Smiley face

2014, ഏപ്രിൽ 18, വെള്ളിയാഴ്‌ച

ഒരു പുതുനോവിന്റെ ഓര്‍മ്മയില്‍


ഇച്ചാക്കയുടെ ( ഭര്‍ത്താവ് എന്ന സ്ഥാനപ്പേരില്‍ അറിയപ്പെടുന്ന എന്റെ കൂട്ടുകാരന്‍) വീട്ടില്‍  ജോലിയൊഴിഞ്ഞ അപൂര്‍വ്വം ചില പകലുകളില്‍ ഞാന്‍ പലപ്പോഴും എന്റെ വീര്‍ത്തുന്തിയ വയറിലേക്ക് നോക്കി ഭയപ്പെട്ടു; ഈ സിമന്റ് തറയില്‍ രക്തത്തില്‍ കുളിച്ചൊരു കുഞ്ഞ് പിറന്ന് വീഴും. വരാനിരിക്കുന്ന ആ അമ്മയാകല്‍ സംഭവത്തിന് പതിനാല് ദിവസം മുന്‍പ് ഞാന്‍ ഇച്ചാക്കയുടെ വീട്ടില്‍ നിന്നും എന്റെ നാട്ടിലെത്തി.
ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ വീടിന് തൊട്ടടുത്തുള്ള താലൂക്കാശുപത്രിയില്‍ പോയിരുന്നു. പരിശോധനയ്ക്ക് ശേഷം ഒരാഴ്ച്ച കഴിഞ്ഞ് വരാന്‍ ഡോക്ടര്‍ പറഞ്ഞു.  ഡോക്ടറെ ക്വാര്‍ട്ടേഴ്സില്‍ പോയികണ്ടപ്പോള്‍ എന്റെ കൂടെ ഉമ്മായും നാലാമത്തെ ഇത്ത്ത്തായും ഉണ്ടായിരുന്നു. ഡ്രസ് മാറി ടേബിളില്‍ കയറി കിടക്കാന്‍ പറഞ്ഞപ്പോള്‍ എന്റെ മനസ്സ് ആവലാതിപൂണ്ടു. ‘വയറിന് പുറത്ത് കുഴല് വെച്ച് നോക്കിയാപ്പോരേ’ എന്ന് എന്റെ ഉള്ളം ചോദിച്ചു.ലേഡി ഡോക്ടറായിരുന്നെങ്കിലും ഗ് ളൌസിട്ട് തയ്യാറായി നിന്ന അവരുടെ മുന്നില്‍ ഞാന്‍ മടിച്ചു. “ഉം..കയറികിടക്ക് .” അക്ഷമയായ ഡോക്ടര്‍ക്കുമുന്നില്‍ ഞാന്‍ ചൂളിക്കിടന്നു. “ഇന്ന് തന്നെ അഡ്മിറ്റായിക്കോളൂ”. ഡോക്ടര്‍ അങ്ങനെ പറഞ്ഞപ്പോള്‍ ഉമ്മ പറഞ്ഞു; ഈ റോഡിന്റെ അപ്പുറത്താണ് വീട്. അസുഖം തുടങ്ങുമ്പോള്‍ കൊണ്ട് വന്നോളാം”. എനിക്കും അതായിരുന്നു സന്തോഷം. അല്ലെങ്കിലും ഈ ഡോക്ടര്‍ക്കെന്തറിയാം?. ഒരസുഖമോ, ക്ഷീണമോ ഇല്ലാത്ത എന്നെ പിടിച്ച് ഇവിടെ കിടത്തണോ?.

 ഡോക്ടര്‍ ലക്ഷണം പറഞ്ഞു തന്നു. ആദ്യം ഒരു വേദന വന്നിട്ട് പിന്നെ കുറേനേരത്തേക്ക് വേദന കാണില്ല. ഒരിടവേളക്ക് ശേഷം വീണ്ടും ചലനങ്ങളും വേദനയും കാണും. ചിലപ്പോള്‍ നനവ് അനുഭവപ്പെടുകയും ചെയ്യും. ഞാന്‍ കുനിഞ്ഞ മുഖത്തോടെ കേട്ട് നിന്നു.
വീട്ടിലെത്തി മദ്ധ്യാഹ്നം  കഴിഞ്ഞു, അപരാഹ്നം കഴിഞ്ഞു, സന്ധ്യയായി. അസ്വസ്ത്ഥതകളൊന്നും എന്നിലേക്ക് എത്തിനോക്കുന്നതേയില്ല. കടലയും കൊറിച്ച് കസേരയില്‍ ചമ്രം പടിഞ്ഞിരുന്ന് ഞാന്‍ ടിവി കണ്ടു.
ഉമ്മായുടെ കൂടെയാണ് കിടപ്പ്. രാത്രി മിക്കപ്പോഴും എന്റെ വയറിന് മുകളില്‍ ആ കൈകള്‍ പരതുന്നത് ഞാന്‍ ഉറക്കത്തിലും അറിയുന്നുണ്ട്. കുഞ്ഞിന് അനക്കമുണ്ടോ, ഇല്ലയോ എന്ന പരവേശമെല്ലാം അവരുടെ സ്വന്തം. എന്നെ ഇതൊന്നും അലട്ടാറില്ല. അര്‍ദ്ധരാത്രിയായപ്പോള്‍ മുതല്‍ ഉറക്കം നഷ്ടപ്പെട്ടത് പോലെ. ഈ ഡോക്ടര്‍ ഓരോന്ന് പറഞ്ഞത്കൊണ്ട് വേണ്ടാത്ത ഓരോരോ തോന്നലുകള്‍. വയറ്റില്‍ അനങ്ങുന്നുണ്ടോ?. ഇല്ല...ഉണ്ട്. ഏയ്..അതിനെ അനക്കമെന്ന് പറയാമോ?. ഇതായിരിക്കില്ല ഡോക്ടര്‍ ഉദ്ദേശിച്ചത്. പിന്നേയും അനങ്ങുന്നോ?ഈ വേദനയുടെ പേര് പറഞ്ഞാണല്ലോ അമ്മമാര്‍ മക്കളെ ഒമ്പതിന്റേയും, പത്തിന്റേയും കണക്ക് പഠിപ്പിക്കുന്നത്. എനിക്കാണെങ്കില്‍ കണക്ക് പറയാന്‍ തോന്നത്തക്ക രീതിയില്‍ ഒന്നും തോന്നുന്നുമില്ല.
എങ്കിലും എപ്പോഴും കൈവെച്ച് അനക്കം നോക്കുന്ന ഉമ്മായെ വിളിച്ചൊന്ന് സൂചിപ്പിച്ചു.“അഞ്ചെട്ട് തവണയായി എന്തോ പോലെ തോന്നണൂ.
ആ അര്‍ദ്ധരാത്രി തന്നെ ഉമ്മ ചാടിപിടഞെഴുന്നേറ്റു.  നേരത്തെ മടക്കി തയ്യാറാക്കിവെച്ചിരുന്ന തുണികളെല്ലാം പ് ളാസ്റ്റിക് കവറില്‍ കുത്തി നിറക്കാന്‍ തുടങ്ങി. എനിക്ക് ചിരി വന്നു.

“അങ്ങനെയൊന്നൂല്ലുമ്മാ..കിടന്നുറങ്ങിക്കോ..നേരം വെളുത്തിട്ട് പോയാപ്പോരേ ഹോസ്പിറ്റലില്‍”. സമയം രാത്രി പന്ത്രണ്ടരയാണ്. ഒന്ന് ടോയ്ലറ്റില്‍ പോയിട്ടിറങ്ങിവന്നപ്പോള്‍ ഉമ്മ പുറത്ത് കാത്ത് നില്‍ക്കുന്നു. “എന്താ.?”.

 “ഒന്നൂല്ലുമ്മാ..”.

 ഞാന്‍ വന്നു കിടന്നു. ഒന്നൂടെ ടോയ്ലെറ്റില്‍ പോയാലോ...വീണ്ടും പോയി. അപ്പോള്‍ ഉമ്മ കുഞ്ഞിക്ക്ക്കായുടെ മുറിക്ക് മുന്നില്‍ നിന്ന് വാതിലില്‍ തട്ടുകയാണ്.

 “മോനേ...എണീക്കെടാ...കൊച്ചിനെ ആശൂത്രിക്കൊണ്ടോണം”. ഞാനത് തടഞ്ഞു. വേണ്ടുമ്മാ രാവിലെ പോയാ മതി.”

ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ ചെറിയ വേദന കൊളുത്തിവലിക്കുന്ന വേദനയായി. “പോകാമുമ്മാ...ഇപ്പൊ തന്നെ പോകാം.” ഞാന്‍ വാപ്പായുടെ അരികില്‍ ചെന്ന് പോവാണെന്ന് പറഞ്ഞു. വാപ്പ കിഡ്നി സ്റ്റോണ്‍ റിമൂവ് ചെയ്ത് ട്യൂബിട്ട് കിടപ്പാണ്. വഴിയില്‍ ഇരുട്ട്. ടോര്‍ച്ചില്‍ ബാറ്ററിയില്ല. വിളക്ക് കൊളുത്തി മുന്നില്‍ കുഞ്ഞിക്ക. പിന്നില്‍ ഉമ്മായെന്റെ കയ്യില്‍ പിടിച്ച് തൊട്ടടുത്ത വീടിന്റെ മുന്നിലൂടെ ഷോര്‍ട്ട്കട്ടില്‍ റോഡിലേക്കിറങ്ങി. വഴിയില്‍ വെച്ച് വീണ്ടുമൊരു വേദന പിടികൂടി. അതമര്‍ത്താന്‍ വേണ്ടി ഞാന്‍ ഉമ്മായുടെ മുണ്ടിന്‍ കുത്തില്‍ അമര്‍ത്തിപിടിച്ചു.

“മോനേ... ഒന്ന് നിക്ക്. കൊച്ച് വേദനയൊന്ന് ഒതുക്കട്ടെ.”നിന്നു. വീണ്ടും നടന്നു. റോഡിന്റെ നടുക്കെത്തിയപ്പോള്‍ വീണ്ടും വേദന. തട്ടുകടയ്ക്ക് മുന്നില്‍ ആളുകള്‍.  ഞാന്‍ ഉമ്മായുടെ പുറകില്‍ പതുങ്ങി നടക്കാനാവാതെ വേദന തിന്ന് നിന്നു. പിന്നെ റോഡിന്റപ്പുറം കടന്ന് ഹോസ്പിറ്റലിന്റെ വാതിലില്‍ എത്തി. തൊട്ടടുത്ത ക്വാര്‍ട്ടേഴ്സില്‍ ഡോക്ടര്‍ ഉറക്കമാണ്. 

ലേബര്‍ റുമിനരികിലെ ഒരു റൂമില്‍ പരിശോധന കഴിഞ്ഞ് എന്നെ ലേബര്‍ റൂമിലേക്ക് മാറ്റി. ഒരു ക് ളീനിങും, പിന്നെ എനിമയും. വയര്‍കഴുകിയപ്പോള്‍ കുഞ്ഞിത്ത്ത്ത പറഞ്ഞതോര്‍ത്ത് ഞാന്‍ ഭയന്നു. വയറ് കഴുകിയാല്‍ പിന്നെ നമുക്ക് നിയന്ത്രിക്കാന്‍ കഴിയില്ല. പെട്ടെന്ന്  ടോയ്ലറ്റില്‍ പോയിരിക്കണം. സിസ്റ്റര്‍ പറഞ്ഞു;പൊയ്ക്കൊള്ളൂ. സിസ്റ്റര്‍ ദൂരേക്ക് കൈ ചൂണ്ടി. ഞാന്‍ ടോയ്ലറ്റ് നോക്കി. അടുത്തെങ്ങും ടോയ്ലറ്റ് കണ്ടില്ല. അടുത്തുള്ളത് വൃത്തികേടാകാതെ സിസ്റ്റേഴ്സ് കയ്യടക്കിയിരിക്കുകയാണ്. ഉമ്മയെന്നെ കൈപിടിച്ചു നടത്തി. രണ്ട് ഇടനാഴികളും, ഒരു ഹാളും കടന്ന് ഒരു ടോയ്ലറ്റില്‍. ഭയന്നത് പോലെയൊരു തോന്നലുമുണ്ടായില്ല.

