ് വാടാനപ്പള്ളി പറഞ്ഞു...

നന്നായി ട്ടാ അഭിനന്ദനങ്ങള്‍

മിനി പി സി പറഞ്ഞു...

കൊള്ളാം തുമ്പീ .

K@nn(())raan*خلي ولي പറഞ്ഞു...

നീട്ടിവലിച്ചുള്ള ബോറന്‍ പ്രമേയം. അവതരണ ശൈലികൊണ്ട് മുഷിഞ്ഞില്ല.
ചുമ്മാ സമയം കളഞ്ഞു!

സുധി അറയ്ക്കൽ പറഞ്ഞു...

കണ്ണുവിനോട്‌ യോജിക്കുന്നില്ല.

അനശ്വര പറഞ്ഞു...

തുംപിയുടെ മറ്റു കഥകള്‍ക്കൊപ്പം എത്തീല്ല...

വിനോദ് കുട്ടത്ത് പറഞ്ഞു...

ഇതാരുടെയെങ്കിലും അനുഭവം ആവാതിരിക്കാന്‍ ആത്മാര്‍ത്ഥമായും ആഗ്രഹിക്കുന്നു..... വളരെ നന്നായി ....നല്ലൊരു വായന തന്നു......ആശംസകൾ

Unknown പറഞ്ഞു...


വെറുതെ ടൈറ്റില്‍ വായിച്ചു പോകുകയായിരുന്നു.. ആരെയും പിടിച്ചിരുത്തുന്ന ശൈലി. കുറെയെണ്ണം വായിച്ചു. ഗംഭീരം....ആശംസകള്‍

Unknown പറഞ്ഞു...


വെറുതെ ടൈറ്റില്‍ വായിച്ചു പോകുകയായിരുന്നു.. ആരെയും പിടിച്ചിരുത്തുന്ന ശൈലി. കുറെയെണ്ണം വായിച്ചു. ഗംഭീരം....ആശംസകള്‍

Unknown പറഞ്ഞു...


വെറുതെ ടൈറ്റില്‍ വായിച്ചു പോകുകയായിരുന്നു.. ആരെയും പിടിച്ചിരുത്തുന്ന ശൈലി. കുറെയെണ്ണം വായിച്ചു. ഗംഭീരം....ആശംസകള്‍

Unknown പറഞ്ഞു...


വെറുതെ ടൈറ്റില്‍ വായിച്ചു പോകുകയായിരുന്നു.. ആരെയും പിടിച്ചിരുത്തുന്ന ശൈലി. കുറെയെണ്ണം വായിച്ചു. ഗംഭീരം....ആശംസകള്‍

Shahida Abdul Jaleel പറഞ്ഞു...

വളരെ നന്നായ നല്ലൊരു വായന തന്നു..

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഈ അവതരണമാണ്
കഥയിൽ മികച്ച് നിൽക്കുന്നത് കേട്ടൊ തുമ്പി.

കൊല്ലം ഷിഹാബ് പറഞ്ഞു...

ഒന്നില്‍ നിന്ന് മറ്റൊന്നിലൂടെ കഥയില്‍ എത്തുന്ന ശൈലി വളരെയധികം ഇഷ്ടപ്പെട്ടു ..ആശംസകള്‍ ..

അന്തിമഴ പറഞ്ഞു...

കൊള്ളാം

അന്തിമഴ പറഞ്ഞു...

കൊള്ളാം

Subair Irfani പറഞ്ഞു...

Nice story

Subair Irfani പറഞ്ഞു...

Nice story

p m mohamadali പറഞ്ഞു...





കഥ പറച്ചിൽ കൊള്ളാം നല്ല എരുവും രുചിയും ഉണ്ട് കാ‍ന്താരി തീക്ഷണം തന്നേ

Unknown പറഞ്ഞു...

super.................

അഷ്‌റഫ് പറഞ്ഞു...

ആശംസകൾ .. നല്ല എഴുത്ത് , ഞാൻ ആദ്യമായാണ്‌ നിങ്ങളെ വായിക്കുന്നത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറ്റങ്ങളും, കുറവുകളും ചൂണ്ടിക്കാണിക്കുമ്പോള്‍ എനിക്കത് സംതൃപ്തിയേകുന്നു.