 പക്ഷേ എനിക്കത്രയും നടക്കാന്‍ ആവുന്നില്ലായിരുന്നു. ടോയ്ലറ്റില്‍ നിന്ന് എഴുന്നേല്‍ക്കാനുമാകുന്നില്ല. ഞാന്‍ പുറത്തിറങ്ങി. വീണ്ടും അകത്ത് കയറി. വീണ്ടും പുറത്തിറങ്ങി. വീണ്ടും അകത്തേക്ക്. ആരോ പുറത്ത് സംസാരിക്കുന്നു; “ ഉമ്മാ...ടോയ്ലെറ്റിലെങ്ങാനും...”.പെട്ടെന്ന് ഉമ്മ അകത്തേക്ക് കയറി വന്നെന്നെ പിടിച്ച് കൊണ്ടുപോയി ലേബര്‍ റൂമിലാക്കി.


തണുത്ത് മരവിച്ച അലുമിനിയം ടേബിളില്‍ അവര്‍ ധരിപ്പിച്ച ഒരു ഗൌണില്‍. സമയം ഒരു മണി. നല്ല തണുപ്പുള്ള രാത്രിയായിട്ടും ആ അലുമിനിയം ടേബിളില്‍ കിടന്ന് ഞാന്‍ വിയര്‍ത്ത് കുളിച്ച് പൊള്ളിപ്പിടഞ്ഞു. “എനിക്കാ ഫാനൊന്നിട്ട് താ...”. ഞാന്‍ ദയനീയമായി യാചിച്ചു. വേദനയാണോ, ചൂടാണോ കൂടുതലെന്ന് എനിക്ക് തിരി്ച്ചറിയാനാകുന്നില്ല. “ഫാനൊന്ന് ഇട്ട് തര്വോ...”. ആ രാത്രിയിലെ കൊടും തണുപ്പ് സിസ്റ്ററിന് സഹിക്കാവുന്നതായിരുന്നില്ല. എന്റെ രോദനം വനരോദനമായി മാറി. അവരെന്നെ അവിടെ കിടത്തി പുറത്തിറങ്ങിപ്പോയി.
ഉമ്മ ചൂട് കാപ്പിയുമായി കടന്ന് വന്നു. ഞാനത് ചുണ്ടോടടുപ്പിച്ചപ്പോഴേക്കും അടുത്ത വേദന വന്നു. എനിക്കത് കുടിക്കാന്‍ കഴിഞ്ഞില്ല. ഞാനത് നിരസിച്ചു. ലേബര്‍ റൂമിലേക്ക് ആര്‍ക്കും പ്രവേശനമില്ലാത്തത് കൊണ്ട് ഉമ്മ പുറത്തായി. ഞാന്‍ തനിയെ അകത്തും. ഒരു കൈപ്പിടിയുള്ള പലകയില്‍ നിറയെ മുള്ളാണികള്‍ അടിച്ച് കയറ്റി, ആ പലക എന്റെ വയറ്റിനുള്ളീല്‍ കടത്തി ആരോ വീണ്ടും വീണ്ടും താഴേക്ക് വലിക്കുകയാണ്. ഞാന്‍ ചൊല്ലുന്നു; നാരിയത്ത് സ്വലാത്ത്, ആയത്തുല്‍കുര്‍സി, സുബ് ഹാനള്ളാ,അല്‍ഹംദുലില്ലാ....... ഈ പ്രാര്‍ത്ഥനകളൊക്കെ വേദന സംഹാരികളായി മാറുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. എന്റെ വേദനകളൊക്കെ എവിടെയോ അമര്‍ത്തിപിടിച്ച് എനിക്കില്ലാതാക്കണം. ടേബിളില്‍ അമര്‍ത്തി പിടിക്കാനൊരിടമില്ല.

 എന്റെ തലഭാഗത്തായി ഭിത്തിയില്‍ ഒരു ജനലുണ്ട്. ജനല്‍ കമ്പി പിടിച്ച് ഞെരിച്ചുടച്ച് വേദന പങ്കിടാനായി ഞാന്‍ കട്ടിലില്‍ നിന്നും മുകളിലേക്ക് തെന്നിത്തെറിച്ച് ചെന്ന് കമ്പിയില്‍ പിടിത്തമിട്ടു. ഇടയ്ക്ക് നഴ്സ് കയറി വന്ന് എന്നെ താഴേക്ക് വലിച്ചിറക്കി കിടത്തി. കട്ടിലിന്റെ താഴെ അഴുക്ക് പോകാനായി ഒരു ഹോളുണ്ട്. അവിടെയാണ് കിടപ്പിന്റെ സ്ഥാനം ശരിയാകുന്നത്. പക്ഷേ നഴ്സ് പുറത്തിറങ്ങിയപ്പോള്‍ ഞാനെന്റെ സ്ഥാനം ശരിയാക്കി. എനിക്ക് ജനല്‍ കമ്പിയാണെന്റെ വേദന പങ്ക് വെയ്ക്കാനൊരിടം. ഞാന്‍ മുകളിലേക്ക് കയറി.

 വീണ്ടും പ്രാര്‍ത്ഥനകള്‍. അപ്പോഴാണ് തൊട്ടടുത്ത ബെഡില്‍ മറ്റൊരു സ്ത്രീയെക്കൊണ്ട് കിടത്തിയത്. ഒരു വേള അവരുടെ നഗ്നമായ പിന്‍ഭാഗത്ത് എന്റെ കണ്ണുകളുടക്കി. ഞാന്‍ ആ വേദനയിലും ആ ശരീരത്തിന്റെ അഭംഗി വീക്ഷിച്ചു.” ച്ചെ..

 എങ്കിലും ഞാന്‍ അവരുടെ വീര്‍ത്തുന്തിയ വയറും വേദനയില്ലാതെ പെട്ടെന്ന് ശൂന്യമാകുന്നതിന് വേണ്ടി പ്രാര്‍ത്ഥിച്ചു. പിന്നെ പ്രാര്‍ത്ഥനകള്‍ ലോകത്തിലെ സകല ഗര്‍ഭിണികള്‍ക്കും വേണ്ടിയായി മാറി. ലോകത്തിലെ സമസ്ത വേദനകളും ഞാന്‍ കണ്ടു. അതേ നിമിഷം ലോകത്തില്‍ വേദനയനുഭവിക്കുന്ന ഓരോ അണുവിട ജീവജാലങ്ങള്‍ക്കും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിച്ചു. എന്റെ  ഇച്ചാക്കയുടെ  പത്ത് പെറ്റ   അമ്മായുടെ   മുന്നില്‍ എന്റെ മനസ്സ് തൊഴുത് നിന്നു. എട്ട് പെറ്റ എന്റെ ഉമ്മായുടെ വേദന ഒരു മല പോലെ എന്റെ മുന്നില്‍ പിടഞ്ഞുണര്‍ന്നു.

അപ്പോഴേക്കും എന്റെ മനസ്സില്‍ ഇതുവരെ തോന്നാതിരുന്ന ചില തോന്നലുകളൊക്കെ ഉദയം ചെയ്തു. ഒരു കുഞ്ഞിന്റെ തലയ്ക്കെന്ത് വലിപ്പമാണ്. പക്ഷെ അതിന് വരാനുള്ള ബഹിര്‍ഗമന കവാടം എത്ര ചെറുതാണ്!.ഇല്ല. ഇതൊരിക്കലും സാധ്യമല്ല. ലോകത്ത് ഇതിന് മുമ്പ് ജനനങ്ങള്‍ അനേകം നടന്നിട്ടുണ്ടാകാം. പക്ഷേ എനിക്കിത് അസാധ്യമാണ്.

ഞാന്‍ മദ്രസയില്‍ പഠിച്ചപ്പോള്‍ പള്ളിയിറമ്പില്‍ വെച്ചിരുന്ന മയ്യിത്ത് കട്ടിലെന്റെ ഉള്ളിലേക്ക്  നീണ്ട് നിവര്‍ന്ന് കടന്ന് വന്നു.

സിനിമയിലൊക്കെ ഗര്‍ഭിണികള്‍ കിടന്ന് കരയുമ്പോള്‍ കാല്‍ക്കലും, തലയ്ക്കലും നഴ്സുമാര്‍. പക്ഷേ ഇവിടം മാത്രം ശൂന്യം. രാത്രിയായത് കൊണ്ടാവ്വോ?!. ഡോക്ടറെ ഇത് വരെ കണ്ടിട്ടേയില്ല. എനിക്ക് പുറത്തേക്ക് അമര്‍ത്തി തള്ളി വിടണമെന്ന തോന്നല്‍ ശക്തമായി. എന്റെ വേദനകള്‍ കണ്ണിലൂടെ ചാലിട്ടൊഴുകി. എന്റെ ഇച്ചാക്ക എന്റെ കൈവിരല്‍ തുമ്പിലൊന്ന് തൊടാന്‍ എന്റരികിലുണ്ടായിരുന്നെങ്കില്‍, ഞാനീ വേദന പകുതിയറിയില്ലായിരുന്നു. ഞാനിവിടെ വേദന തിന്നുന്നതറിയാതെ ഇച്ചാക്ക സുഖമായുറങ്ങുന്നു. എന്താണ് ലേബര്‍ റൂമിലേക്ക് ആരേയും പ്രവേശിപ്പിക്കാത്തത്. എന്റെ ഉമ്മായൊന്ന് എന്റെ കയ്യില്‍ പിടിച്ചാല്‍, എന്റെ തലയില്‍ തലോടിയാല്‍ ഞാന്‍ വേദനയറിയുകയേ ഇല്ല. എനിക്ക് വീട്ടില്‍ വെച്ച് പ്രസവിച്ചാല്‍ മതിയായിരുന്നു. എന്റെ സ്നേഹങ്ങളെല്ലാം ദൂരത്ത്.

ആരുടേയും നിര്‍ദ്ദേശങ്ങളില്ലാതെ പ്രകൃത്യാലുള്ള തോന്നലില്‍ ഞാന്‍ അമര്‍ത്തി വീര്‍പ്പ് വിട്ടപ്പോള്‍ എന്തൊക്കെയോ പൊട്ടിയൊഴുകി. താഴെ അലുമിനിയം ബക്കറ്റില്‍ ഒരു പുഴ കുത്തിയൊലിച്ച് വീണ പോലുള്ള ശബ്ദം. എന്താണ് സംഭവിച്ചതെന്നെനിക്കറിയില്ല. രണ്ട് നിമിഷത്തെ വേദനയില്‍ നിന്നുള്ള ആശ്വാസത്തില്‍ ഞാന്‍ തളര്‍ന്ന് കിടന്നു. രാത്രിയിലെ നിശബ്ദതയില്‍ വെള്ളച്ചാട്ടത്തിന്റെ ശബ്ദം കേട്ടിട്ടോ എന്തോ നഴ്സ് ഡോര്‍ തുറന്ന് അകത്ത് വന്നു. പരിശോധിച്ചു.
പിന്നെ അവര്‍ കണ്ണുതള്ളി പറഞ്ഞു. “യ്യോ..ഇതൊക്കെ എപ്പൊ സംഭവിച്ചു?!. എല്ലാം പുറത്ത് വന്നല്ലോ!...” അവരെന്താകും പുറത്ത് കണ്ടതെന്ന്  ഞാന്‍ ഉത്ക്കണ്ഠപ്പെട്ടപ്പോള്‍ അവര്‍ ഫോണെടുത്ത് ഡോക്ടറെ വിളിക്കുകയാണ്; “ഡോക്ടര്‍..പെട്ടെന്ന് വരൂ...കുഞ്ഞിന്റെ തല കാണാം”. അപ്പോള്‍ എന്റെ പ്രസവം എടുക്കേണ്ട ഡോക്ടര്‍ ഈ ഹോസ്പിറ്റലില്‍ ഇത് വരെ വന്ന് ചേര്‍ന്നിട്ടില്ല. അവര്‍ ക്വാര്‍ട്ടേഴ്സില്‍ കിടന്നുറക്കമായിരുന്നു. ഞാന്‍ ഭീതിയോടെ വരാനുള്ള നിമിഷങ്ങളെണ്ണി കാത്തിരുന്നു. 
അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ ഞാന്‍ പകല്‍ കണ്ട ഡോക്ടര്‍ എത്തി. തൊട്ടിപ്പുറത്തുണ്ടായിരുന്ന ഗര്‍ഭിണിയെ  പ്രസവിക്കാതെ തന്നെ പുറത്തേക്ക് കൊണ്ടുപോയിരുന്നു. ആ കട്ടിലില്‍ ബെഡ് ലാ‍മ്പൊക്കെ സജ്ജീകരിച്ചു. എന്നോട് അപ്പുറത്തെ കട്ടിലിലേക്കെഴുന്നേറ്റ് മാറാന്‍ പറഞ്ഞു. ഞാന്‍ ഞെട്ടിപ്പോയി. ഇനിയും മറ്റൊരു കട്ടിലിലേക്കെഴുന്നേറ്റ് മാറാന്‍ എനിക്കാവതില്ല. എന്നെ എടുത്ത് കിടത്തൂ എന്ന് ഞാന്‍ പലപ്രാവശ്യം മനസ്സില്‍ ഉരുവിട്ടു.
 പക്ഷെ എത്രയും പെട്ടെന്ന് ഈ ഭാരം ഒഴിയേണ്ടത് എന്റെ ആവശ്യമാണ്. അപ്പോള്‍ എഴുന്നേല്‍ക്കുക തന്നെ. എന്റെ കരച്ചില്‍ പുറത്ത് നിന്ന് കേട്ട എന്റെ ഉമ്മ നേര്‍ച്ചകള്‍ നേര്‍ന്ന് കൊണ്ടിരുന്നു.  ഞാന്‍ എഴുന്നേറ്റ് ഇപ്പുറത്തെ കട്ടിലില്‍ കിടന്നു.
ഒന്നാം പാഠം; നെഞ്ചിന് മുകളില്‍ കൈകള്‍ കോര്‍ത്ത് മലര്‍ത്തി വെക്കുക. വേദനയില്‍ എന്റെ കൈകള്‍ കോര്‍ത്ത് പിടിക്കാനുള്ള ശക്തി എന്നില്‍ നിന്നും ചോര്‍ന്ന് പോയിരിക്കുന്നു. അടുത്ത് നില്‍ക്കുന്ന സിസ്റ്റര്‍ ആ കൈവിരല്‍ അഴിഞ്ഞുപോകാതെ ഒന്നമര്‍ത്തി പിടിച്ചിരുന്നെങ്കിലെന്നെന്റെ ആശ. “ കൈകോര്‍ത്ത് പിടിക്കാന്‍ പറഞ്ഞാല്‍ അനുസരിക്കില്ലേ?”. എന്ത് മൂര്‍ച്ചയാണീ ശബ്ദത്തിന്?!. ഞാന്‍ ഉള്ള ബലം എവിടെയാണ് കൊടുക്കേണ്ടത്?.
രണ്ടാം പാഠം; കാലുകള്‍ മടക്കി ഉയര്‍ത്തി പിടിക്കുക. എനിക്ക് പറഞ്ഞ ആകൃതി മനസ്സിലാകുന്നില്ല. ഞാനിതിന് മുമ്പ് പെറ്റിട്ടില്ല. ആദ്യത്തെ പ്രസവമാണ്. കാലിന്റെ തുടയില്‍ ആഞ്ഞൊരടി. “ പറഞ്ഞാ കേട്ടില്ലേല്‍ ഞങ്ങള്‍ക്കല്ല കുഴപ്പം. നിനക്ക് തന്നെയാ..”കണ്ണു നിറഞ്ഞൊഴുകുന്നത് വേദനകൊണ്ടാണെങ്കിലും ചുണ്ടുകള്‍ വിറക്കുന്നത് വേദന കൊണ്ടല്ല..ഞാന്‍ ഹോം വര്‍ക്ക് ചെയ്യാതെ വന്ന് തല്ല് കൊള്ളുന്ന കുട്ടിയായി. 
ബാല്യത്തില്‍  പനി വന്ന്  ഒരിക്കല്‍ മാത്രം എന്നെ വാപ്പ ഹോസ്പിറ്റലില്‍ കൊണ്ടുപോയ ഓര്‍മ്മ മാത്രമേ എനിക്കുള്ളൂ. കാലമിത് വരെ ഗര്‍ഭ ശുശ്രൂഷക്കല്ലാതെ ഞാന്‍ ഹോസ്പിറ്റലില്‍ വന്നിട്ടേയില്ല.
മൂന്നാം പാഠം; “കണ്ണ് തുറന്ന് പിടിച്ച്  തല നിവര്‍ത്തി വെക്കുക. എന്തിനാണ് നീ തല പിറകോട്ട് വെച്ച് കണ്ണടച്ച് വെച്ചിരിക്കുന്നത്?”. എനിക്ക് ഭയന്നിട്ടാണ്. ഈ മുറിയില്‍ കയറി കത്രികയും ഗ് ളൌസുകളുമൊക്കെ കണ്ടപ്പോള്‍ മുതല്‍ മോര്‍ച്ചറി പോലെയാണ് തോന്നുന്നത്. ആകെ മരണം മണക്കുകയാണ്. എന്ത് പറഞ്ഞാലും അടിച്ചാലും ഞാന്‍ കണ്ണ് തുറക്കില്ല.
നിര്‍ദ്ദേശങ്ങള്‍. നിര്‍ദ്ദേശങ്ങള്‍. ശ്വാസം അമര്‍ത്തി താഴേക്ക് വിടുക. ഡോക്ടര്‍ കവാടത്തില്‍ എന്തോ ഒരായുധം അമര്‍ത്തിയോ?! എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ഒരു പ്രളയം കുത്തിയൊലിച്ച് താഴേക്കിറങ്ങിയപ്പോള്‍ എവിടെയൊക്കെയോ ഒരു ശൂന്യത അനുഭവപ്പെട്ടു. അവസാനം എനിക്കത് സാധിച്ചിരിക്കുന്നു.
പൈപ്പില്‍ നിന്നും വെള്ളം തുറന്ന് വിട്ട ശബ്ദം. ഞാന്‍ കണ്ണുകള്‍ തുറന്നതേയില്ല. അഴുക്ക് നിറഞ്ഞ കുഞ്ഞ് എന്റെ കണ്മുന്നില്‍ പെടരുത്. പൈപ്പിലെ വെള്ളത്തില്‍ കുഞ്ഞിനെ കഴുകിയിരിക്കുന്നു. “ള്ളേ..ള്ളേ..”. ഇതാ എന്റെ കുഞ്ഞിന്റെ ആദ്യ കരച്ചില്‍. അത് ശ്രവിക്കുന്നതിന് പകരം ഞാന്‍ ആദ്യം ശ്രവിച്ചത് ഈ ലോകത്തിന്റെ ശാന്തതയാണ്. എന്റെ വേദനയുടെ തിരകള്‍ ആര്‍ത്തലച്ചത് ശമിച്ചിരിക്കുന്നു. ഞാന്‍ എന്നിലെ ശാന്തതയെ തന്നെ ആസ്വദിച്ചുകൊണ്ടിരുന്നു. തൊട്ട് മുന്‍പ് അനുഭവിച്ചതെല്ലാം ഒരു മായിക ലോകത്തിലെ പോലെ തോന്നുന്നു. സമയം പുലര്‍ച്ചെ 2.15. കുഞ്ഞ് ആണായിരിക്കുമോ? പെണ്ണായിരിക്കുമോ?.

ഇച്ചാക്കയുടെ അമ്മ എനിക്ക് ഏഴാം മാസത്തിന്റെ പ്രവേശത്തില്‍ പൊതിച്ചോറ് കെട്ടിത്തന്നിരുന്നു. അത് അവിടുത്തെ ചടങ്ങായിരുന്നു. പൊതിച്ചോറ് എത്രാം മാസമാണോ കെട്ടിക്കൊടുക്കുന്നത് അത്രയും എണ്ണം കറികളും ചോറിന്റെ കൂടെ കാണും. അങ്ങനെ ഏഴാം മാസത്തില്‍ ഏഴ് കൂട്ടം കറികള്‍ അടക്കം ചെയ്ത് ഒരു വലിയ വാഴയിലയില്‍ ചോറ് പൊതിഞ്ഞ് , ആ പൊതി ഒരു വെള്ളത്തോര്‍ത്ത്മുണ്ടില്‍ അമര്‍ത്തി മുറുക്കെ കെട്ടി, ആ കെട്ട്  ഒരു ഈറ്റയില്‍ നെയ്ത ചെറിയ കുട്ടയില്‍ വെച്ച് ആ കുട്ട ഞാന്‍ കുളി കഴിഞ്ഞ് വന്നപ്പോള്‍ അമ്മ
എന്നെ ഏല്‍പ്പിച്ചിരുന്നു. ഞാന്‍ തോര്‍ത്തഴിച്ച് പൊതി തുറന്നപ്പോള്‍ അമ്മ കാത്ത് നില്‍പ്പുണ്ടായിരുന്നു. പൊതിയഴിക്കുമ്പോള്‍ അമര്‍ത്തികെട്ടിവെച്ചിരിക്കുന്ന ചോറ് വിടര്‍ന്ന് വന്നാല്‍ കുട്ടി പെണ്ണ്. ചോറ് അടരാതെ ഒട്ടിച്ചേര്‍ന്ന് കുട്ടയുടെ ആകൃതിയില്‍ തന്നെയിരുന്നാല്‍ കുട്ടി ആണ്. ഞാന്‍ പൊതിച്ചോറ് തുറന്നു. ചോറ് അടര്‍ന്നില്ല. അമ്മ സന്തോഷത്തോടെ പ്രവചിച്ചു; കുട്ടി ആണ്. അമ്മ കുട്ടി ആണാണെന്ന് അത്തായോടും പ്രവചിച്ചുകഴിഞ്ഞു.

ആറ് ആണ്‍ മക്കളിലെ നാലാമത്തെ ആണിന്റെ ഭാര്യയാണ് ഞാന്‍. ഞാന്‍ ചെന്ന് കയറിയപ്പോള്‍ മൂന്ന് ആണുങ്ങളും ഇതിനോടകം മാറിത്താമസിച്ചിട്ടുണ്ടായിരുന്നു. അവര്‍ക്കെല്ലാം മൂന്നും, രണ്ടും, ഒന്നും വീതം പെണ്‍കുട്ടികള്‍. അങ്ങനെ എല്ലാവരും കുടുംബത്തിലെ ആദ്യത്തെ ആണ്‍ സന്തതിക്ക് വേണ്ടി കാത്തിരിക്കുന്ന സമയം. ഞാന്‍ തളര്‍ന്ന ശബ്ദത്തില്‍ ഡോക്ടറോട് ചോദിച്ചു; “കുട്ടി എന്താണ്..?”
“ഹും..അവള്‍ക്ക് മുക്കാന്‍ പറഞ്ഞാല്‍ മുക്കാന്‍ പറ്റില്ല. കുട്ടി അറിയണം പോലും”. എനിക്കൊന്നും തോന്നിയില്ല. എല്ലാ വേദനകളും തീര്‍ന്ന് കിട്ടിയ ആശ്വാസത്തിനപ്പുറം ഒന്നുമില്ല. അപ്പോള്‍ ഹെല്‍പ്പറായി നിന്ന വെളുത്ത് മെല്ലിച്ച ചേച്ചി എന്നോടായി പറഞ്ഞു. “ കുട്ടി ആണ്.”അപ്പോഴും എന്റെ സന്തോഷം വേദനയെ ശമിച്ച് കിട്ടിയതിലും അപ്പുറത്തേക്ക് കടക്കുന്നില്ല.

“സ്റ്റിച്ചിടാന്‍ പോവുകയാണ്. അനങ്ങരുത്.” ഡോക്ടറുടെ കല്‍പ്പന. വീണ്ടും ഭീതി വന്നെന്നെ പൊതിഞ്ഞു. കറിക്കരിയുമ്പോള്‍  എന്റെ കൈവിരലൊന്ന് പൊടിഞ്ഞാല്‍ ഞാന്‍ ഇച്ചാക്കയെ അത് ഭീകരമായി ഉയര്‍ത്തിപിടിച്ച് കാണിക്കുമായിരുന്നു.

എന്തോ കൊണ്ട് കയറിയപ്പോള്‍ ഞാന്‍ പിറകോട്ടൊന്ന് ഞെട്ടി വലിഞ്ഞു. നൂല്‍കോര്‍ത്ത സൂചിയില്‍ പിടിച്ച് അവര്‍  താഴേക്കൊരു വലി. ഞാന്‍ അറിയാതെ താഴേക്ക് ഇറങ്ങി വന്നു. അവരുടെ ഉറക്കം നഷ്ടപ്പെട്ട രാത്രിയില്‍ വീണ്ടും ഞാന്‍ ഡ്യൂട്ടി തടസ്സപ്പെടുത്തിയിരിക്കാം. എങ്കിലും ഒരു ലേഡി ഡോക്ടര്‍ക്ക് എങ്ങനെ ഇത് സാധിക്കുന്നു. വേദനെയെടുത്ത് മുകളിലേക്കുയര്‍ന്ന എന്നെ ആ സൂചിയില്‍ കോര്‍ത്ത് എന്നെ താഴേക്ക് വലിക്കാന്‍. അടഞ്ഞ കണ്ണുകള്‍ ഞാന്‍ ഇറുകെ പൂട്ടി. ഡ്രസ്സിങ് കഴിഞ്ഞു.

ഇപ്പോള്‍ ഒരു ബെഡില്‍ കിടക്കണമെന്നതാണെന്റെ വലിയ മോഹം. ഈ രാത്രിയില്‍ ഈ അലുമിനിയം ടേബിളില്‍ കിടന്നിട്ട് ഞാന്‍ തണുത്ത് വിറക്കുകയാണ്. ഒരു മണിക്കൂര്‍ വേദനകൊണ്ട് പൊള്ളിപ്പിടഞ്ഞ് വിയര്‍ത്തൊലിച്ച ഞാനല്ല ഇപ്പോള്‍. തണുത്ത് വിറക്കുകയാണ്. വെറുതെ വിറക്കുകയല്ല, തുള്ളി വിറക്കുകയാണ്. എന്താണിങ്ങനെ വിറക്കുന്നതെന്ന് സിസ്റ്റര്‍ ചോദിക്കുന്നു. അവര്‍ക്ക് മനസ്സിലാകുന്നില്ലേ എനിക്ക് തണുപ്പ് താങ്ങാനുള്ള ആരോഗ്യമില്ലെന്ന്. എല്ലാം ചോര്‍ന്നൊലിച്ച് പോയില്ലേ?
 അവര്‍ ചാര്‍ട്ടെടുത്ത് വെച്ച് ചോദ്യങ്ങള്‍  തുടരുന്നു. പേര്?,വീട്ടുപേര്?, വിദ്യാഭ്യാസം?. വിദ്യാഭ്യാസത്തിന് എം.കോം എന്ന് മറുപടി കൊടുത്തപ്പോള്‍ ഒരാശ്ചര്യ ചിഹ്നത്തോടെ ഒരു ചോദ്യം കൂടി; “ഇത്രേം പഠിച്ചിട്ടാണോ ഇങ്ങനെ കരഞ്ഞത്?”. പാഠം നാല്; ഉയര്‍ന്ന വിദ്യാഭ്യാസം വേദന അറിയാനുള്ള കഴിവിനെ നശിപ്പിക്കുന്നു. ഡെലിവറി സര്‍ട്ടിഫിക്കറ്റില്‍ സൂപ്പര്‍ ഫാസ്റ്റ് ഡെലിവറി എന്ന് രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു.
സിസ്റ്റര്‍ പറഞ്ഞിട്ടാവാം ഉമ്മ ചൂട് കാപ്പിയുമായി കടന്ന് വന്നു. ഞാന്‍ ആര്‍ത്തിയോടെ കുടിച്ചു. അല്‍പ്പ്ം കഴിഞ്ഞപ്പോള്‍ കുഞ്ഞിന് ആദ്യത്തെ പാല് കൊടുക്കണം എന്ന നിര്‍ദ്ദേശം. എനിക്ക് വല്ലായ്മ തോന്നി. ഞാന്‍ പ്രസവിച്ചെങ്കിലും മനസ്സ് കൊണ്ട് അമ്മയായിട്ടില്ല. ബാല്യത്തില്‍ അച്ഛ്നുമമ്മയും കളിക്കുമ്പോള്‍ പോലും ഞാന്‍ ആദ്യമേ വിളിച്ചു കൂവിയിരുന്നു; ഞാന്‍ കുഞ്ഞ്. എനിക്കൊരിക്കലും അച്ഛന്റേയും അമ്മയുടേയും റോള്‍ അഭിനയിക്കുന്നത് ഇഷ്ടമായിരുന്നില്ല. ഈ കുഞ്ഞ് എന്റെ ഇത്രയും നാളത്തെ കുഞ്ഞിന്റെ റോള്‍ തട്ടിയെടുക്കാന്‍ വന്നവന്‍. ഒരമ്മയുടെ നിര്‍വൃതിയല്ല് എനിക്ക് തോന്നിയത്. ഒരു കുഞ്ഞിന്റെ സ്ഥാനം നഷ്ടപ്പെട്ട കുഞ്ഞായി ഞാന്‍ അവനോട് പരിഭവപ്പെട്ടു; “ നീയെന്തിനാ എന്നെയിങ്ങനെയിട്ട് വേദന തീറ്റിച്ചത്?”

എന്നെ വാര്‍ഡിലേക്ക് മാറ്റി. കുഞ്ഞിന്റെ കാര്യം മുഴുവന്‍ ഉമ്മാ നോക്കട്ടെ. എനിക്കീ ശാന്തത അനുഭവിച്ചിട്ടും അനുഭവിച്ചിട്ടും ആസ്വാദനം മതിയാകുന്നില്ല. നേരം പുലര്‍ന്ന് പത്ത്  മണിയോടെ ഇച്ചാക്ക വന്നു. എന്റെ ബെഡിനരികില്‍ ഇരുന്നു. കുഞ്ഞിനെ പുഞ്ചിരിയോടെ നോക്കുന്നു, തലോടുന്നു. ഞാന്‍ കുശുമ്പിച്ചു. പാടില്ലായിരുന്നു. ആദ്യം എന്നെയായിരുന്നു തലോടേണ്ടിയിരുന്നത്.

പിന്നെ ഞാന്‍ അനുഭവിച്ചതോരോന്നും അക്കമിട്ട് ഇച്ചാക്കയോട് ഞാന്‍ വിവരിച്ചുകൊണ്ടിരുന്നു. എന്റെ ഉമ്മാ അത് കേട്ട് ചൂളി. “കൊച്ചേ നീയങ്ങനെയൊന്നും അവനോട് പറയരുത്.”. പാവം ഉമ്മ. എന്റെ കൂട്ടുകാരനോടല്ലാതെ പിന്നെ ഞാനിതൊക്കെ ആരോടാണ് പറയേണ്ടത്?!. എന്റെ ഉമ്മാ എന്നും എല്ലാ വേദനകളും സഹിക്കുന്നവളായിരുന്നു; പങ്കുവെയ്ക്കാതെ. അതാണങ്ങനെ പറഞ്ഞത്.

 ഇച്ചാക്ക എപ്പോഴോ ബെഡില്‍ നിന്ന് നീങ്ങിയപ്പോള്‍ ഉമ്മാ ഒരു കഥ പറഞ്ഞു; “ പണ്ടൊരാള്‍ അയാളുടെ കെട്ട്യോള്‍ടെ പേറ് കാണാന്‍ തട്ടുമ്പുറത്ത് കയറി ഇരുന്നു. അത് കണ്ടതീപ്പിന്നെ അയാള്‍ കെട്ട്യോളെ തൊട്ടിട്ടേയില്ല. നാള് കൊറേയായി. ഒരു ദെവസം കെട്ട്യോള് അയാളേം കൂട്ടി ഒരു കൊളത്തിന്റെ കരേ ചെന്നിരുന്നു. എന്നിട്ട് ഒരു കല്ലെടുത്ത് കൊളത്തിന്റെ നടുക്കോട്ട് എറിഞ്ഞു. കൊളം പൊട്ടി വിടര്‍ന്ന് ഓളങ്ങള്‍ അകന്ന് അകന്ന് പോയി. കൊറച്ച് കഴിഞ്ഞപ്പൊ ഓളങ്ങള് കൊറഞ്ഞ് കൊറഞ്ഞ് വന്ന് ആ പൊട്ടല് ഇല്ലാതായി പഴേപടിയായി. ഇത് കാണിച്ചിട്ട് കെട്ട്യോള് പറഞ്ഞു; ഇങ്ങനെ തന്ന്യാ ഒരു പെണ്ണ് പെറ്റാലും..ന്ന്”. പിന്നീടാണ് പോലും അയാള്‍ അവളെ തൊട്ടത്.

അത് ശരി..അപ്പൊ.അത്കൊണ്ടാവും എന്റുമ്മായും ഇച്ചാക്കയോട് വിശേഷങ്ങളൊക്കെ പറയിപ്പിക്കാതിരുന്നത്. എന്റെ മനസ്സില്‍ പിന്നീടുള്ള തൊടലുകളോ പിടിക്കലുകളോ ഒരു പ്രശ്നമായി ഉദിച്ചതേയില്ല. എന്റുമ്മായുടെ കഥയിലെ ബിംബകല്‍പ്പനകള്‍ ഞാന്‍ വല്ലാതെ ഇഷ്ടപ്പെട്ടു.

വൈകുന്നേരം ഡ്രസ് ചേഞ്ച് ചെയ്യാന്‍ റൂമിലേക്ക് ചെല്ലാന്‍ സിസ്റ്റര്‍ പറഞ്ഞു. രാവിലത്തെ ഓര്‍മ്മ എന്നെ പൊള്ളിച്ചു. വീണ്ടും ഭീതിയെന്നെ പൊതിഞ്ഞു. ഞാന്‍ ഭക്ഷണം പോലും പാടെ ഉപേക്ഷിച്ചിരിക്കുകയാണ്.അകത്തേക്ക് ചെന്നാല്‍ പുറത്തേക്ക് പോകണമെന്ന് തോന്നുമല്ലോ. ആ തോന്നല്‍ ഇനിയൊരിക്കലും ഉണ്ടാകരുത്. വേദന അനുഭവിച്ച ഭാഗങ്ങളില്‍  ഒരു ചലനവും ഇനി മേല്‍ ഏല്‍പ്പിക്കില്ലെന്ന് ഞാന്‍ ദൃഢം ചെയ്തിരിക്കുകയാണ്. പക്ഷേ പോകാതെ തരമില്ല. ഞാന്‍ ടേബിളില്‍ ചെന്ന് കിടന്നു.  ക് ളീന്‍ ചെയ്യുന്നതിന് മുന്നോടിയായി അവര്‍ ചൂടു വെള്ളം പകര്‍ന്നു. ഹാവൂ! എന്താ ഒരു ചൂട്. പൊള്ളിപ്പിടഞ്ഞു. എന്തൊക്കെയാണ് അനുഭവിക്കേണ്ടത്.

 ഞാന്‍ എല്ലാ ജന്മഗൃഹങ്ങളേയും സം പൂജ്യമായി ആരാധിച്ചു. ശിവലിംഗ ആരാധനയുടെ പ്രസക്തി എന്താകുമെന്ന് ഞാന്‍ ആലോചിച്ചു. വെറുതെ കിടക്കുമ്പോള്‍ ആലോചിക്കാന്‍ സമയം ഇഷ്ടം പോലെയായി. സ്ത്രീ അവയവമാണ് പൂജിക്കപ്പെടേണ്ടതെന്ന് ഞാന്‍ ശഠിച്ചു. പക്ഷെ അവളെന്നും ദൈവത്തിന് അശുദ്ധിക്കാരിയാണ്. അവനെ പൂജിക്കാനുള്ള പ്രജകളെ സൃഷ്ടിച്ചണിയിച്ചൊരുക്കിയെടുക്കേണ്ടതും അവള്‍ തന്നെ. വൈചിത്ര്യങ്ങള്‍.

മൂന്നാം ദിവസം ഒന്നാം വിവാഹവാര്‍ഷികമാണ്. ഇച്ചാക്ക ഹോസ്പിറ്റലില്‍ അടുത്തുള്ളവര്‍ക്കൊക്കെ ലഡു വിതരണം ചെയ്യുന്നു. എനിക്ക് മധുരം കഴിക്കാന്‍ പോലും തോന്നുന്നില്ല. എനിക്ക് ബെഡില്‍ ഉറപ്പിച്ചിരിക്കാന്‍ സാധിക്കുന്നില്ല. അസഹ്യമായ വേദന. ഭക്ഷണം കഴിക്കാന്‍ തോന്നുന്നില്ല. ഡോക്ടര്‍ സ്റ്റിച്ചിട്ടതിന്റെ അപാകതയാണെന്ന് എന്റെ മനസ്സ് പറയുന്നു. ഉമ്മാ പരാതിയുമായി ഡോക്ടറുടെ അടുക്കല്‍ എത്തി. വേറെ ഹോസ്പിറ്റലിലേക്ക് മാറുകയാണെന്ന് പറഞ്ഞു. ഡോക്ക്ടര്‍ക്ക് ഭീതിയായി. എന്നെ അരുമയോടെ ട്രീറ്റ് ചെയ്തു. പരിശോധിക്കുമ്പോഴൊക്കെ എന്നിലെ സഹജബോധം കൈകള്‍ കൊണ്ട് പൊത്തിപ്പിടിപ്പിച്ചിരുന്നു.കയ്യെടുത്ത് മാറ്റി അവര്‍ ചോദിച്ചു; “ ഇങ്ങനെയൊക്കെ ഉണ്ടാവുമെന്ന് നീ ചിന്തിച്ചിരുന്നില്ലേ?”. എനിക്ക് ദേഷ്യം തോന്നി. ഡോക്ടറാണ് പോലും. പ്രസവം മുന്നില്‍ കണ്ട് കൊണ്ടാണോ എല്ലാവരും സ്നേഹപ്രകടനങ്ങള്‍ നടത്തുന്നത്?!. അവര്‍ ചോദ്യത്തിനിടക്ക് ഏതോ സ്റ്റിച്ച് പൊട്ടിച്ചുവിട്ടു. ഇപ്പോള്‍ അല്‍പ്പം ആശ്വാസം തോന്നുന്നു.

തിരികെ ബെഡില്‍ വന്ന് കിടന്നപ്പോള്‍ ഓരോ നിറ വയര്‍ കാണുമ്പോഴും അവര്‍ക്ക് വേണ്ടി എന്റെ അകമഴിഞ്ഞ പ്രാര്‍ത്ഥനകള്‍ അവിടെയെല്ലാം പാറിനടക്കുന്നുണ്ടായിരുന്നു. വേദനകള്‍ മനസ്സിനെ കരുണാമയവും ആര്‍ദ്രവുമാക്കുന്നു.

ഉമ്മാ വന്നരികിലിരുന്നപ്പോള്‍ ഞാന്‍ മെല്ലെപ്പറഞ്ഞു; “ എനിക്കീ ഒരു കുഞ്ഞ് മതിയുമ്മാ...” “അള്ളാ...നീയെന്താ ഈ പറയണെ.ഒരു പെങ്കുഞ്ഞ് കൂടെ വേണം. പെണ്ണിന്റെ അലിവൊള്ള മനസ്സൊന്നും ആണിനില്ലാ. ഈ വേദനയൊക്കെ നീ കൊറച്ച് കഴിയുമ്പൊ മറക്കും. മറവിയില്ലെങ്കി..ഈ ദുനിയാവൊണ്ടോ?!”

ഞാന്‍ ഭാവിയിലേക്കൊന്നുമല്ല നോക്കുന്നത്. ഞാന്‍ അനുഭവിച്ച വേദനകളിലേക്ക് മാത്രം.ഇപ്പോള്‍ ഉമ്മാ മറ്റൊരു കഥ പറയുകയാണ്. ( ഞാന്‍ ഇത് മുന്‍പ് കേട്ടിട്ടുണ്ടായിരുന്നു. പക്ഷെ ഇപ്പോഴാണ് നെഞ്ചില്‍ കൊണ്ടത്).ഏഴ് മക്കളുള്ള ഒരു ഉമ്മായും വാപ്പായും. ഒരു ചെറിയ ചായക്കടയാണ് അവരുടെ വരുമാന മാര്‍ഗ്ഗം. ചായക്കടയിലേക്കുള്ള സര്‍വ്വസാധനങ്ങളും തയ്യാറാക്കുന്നത് ആ ഉമ്മായാണ്. അന്ന് രാവിലെ പുട്ടിനുള്ള അരി ഇടിച്ചുകൊണ്ടിരിക്കുകയാണ്. ആ പൊടി വറുത്ത് പുട്ടുണ്ടാക്കണം. നിറവയറില്‍ ഏമം കൊടുക്കാന്‍ കഴിയുന്നില്ല. തുടയിലൂടെ നനവൊലിച്ചിറങ്ങുന്നുണ്ട്. വയറ്റിലാണെങ്കില്‍ വേദന കൊടുമ്പിരിക്കൊള്ളുകയാണ്. പക്ഷെ ഇന്നത്തെ കച്ചവടം നടക്കാതെ പോകരുത്. വേദന സഹിച്ച് അരി ഇടിക്കല്‍ തുടര്‍ന്ന് കൊണ്ടേയിരുന്നു. പക്ഷേ വയറിനകത്ത് കിടന്ന കുഞ്ഞിന് ഈ ജീവിതസമരമൊന്നും അറിയില്ലായിരുന്നു. അത് ആ അടുക്കളച്ചായ്പ്പിന്റെ ചൂടിലേക്ക് തിക്കിത്തിരക്കി ഇറങ്ങി വന്നു. ഉമ്മാ പറഞ്ഞ് നിറുത്തി. “ ആ എട്ടാമത്തെ സന്താനമാണ് നീ..”.

എന്റെ വേദനകളെല്ലാം പൂര്‍വ്വസ്ഥാനത്ത് നിന്നും നെഞ്ചിലേക്ക് കുടിയേറി. അരികില്‍ കിടന്ന കുഞ്ഞിനെ ഞാന്‍ നോക്കി; നീയാണോ., ഞാനാണോ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത്? എന്റെ അമ്മ മനസ്സ് എന്റെ ഉമ്മായുടെ മുന്നില്‍ തൊഴുകയ്യുമായി നിന്നു.

38 അഭിപ്രായങ്ങൾ:

പട്ടേപ്പാടം റാംജി പറഞ്ഞു...

പാഠം നാല്; ഉയര്‍ന്ന വിദ്യാഭ്യാസം വേദന അറിയാനുള്ള കഴിവിനെ നശിപ്പിക്കുന്നു !

വിശദമായ വിവരണവും ഓരോ സമയത്തും അനുഭവപ്പെടുന്ന മനസ്സിന്റെ സംശയങ്ങളും വേവലാതികളും ലളിതമായി പറഞ്ഞു.. ഒപ്പം പഴയതും പുതിയതും തമ്മില്‍ തിരിയേണ്ട ചില സങ്കല്പങ്ങളും. വേദന സഹിക്കാന്‍ ഇന്നത്തെ മനുഷ്യന് തീരെ കഴിയായത്തിന്റെ കാരണങ്ങളില്‍ ഒന്ന് എല്ലാ രംഗത്തും എന്ത് ചെയ്തും പണം നേടുക എന്നാവുമ്പോള്‍ പ്രസവത്തെയും വേദനയില്ലാത്ത ഒന്നാക്കാന്‍ ഓപ്പറേഷന്‍ ആക്കി മാറ്റിയതും പെടും. എന്ത് ചെയ്യുമ്പോഴും മനുഷ്യമനസ്സിന്റെ വേദനകള്‍/ആഗ്രഹങ്ങള്‍ എന്താണെന്ന് പരിഗണിക്കാന്‍ ഇപ്പോഴും ഒരിടത്തും ആരും ശ്രമിക്കുന്നില്ല.
നന്നായി എഴുതി.

Pradeep Kumar പറഞ്ഞു...

ജെൻഡർ വ്യത്യാസങ്ങൾ എന്നു പറയുന്നത് ഇതാണ്. വിമോചനപ്രസ്ഥാനക്കാരും, സമത്വവാദികളും എന്തൊക്കെ പറഞ്ഞാലും സ്ത്രീക്ക് മാത്രം അനുഭവിക്കാനാവുന്ന ചില ജീവിതാവസഥകൾ ഉണ്ട്. ഇതുപോലെ പുരുഷനു മാത്രം അനുഭവവേദ്യമാകുന്ന ചിലതും ഉണ്ട്. സ്ത്രീയുടേയും, പുരുഷന്റേയും ജീവിത വിക്ഷണത്തേയും, അഭിരുചികളേയും, പ്രവർത്തനങ്ങളേയും ഇത്തരം അനുഭവമണ്ഡലങ്ങൾ ശക്തമായി സ്വാധീനിക്കും. പ്രകൃതി ഒരുക്കിയ ഈ വ്യത്യാസത്തെ മറികടക്കാൻ ആർക്കും സാധ്യമല്ല.

ഇവിടെ അവതരിപ്പിച്ച സ്ത്രീയുടേതുമാത്രമായ അനുഭവത്തിന്റെ സൂക്ഷമാമായ വിവരണത്തിലൂടെ കടന്നുപോവുമ്പോൾ മനസ്സിലേക്കു വന്ന ചിന്തയാണ് മുകളിൽ പറഞ്ഞത്.....

© Mubi പറഞ്ഞു...

"മറവിയില്ലെങ്കി..ഈ ദുനിയാവൊണ്ടോ?!”..." മറവിയുടെ കുഞ്ഞു പുതപ്പിനുള്ളില്‍ ഒളിച്ചിരുന്ന ഓര്‍മ്മകള്‍ വീണ്ടും തലയുയര്‍ത്തി തുമ്പി ഈ കുറിപ്പ് വായിച്ചപ്പോള്‍.

https://kaiyyop.blogspot.com/ പറഞ്ഞു...

അരികില്‍ കിടന്ന കുഞ്ഞിനെ ഞാന്‍ നോക്കി; നീയാണോ., ഞാനാണോ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത്?.

പറയാന്‍ വാക്കുകളില്ല ..... നല്ല അവതരണം ആശംസകള്‍

viddiman പറഞ്ഞു...

ഭാര്യയുടെ പ്രസവം അടുത്തപ്പോൾ, അതേ കുറിച്ച് കൂടുതൽ പഠിക്കാൻ ശ്രമിക്കുകയും ഭാര്യയെ ബോധവതിയാക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഉയർന്ന വിദ്യാഭ്യാസമുള്ള ഒരു യുവതി തന്റെ പ്രസവത്തിനു മുൻപ് അത്തരം യാതൊരു പഠനങ്ങളും നടത്തിയില്ല എന്നുള്ളത് അത്ഭുതപ്പെടുത്തുന്നു.

വേദന തീവ്രമാവുമ്പോൾ ബോധം കെടുത്തി കളയുക എന്ന തന്ത്രം സ്വീകരിച്ചാണ് ശരീരം അതിനെ മറികടക്കാൻ ശ്രമിക്കാറുള്ളത് എന്ന് കേട്ടിട്ടുണ്ട്. (ഒരിക്കൽ അനുഭവിക്കുകയും ചെയ്തു. ) ബോധം മറയാതെ അനുഭവിക്കാവുന്ന തീവ്രവേദനയാണ് പ്രസവസമയത്തുള്ളത് എന്ന് തോന്നുന്നു. ശരീരം അത്ഭുതങ്ങളുടെ കലവറയാണ്. പ്രസവവും. വേദന ഓർക്കാനാവില്ല എന്ന് ഉമ്മ പറയുന്നത് ശാസ്ത്രീയമായി ശരിയുമാണ്. ( കുളത്തിലെ ഓളങ്ങൾ വച്ചുള്ള ഉമ്മയുടെ ഉദാഹരണം ഉദാത്തമാണ്. ഉമ്മയ്ക്ക് ഒരു സല്യൂട്ട് ! ). 'അടിവയറ്റിൽ ഇടവിട്ടിടവിട്ട് തീവ്രമാകുന്ന വേദന എന്ന് ഓർക്കുമ്പോഴും, ആ അനുഭവമാണ് ഓർമ്മയിൽ വെക്കുന്നത്. ആ വേദന ഓർമ്മയിൽ നിന്നു മറഞ്ഞിട്ടുണ്ടാവും.

ഭാര്യയുടെ ആദ്യപ്രസവം ഒരു ഗവണ്മെന്റ് ആശുപത്രിയിലായിരുന്നു. ലേബർ റൂമിനടുത്തെ ലാട്രിനിലെ തിരക്കും, ആ സമയത്തെ നേഴ്സുമാരുടെ പെരുമാറ്റവുമെല്ലാം ഭാര്യയിൽ നിന്നറിഞ്ഞ് എനിക്കും വേദനയും അമർഷവുമെല്ലാം തോന്നിയിട്ടുണ്ട്. മറുത്തൊന്നും പറയാനാവാത്ത പാവങ്ങളാണ് അവിടെ ചികിത്സ തേടുന്നവരധികവും എന്നതായിരിക്കാം നഴ്സുമാരെ ഇത്ര മനുഷ്യപ്പറ്റില്ലാതാക്കുന്നത്.

ഭാര്യമാരും ഭർത്താക്കന്മാരും അച്ഛനമ്മമാരാവാൻ തയ്യാറെടുക്കുന്നവരും ചെറുപ്പക്കാരുമെല്ലാം തീർച്ചയായും വായിച്ചിരിക്കേണ്ട, സത്യസന്ധമായ ഒരു അനുഭവക്കുറിപ്പ്.

ഫൈസല്‍ ബാബു പറഞ്ഞു...

പ്രസവത്തെകുറിച്ച് ഇത് പോലൊരു തുറന്നെഴുത്ത് ആദ്യമായാണ്‌ വായിക്കുന്നത്, വായനമുന്നേറുംതോറും അന്ന് നസീമ ആലോചിച്ചത് പോലെ ഇതൊന്നു തീര്‍ന്നു കിട്ടിയെങ്കില്‍ എന്ന് ഞാനും ആഗ്രഹിച്ചുപോയി, പിന്നെ ഇത് പോലൊരു കഥ ഞാനും നല്ലപാതിയില്‍ നിന്നും കേട്ടിരുന്നു, കൂടുതല്‍ വിഷമിപ്പിക്കേണ്ട എന്ന് കരുതിയാവും ഇത്രക്ക് വിശദമായി പറഞ്ഞിരുന്നില്ല, ഇന്ന് ഈ കുറിപ്പ് ഞങ്ങള്‍ രണ്ടുപേരും കൂടി വായിച്ചപ്പോള്‍ അവള്‍ പറയുന്നു അനുഭവിച്ചതിന്‍റെ പകുതിപോലും ഈ എഴുത്തില്‍ കാണില്ല കാരണം അതിനേക്കാള്‍ എത്രയോ വലുതാണ് അത് എന്ന് , പിന്നെ ഒരു കാര്യം " ഒന്ന് മതി , ഇനി ആവില്ല എന്ന് അവള്‍ അന്നു ഇത് പോലെ പറഞ്ഞിരുന്നു , കുറച്ച് കഴിയു മ്പോള്‍ അതൊക്കെ മറക്കും , ഉമ്മ പറഞ്ഞകഥപോലെ ,,
( പൊതിച്ചോര്‍ പരീക്ഷണം ആദ്യമായി കേള്‍ക്കുകയാണ് , അടുത്ത ചാന്‍സില്‍ ഒന്ന് പരീക്ഷിക്കാ മല്ലെ :) .... നന്നായി അവതരിപ്പിച്ചു , അഭിനന്ദങ്ങള്‍ . കൂട്ടത്തില്‍ കടിഞ്ഞൂല്‍ കണ്മണിക്ക് ഒരു ബിഗ്‌ ഹായ് .

Sudheer Das പറഞ്ഞു...

ഒരു പെണ്ണായി പിറന്നാല്‍ മതിയായിരുന്നു എന്നൊരു തോന്നല്‍. പ്രസവമെന്ന ആ മഹാ സംഭവത്തിന്റെ തീവ്രത ഇത്ര ലളിതമായി പങ്കുവെച്ചതിന് തുമ്പിപെണ്ണിന് ഒരായിരം നന്ദി. ആശംസകള്‍.

abuerfan പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
abuerfan പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
abuerfan പറഞ്ഞു...

ലേഖനം ഒരു പാട് നീളമേറിയതാണെങ്കിലും വായന മുറിഞ്ഞതെയില്ല..ഒരു പേരക്കുട്ടിയുടെ വല്യുപ്പയും മൂന്നുമക്കളുടെ ഉപ്പയുമാനെങ്കിലും മൂന്നുമാസം കൂടികഴിഞ്ഞു വരാന്‍ പോകുന്ന നവസാരഥിക്കുവേണ്ടി കാത്തിരിക്കുമ്പോള്‍ അതിനായി വാമഭാഗം സഹിക്കേണ്ടിവരുന്ന വേദനകളെക്കുറിചോര്‍ക്കുമ്പോള്‍ ഉള്ളം പിടക്കുന്നു..സര്‍വ്വശക്തന്‍ തുണക്കട്ടെ..ലെഖികക്ക് അഭിനന്ദനങ്ങള്‍ ..നന്നായി വിവരിച്ചു..അറിയാത്ത കാര്യങ്ങള്‍ (അറിഞ്ഞിരിക്കേണ്ട)ഒരുപാട് അറിയാന്‍ കഴിഞ്ഞു...

Akakukka പറഞ്ഞു...

സത്യസന്ധമായ എഴുത്ത്...
എങ്കിലും... ഒരു എം-കോം കാരി ഇങ്ങിനെ കരയാന്‍ പാടുണ്ടോ?...
വെര്‍തെ പറഞ്ഞതാ..ട്ടോ...
നൂറില്‍ നൂറ് മാര്‍ക്ക്.. ഈ കുറിപ്പിന്...
അഭിനന്ദനങ്ങള്‍..!!

അഞ്ചല്‍ക്കാരന്‍ പറഞ്ഞു...

സൃഷ്ടിയുടെ വേദന വായിച്ചറിയാൻ ഉള്ള യോഗമേ ആണിനുള്ളൂ. പക്ഷേ ഈ വരികൾ വായിച്ച് കഴിഞ്ഞപ്പോൾ ആ വേദന എല്ലാം കൂടി തലച്ചോറിലേക്ക് ഇരച്ചു കയറിയത് പോലെ.... എത്ര തീഷ്ണം ആയ എഴുത്ത്!!!

Sureshkumar Punjhayil പറഞ്ഞു...

Srushti, innaleyude, inninte, naleyudeyum...!

Manoharam, Ashamsakal...!!!

വീകെ പറഞ്ഞു...

പ്രസവവേദനയെന്നു പറഞ്ഞുകേട്ടിട്ടേയുള്ളു. ഇപ്പോഴത് അനുഭവിച്ചറിഞ്ഞു....!
ഈ വേദന മറക്കാനാവുമോ...?
ആശംസകൾ....

Manoj Vellanad പറഞ്ഞു...

പ്രസവവേദനയുമായി ബന്ധപ്പെട്ട് വേദനാപൂര്‍ണമായ ചില തമാശകളും അരങ്ങേറാറുണ്ട്.. ലേബര്‍ റൂമില്‍ പ്രസവിക്കാന്‍ ദിവസമായവരെ അടുത്തടുത്ത് കിടത്താറുണ്ട്.. ഇതിനിടയില്‍ ഒരാള്‍ക്ക് അതികഠിനമായ വേദന ഉണ്ടാകും.. ഭയങ്കര നിലവിളി ആയിരിക്കും.. ഇത് കണ്ടു അടുത്ത് കിടക്കുന്ന പെണ്ണ് ചിലപ്പോള്‍ നമ്മളെയോ സിസ്റ്ററിനെയോ വിളിച്ചിട്ട് പറയും, "എനിക്കും നല്ല വേദന ഒക്കെ ഉണ്ട്.. ഞാന്‍ സഹിക്കുന്നില്ലേ.. ഇതൊക്കെ അവളുടെ നമ്പറാ.. " എന്നൊക്കെ.. ഒരു അരമണിക്കൂര്‍ അങ്ങോട്ട്‌ കഴിയുമ്പോള്‍ ഇപ്പറഞ്ഞവളുടെ നമ്പറും വരും.. :) അപ്പോഴല്ലേ പുകില്.. :)

pradeep nandanam പറഞ്ഞു...

പ്രസവ വേദന ഞങ്ങളെക്കൊണ്ട് കൂടി അനുഭവിപ്പിച്ചു കളഞ്ഞല്ലോ. നല്ലരീതിയിൽ എഴുതി. പടിഞ്ഞാറൻ രാജ്യങ്ങളിൽ പ്രസവ സമയത്ത് ഭർത്താവ് ഭാര്യയുടെ കയ്യിൽ പിടിച്ചു അടുത്തുണ്ടാവും. മാനസികമായ പിന്തുണ ആ സമയത്ത് ആവശ്യമാണ്. ഇവിടെയാകട്ടെ നേഴ്സ് നമ്മേ കഴുത്തിനു പിടിച്ചു പുറത്താക്കും. തനിക്കെന്താ ഇവിടെ കാര്യം എന്ന മട്ടിൽ .

<>
ശിവലിംഗപൂജയിൽ യോനിയിൽ പ്രതിഷ്ടിച്ചിരിക്കുന്ന ലിംഗത്തെയാണ് ഹിന്ദുക്കൾ പൂജിക്കുന്നത്. സ്ത്രീയും പുരുഷനും തുല്യമായി ആരാധിക്കപ്പെടുന്നു. അതുകൊണ്ടുതന്നെദൈവത്തിന് സ്ത്രീ അശുദ്ധിക്കാരിയല്ല.

Unknown പറഞ്ഞു...

സിനിമെലോക്കെ ഓപ്പറേഷന്‍ തിയ്യറ്ററിനു മുന്നിലും കോറിഡോറിലും സിഗരറ്റും വലിച്ച് അക്ഷമനായി നടക്കുന്ന നായകന്‍! പതിനെട്ടു വര്‍ഷങ്ങള്‍ക്ക് മുന്നേയുള്ള ഒരു പകലില്‍ എത്തിച്ചു തുമ്പിയുടെ ഈ കുറിപ്പ്‌! ടെന്‍ഷന്‍ എടുക്കാന്‍ തയ്യാറെടുക്കുന്നതിനും മുന്നേ വന്ന സന്തോഷ വാര്‍ത്തയുടെ അല്‍പ്പം മുന്നേയുള്ള ആ രംഗങ്ങള്‍ ശരിക്കും ഫീല്‍ ചെയ്തു!!! നൈസ് റൈറ്റ്‌പ്പ് തുമ്പീ...!

ഷാജു അത്താണിക്കല്‍ പറഞ്ഞു...

ഹൊ എന്റെ റബ്ബേ!!!!!!
ഒന്നും പറയുന്നില്ല,
സത്യത്തിൽ എന്റെ നിക്കാഹ് ഈ അടുത്താ കഴിഞ്ഞത്, ഇത് വായിച്ചപ്പോ ഒരു പേടി ഇങ്ങിനെ അവളെ ഇങ്ങനെയൊക്കെ ..........!

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

ഒരമ്മയ്ക്ക് മാത്രം വിവരിക്കാനാവുന്ന കാര്യങ്ങള്‍ സത്യസന്ധമായി എഴുതിയത് ശ്വാസം അടക്കിപ്പിടിച്ചാണ് വായിച്ചു തീര്‍ത്തത്.
ഗര്‍ഭധാരണം മുതല്‍ തുടങ്ങി പ്രസവവും കഴിഞ്ഞു മുലയൂട്ടി വളര്‍ത്തി സ്വയം പര്യാപ്തത ആകുന്നതു വരെയുള്ള അമ്മയുടെ ത്യാഗങ്ങളുടെ ഒരു ശതമാനം എങ്കിലും മക്കള്‍ മനസ്സിലാക്കിയെങ്കില്‍ ഈ ലോകം മറ്റൊന്നായേനെ !

ഓ ടോ : നിങ്ങള്ക്ക് വേദന സഹിച്ചാല്‍ മതി . ഞങ്ങള്‍ ഭര്‍ത്താക്കന്മാരുടെ ടെന്‍ഷന്‍ നിങ്ങള്‍ക്കറിയില്ലല്ലോ !!

Kattuppara പറഞ്ഞു...

Really feel the pain when reading... congrats

Kattuppara പറഞ്ഞു...

Oh!!..Allah... NOW I THINK ABOUT MY MOTHER ..she faced this situations 12 times...

Echmukutty പറഞ്ഞു...

നേരത്തെ വായിച്ച് ഒരു കമന്‍റും എഴുതിയിരുന്നു. അത് എവിടെപ്പോയാവോ?

എഴുത്ത് കേമമായിട്ടുണ്ട്... അഭിനന്ദനങ്ങള്‍..

Unknown പറഞ്ഞു...

പിരിമുറുക്കം അനുഭവിക്കാതെ ഇത് വായിക്കാൻ ആവില്ലാ.
നന്നായി എഴുതി..
ആശംസകൾ !

കൊമ്പന്‍ പറഞ്ഞു...

ഞമ്മള് പെറ്റിട്ടില്ല മൂന്നു മക്കള്‍ ഉണ്ടെങ്കിലും ഞമ്മളെ ഓളും പെറ്റിട്ടില്ല അത് കൊണ്ട് ഈ പ്രസവത്തിന്‍റെ കുതുഹൂലം അറിയുകയുമില്ല ഏതായാലും സംഗതി എന്ത് എങ്ങിനെ എന്നൊക്കെ വളരെ വൃത്തിയായി മനസ്സിലായി താങ്ക്സ് നസീമ

അനശ്വര പറഞ്ഞു...

തുമ്പീ ഞാനീ പോസ്റ്റ് വായിച്ചിട്ട് കുറച്ച് ദിവസമായി. തുമ്പിയുടെ അനുഭവം അതി തീവ്രമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. പല ഭാഗങ്ങളും വായിച്ചപ്പോള്‍ വല്ലാതെ വിഷമം തോന്നുകയും ചെയ്തൂട്ടൊ.
കുറച്ചൊക്കെ ശ്രദ്ധിച്ചിരുന്നെങ്കില്‍ ഈ വേദനാനുഭവം ഇത്രമാത്രം കഷ്ടത നിറഞ്ഞതാവില്ലെന്നാ എനിക്കു തോന്നിയത്.
[ വിഢിമാന്റെ അഭിപ്രായം വെറുതെ ഒന്ന് കുറിക്കട്ടേ..."ഭാര്യയുടെ പ്രസവം അടുത്തപ്പോൾ, അതേ കുറിച്ച് കൂടുതൽ പഠിക്കാൻ ശ്രമിക്കുകയും ഭാര്യയെ ബോധവതിയാക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഉയർന്ന വിദ്യാഭ്യാസമുള്ള ഒരു യുവതി തന്റെ പ്രസവത്തിനു മുൻപ് അത്തരം യാതൊരു പഠനങ്ങളും നടത്തിയില്ല എന്നുള്ളത് അത്ഭുതപ്പെടുത്തുന്നു. ..."]
പ്രസവവേദനയെ കുറിച്ച് ഞാന്‍ മനസ്സിലാക്കിയിടത്തോളം അതിന്റെ ആദ്യപകുതിയോളം ഒരു സുഖമുള്ള വേദനയായിട്ടാണ്‍. പിന്നീട് വേദന കടുക്കുമ്പഴും സഹിക്കാനും റിലാക്സ് ചെയ്യാനും പ്രകൃതി തന്നെ സമയം തരുന്നുണ്ട്. അവസാനത്തെ അസഹ്യമായ വേദന മാത്രമേ ശരിക്കും അത്രമേല്‍ തീവ്രത നിറഞ്ഞതായി വരുന്നുള്ളൂ...പിന്നെ,,ആ കുഞ്ഞിന്റെ കരച്ചില്‍....അതില്‍ ലയിക്കുന്നു ആ പഴയ നിമിഷങ്ങള്‍.....പക്ഷെ, തുമ്പി ഇവിടെ ഡോക്ടര്‍ അഡ്മിറ്റ് ആവാന്‍ പറഞ്ഞപ്പോള്‍ അത് നിരസിച്ചു. അവിടെ അഡ്മിറ്റ് ആയെങ്കില്‍ ഇത്രമേല്‍ ആകാംഷയും ടെന്‍ഷനുമൊന്നും വേണ്ടായിരുന്നു. വീട് അടുത്താണെങ്കിലും നേരത്തെ അഡ്മിറ്റ് ചെയ്തെങ്കില്‍..പതുക്കെ ആദ്യവേദനകളേ റിലാക്സ് ആയി എടുക്കാരുന്നു. ആ സമയത്ത് മറ്റുള്ളോരെ വിളിക്കലും യാത്രയും ഒക്കെ ഇവിടെ വീര്‍പ്പടക്കിയാണ് വായിച്ചത്...
[മനോജിന്റെ കമന്റ് ഞാന്‍ വെറുതെ ഒന്നെടുത്തെഴുതട്ടെ. "പ്രസവവേദനയുമായി ബന്ധപ്പെട്ട് വേദനാപൂര്‍ണമായ ചില തമാശകളും അരങ്ങേറാറുണ്ട്.. ലേബര്‍ റൂമില്‍ പ്രസവിക്കാന്‍ ദിവസമായവരെ അടുത്തടുത്ത് കിടത്താറുണ്ട്.. ഇതിനിടയില്‍ ഒരാള്‍ക്ക് അതികഠിനമായ വേദന ഉണ്ടാകും.. ഭയങ്കര നിലവിളി ആയിരിക്കും.. ഇത് കണ്ടു അടുത്ത് കിടക്കുന്ന പെണ്ണ് ചിലപ്പോള്‍ നമ്മളെയോ സിസ്റ്ററിനെയോ വിളിച്ചിട്ട് പറയും, "എനിക്കും നല്ല വേദന ഒക്കെ ഉണ്ട്.. ഞാന്‍ സഹിക്കുന്നില്ലേ.. ഇതൊക്കെ അവളുടെ നമ്പറാ.. " എന്നൊക്കെ.. ഒരു അരമണിക്കൂര്‍ അങ്ങോട്ട്‌ കഴിയുമ്പോള്‍ ഇപ്പറഞ്ഞവളുടെ നമ്പറും വരും.. :) അപ്പോഴല്ലേ പുകില്.. :)..."]
ഈയ്യിടെ ഖദീജമുംതസിന്റെ ഒരു പുസ്തകം വായിക്കാനിടയായി. ഗള്‍ഫ് നാടുകളിലെ സ്ത്രീകളിലെ പ്രസവകാര്യങ്ങളും അവിടെ അവര്‍ക്ക് കിട്ടുന്ന പരിഗണനകളും അവര്‍ പറയുന്നതോടൊപ്പം നമ്മുടെ നാട്ടിലെ സ്ത്രീകളുടെ ശോചനീയാവസ്ഥയും അവര്‍ വിശദീകരിക്കുന്നുണ്ട്. ഒരു ഗര്‍ഭിണിയോടും അവിടത്തെ ആശുപത്രി ജീവനക്കാര്‍ ഒരു മോശമായ പദം ഉപയോഗിക്കാറില്ലാത്രേ..ഇവിടെയോ...? തുമ്പിയോടുള്ള അവരുടെ പെരുമാറ്റം തന്നെ നോക്കൂ...എത്ര കഷ്ടം,,! വേദന റിലാക്സ് ചെയ്ത് സഹിക്കാന്‍ പോലും അനുവദിക്കാതെ,അതിനിടയില്‍ എണീറ്റ് മറ്റൊരിടത്തേക്ക് മാറുക...!
പിന്നെ ഒന്നാം പാഠവും മൂന്നാം പാഠവും ....വായിക്കാനെ വയ്യ തുമ്പീ...
പണ്ടൊക്കെ വീട്ടില്‍ വയറ്റാട്ടികള്‍ വന്നിട്ടായിരുന്നത്ര പ്രസവം നടത്തിയിരുന്നത്. ഇന്ന് അതൊന്നും നടപ്പില്ല. പണ്ട് കിട്ടിയിരുന്ന ആ സ്വകാര്യത പാടെ പടിയിറങ്ങി. ഇന്ന് ഗര്‍ഭിണി ആവുന്നതോടെ സ്വകാര്യതകളേ ഇല്ലാതാകുന്നു. പ്രസവ സമയത്തും പരിശോധനാ സമയത്തും അടുത്തടുത്ത് പെണ്ണുങ്ങള്‍ അധികം മറകള്‍ പോലുമില്ലാതെ...ചിലപ്പോള്‍ പുരുഷജീവനക്കാരുടെ സാന്നിധ്യത്തില്‍....
ജനറല്‍ വാറ് ഡിനും പുറമെ ഇന്ന് ആശുപത്രികളില്‍ ഡബിള്‍റൂം, സിംഗിള്‍ റൂം,എസി റൂം ഒക്കെ ആയത് പോലെ 'ലേബര്‍ വാര്‍ഡിനും' പകരം ഓരോരുത്തര്‍ക്കും ലേബറ്"റൂം"[സിംഗിളായോ ഡബിള്‍ ആയോ ] ഉണ്ടാക്കുന്ന കാലം വരുമായിരിക്കും....

വര്‍ഷിണി* വിനോദിനി പറഞ്ഞു...

തുമ്പിപ്പെണ്ണേ...പേറ്റ്നോവ്‌ അറിയാത്ത ഞാൻ ഓരൊ വരികളിലൂടെയും നോവെന്നോ വേദനയെന്നോ തിരിച്ചറിയിപ്പിക്കാനാവാത്ത ആ അനുഭവം ഉൾക്കൊള്ളുകയായിരുന്നു..
മക്കൾ സമ്പത്ത്‌ കനിയുന്ന ഉടയതമ്പ്രാന്റെ കനിവുതന്നെ പേറ്റുനോവ്‌ മറക്കാനുള്ള മനോബലവും ആരോഗ്യവും ഉന്മേഷവും നൽകുന്നത്‌..
നന്ദി..ആശംസകൾ

ഗൗരിനാഥന്‍ പറഞ്ഞു...

വരാനൊരുപാട് വൈകി..പക്ഷെ വന്നത് ഇങ്ങനെ ഒരു പോസ്റ്റ് വായിക്കാനായിരുന്നല്ലോ എന്നോര്‍ത്ത് സന്തോഷിക്കുന്നു.. പ്രസവവും ഗര്‍ഭവും ഒരു അസുഖമെന്ന പോലെയായിരുന്നു എനിക്കു, മറ്റുള്ളവര്‍ക്ക് ഒട്ടും മനസ്സിലാകാത്ത കാര്യമാണത്‌. വയസ്സേറിയതു കൊണ്ടോ, 9 മാസവും അമ്മയെ ബുദ്ധിമുട്ടിച്ചില്ലേന്നോര്‍ത്തോ എന്തോ എന്റെ മകല്‍ തല മുകളിലായി സമരം തുടര്‍ന്നു..അവസാന ദിവസത്തെ ബിപ്പി താഴ്ന്ന് ബോധം കെടലും കൂടെ ആയപ്പോള്‍ സംഗതി കീറലായി മാറി..പക്ഷെ ഒരിക്കല്‍ ലേബര്‍ റൂമില്‍ കയറിയാല്‍ പിന്നെ ഒന്നു കൂടി കയറാന്‍ തോന്നില്ലന്നതു സത്യമാണ്..പ്രത്യേകിച്ചു പ്രസവമെടുത്ത് ബോറടിച്ചു പോയ കരുണയില്ലാത്ത ഡോക്ടര്‍ ആണ് കൂടെ എങ്കില്‍...വിവരണം നെഞ്ചില്‍ തട്ടി, ഇനിയും തുടരു...

Unknown പറഞ്ഞു...

Very good

http://novelcontinent.blogspot.com/

Unknown പറഞ്ഞു...

evidence thudaganamennriyilla
oro vaakkukakkum abipraayam ezudhanm manglishi ezudhaan kaziyilla sthriude nobaram maarunnadinu munpu laadu vidharanam chuunnadhile daarmikada
enikkottum angiekatikkan kazhiunnilla nobaram pangu vekkaan kazhiyillangilum aagjoshikkaade irikkamallo

Unknown പറഞ്ഞു...

വായിച്ചു കഴിഞ്ഞപ്പോള്‍ ഭാര്യയോട് കുറച്ചുകൂടി സ്നേഹം കൂടിയോ എന്നൊരു സംശയം....... നന്നായിട്ടുണ്ട്

Mehaboob പറഞ്ഞു...

പ്രസവത്തെകുറിച്ച തുറന്നെഴുത്ത് നല്ല അവതരണം.... ആശംസകള്‍

Unknown പറഞ്ഞു...

nice...

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഒരു പെണ്ണിന് മാത്രമേ
ഇത്ര തീവ്രമായി ഒരു അനുഭവാവിഷ്കരണം
കാഴ്ച്ചവെക്കുവാൻ സാധിക്കുകയുള്ളു
അഭിനന്ദനങ്ങൾ കേട്ടൊ തുമ്പി

അന്തിമഴ പറഞ്ഞു...

അവതരണം മനോഹരമായതിനാൽ ഞാനൊന്നും
പറയുന്നില്ല

അന്തിമഴ പറഞ്ഞു...

അവതരണം മനോഹരമായതിനാൽ ഞാനൊന്നും
പറയുന്നില്ല

Unknown പറഞ്ഞു...

നിങ്ങളെ ഞാന്‍ നേരത്തെ നജ്മിക്ക് പരിചയപ്പെടുത്തിയിരുന്നു. ചില പോസ്റ്റുകള്‍ അവള്‍ വായിക്കുകയും ചെയ്തിരുന്നു. ഇന്നാണ് അവള്‍ ഇത് വായിച്ചത്.കഥാകാരിയേ അവള്‍ വല്ലാതെ ഇഷ്ടപ്പെട്ടു. മൂന്നു മക്കള്‍ക്ക് ജന്മം നല്‍കിയ അവള്‍ ഇതുപോലെ അനുഭവങ്ങള്‍ ഉണ്ടാകുമെന്നത് സത്യമാണെന്നും ഇത് കഥയല്ല തീര്‍ത്തും അനുഭവമാണെന്നും പറഞ്ഞു. ഒറ്റ പ്രസവ സമയത്തും കൂട്ടിരിക്കാത്തതിനും മക്കളെ കാണാന്‍ വരൂന്നു എന്ന പേരിലുളള ആശുപത്രിയിലേക്കുളള വരവിനേയും കാര്യമായി വിമര്‍ശിച്ചു. തുമ്പിക്ക് നജ്മിയുടെ ആശംസകള്‍.

Unknown പറഞ്ഞു...

നിങ്ങളെ ഞാന്‍ നേരത്തെ നജ്മിക്ക് പരിചയപ്പെടുത്തിയിരുന്നു. ചില പോസ്റ്റുകള്‍ അവള്‍ വായിക്കുകയും ചെയ്തിരുന്നു. ഇന്നാണ് അവള്‍ ഇത് വായിച്ചത്.കഥാകാരിയേ അവള്‍ വല്ലാതെ ഇഷ്ടപ്പെട്ടു. മൂന്നു മക്കള്‍ക്ക് ജന്മം നല്‍കിയ അവള്‍ ഇതുപോലെ അനുഭവങ്ങള്‍ ഉണ്ടാകുമെന്നത് സത്യമാണെന്നും ഇത് കഥയല്ല തീര്‍ത്തും അനുഭവമാണെന്നും പറഞ്ഞു. ഒറ്റ പ്രസവ സമയത്തും കൂട്ടിരിക്കാത്തതിനും മക്കളെ കാണാന്‍ വരൂന്നു എന്ന പേരിലുളള ആശുപത്രിയിലേക്കുളള വരവിനേയും കാര്യമായി വിമര്‍ശിച്ചു. തുമ്പിക്ക് നജ്മിയുടെ ആശംസകള്‍.

Unknown പറഞ്ഞു...

ഞാന്‍ എവിടെ ഇരിക്കുന്നുവെന്നു എനിക്കറിയില്ല...
എനിക്ക് ചുറ്റും എന്തോ വെള്ളം കെട്ടിക്കിടക്കുന്നു..എന്നും ആ വെള്ളം ഉറവപോലെ വറ്റാതിരിക്കുന്നു.കണ്ണുകള്‍ തുറക്കാന്‍ കഴിയുന്നില്ല , എന്നാലും എല്ലാം കാണണമെന്നുണ്ട്.എന്‍റെ വയറ്റില്‍ നിന്നും എന്തോ ഒരു കയറുപോലെ,അതില്‍ തൂങ്ങി ആടുന്നുണ്ട് ഞാന്‍.
കുറച്ചു കാലമായി ഒരേയൊരു ശബ്ദം മാത്രം കേള്‍ക്കുന്നുള്ളൂ , ഒരു ഹൃദയത്തുടുപ്പിന്‍റെ ശബ്ദം മാത്രം,അതല്ലാതെ മറ്റൊന്നും ഇതിനകത്തില്ല . ഇടയ്ക്കിടെ ആരൊക്കെയോ എന്നെ വളരെ മൃദുവായി തൊടുന്നതുപോലെയും, എന്നോട് സംസാരിക്കുന്നതു പോലെയും അനുഭവപ്പെടുന്നുണ്ട് .ഇതിനു മറുപടിയെന്നപോലെ ഞാന്‍ കൈകാലുകള്‍ ഇളക്കിക്കൊണ്ടിരിക്കും.
പല വ്യത്യസ്തമായ ശബ്ദങ്ങളും പുറത്തു നിന്ന് കേള്‍ക്കുമെങ്കിലും ആ ഹൃദയത്തുടുപ്പിന്റെ ശബ്ദം മാത്രം എന്നും മാറാതെ നിലയ്ക്കാതെ കേള്‍ക്കാം.
അത് എവിടുന്നു വരുന്നു എന്നത് എനിക്ക് അറിയണം.
എന്താണെന്നറിയില്ല,രണ്ടു മൂന്നു ദിവസങ്ങളായി എനിക്കിവിടെ നിന്നും പുറത്തേക്കു പോവണമെന്ന് വല്ലാത്ത ആഗ്രഹം,അതിനായി ഞാനെന്‍റെ കൈകാലുകളെ വളരെ ശക്തിയായി ചലിപ്പിച്ചു കൊണ്ടിരുന്നു.പക്ഷെ എനിക്ക് പുറത്തിറങ്ങാന്‍ കഴിയുന്നില്ല.
അവസാനം ഒരുനാള്‍ ഞാന്‍ ഇവിടെനിന്നും എങ്ങോട്ടോ നീങ്ങുന്നതുപോലെ തോന്നി,ഞാന്‍ തലകീഴായ് നിന്നു . ആ ഹൃദയത്തുടുപ്പിന്റെ ശബ്ദം പതുക്കെ പതുക്കെ കുറഞ്ഞു വരുന്നതുപോലെ തോന്നി.ഈ ലോകത്തെ വിട്ടു വേറെവിടെയോ പോകുന്നുവെന്ന് ഞാന്‍ ഭയന്നു.എനിക്ക് കേട്ട ആ ശബ്ദം ഇപ്പോള്‍ വേദനയില്‍ അലറുന്നതുപോലെ .....
എനിക്ക് വല്ലാത്ത വിഷമമായി.ഞാന്‍ കൈകാലിട്ടടിച്ചതിനാലാണോ ഇങ്ങനെ..?
പെട്ടെന്ന് ഞാന്‍ കിടന്ന ആ വെള്ളത്തിന്‍റെ അറ കീറി മുറിഞ്ഞുകൊണ്ടിരിക്കുന്നു . എന്നെ ആ വെള്ളത്തോടെ തള്ളിക്കൊണ്ട് എങ്ങോട്ടോ പോവുന്നു.ഇടയിലെവിടെയോ തടഞ്ഞുനിന്ന എന്നെ ആരോ തലയില്‍ പിടിച്ചു വലിക്കുന്നു.എനിക്ക് ആ ശബ്ദത്തിന്‍റെ കാഠിന്യം കൂടിക്കൊണ്ടിരുന്നു. എനിക്കും വേദനിക്കുന്നു.എങ്ങനെയൊക്കെയോ ഞാന്‍ പുറത്തു വന്നു.എനിക്കും ആ ലോകത്തിനും ഇടയിലുണ്ടായിരുന്ന അവസാന ബന്ധവും അറുത്തുമാറ്റപ്പെട്ടു.ഇത്രനാളും ഞാന്‍ കേട്ടുവന്ന ആ ഹൃദയത്തുടുപ്പിന്റെ ശബ്ദവും കേള്‍ക്കാതായി.
അലറിക്കരഞ്ഞ ആ ശബ്ദവം എനിക്ക് കേള്‍ക്കുന്നില്ല.അതെനിക്ക് സഹിക്കാന്‍ കഴിയുന്നില്ല.
ഞാന്‍ പൊട്ടിക്കരഞ്ഞു.ഒരുപാടുപേര്‍ എനിക്കുചുറ്റും നില്‍ക്കുന്നുണ്ട്.വിഷമത്താല്‍ കരയുന്ന എന്നെനോക്കി അവരൊക്കെ ചിരിക്കുന്നു. " എന്തൊരു ക്രൂരന്മാരാണ് ഇവര്‍ " എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു.
എന്നെ വെള്ളത്തില്‍ കുളിപ്പിക്കുമ്പോഴും ഞാന്‍ കരയും,പക്ഷെ അപ്പോഴും അവര്‍ക്കൊക്കെ ചിരി മാത്രം.
കുറച്ചു കഴിഞ്ഞതും എന്‍റെ വായിലേക്ക് എന്തോ വച്ച് തരുന്നു,അതില്‍നിന്നും വന്ന അമൃത് ഞാന്‍ കുടിച്ചു .ആ സ്നേഹത്തിന്‍റെ മാധുര്യം അമ്മിഞ്ഞയായ് നുകര്‍ന്നുകൊണ്ടിക്കുമ്പോഴാണ് എനിക്കാ ഹൃദയത്തിന്‍റെ തുടിപ്പ് വീണ്ടും അനുഭവപ്പെട്ടത്. എന്നെ സംരക്ഷിച്ച,എനിക്ക് വേണ്ടി ത്യാഗം സഹിച്ച,വേദന അനുഭവിച്ച എന്നെ മാറോട് ചേര്‍ത്ത ആ ഹൃദയത്തുടുപ്പിനെ ഞാന്‍ " #അമ്മ " എന്ന് വിളിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറ്റങ്ങളും, കുറവുകളും ചൂണ്ടിക്കാണിക്കുമ്പോള്‍ എനിക്കത് സംതൃപ്തിയേകുന്നു.