Smiley face

2014, ഫെബ്രുവരി 1, ശനിയാഴ്‌ച

ഹണ്ട് ആന്‍ഡ് ഫിഫ്

 പ് ളൈവുഡിന്‍ പ്രതലത്തില്‍ മലര്‍ന്ന് കിടക്കവേ പിന്നിലട്ടിയിട്ട സ്മൃതിയേടുകള്‍ക്കൊന്നിന് ചലനം വെക്കുന്നു. ഇപ്പോള്‍ അനുഭവപ്പെടുന്ന ഗന്ധമാണ് ആ ചലനം സാധ്യമാക്കിയത്.  യൌവ്വനം നഷ്ടപ്പെട്ട  തളര്‍ച്ചയിലും ഈ സ്പര്‍ശം ഞാന്‍ തിരിച്ചറിയുന്നു.                                                         

 “ഫിഫ് ” 

`ഹൊ! ഈ വിളി ഈ കാതിലൊന്ന് മുട്ടിയിരുന്നെങ്കില്‍ `  എന്ന് ഈ നിമിഷം ഞാന്‍ കൊതിച്ചതേയുള്ളു.

“ഹണ്ട്..ഐ കാന്റ് ബിലീവ് ഇറ്റ്. ഐ നെവര്‍ എക്സ്പെക്റ്റഡ് യു ഹിയര്‍ . കാലങ്ങളെത്ര കഴിഞ്ഞിരിക്കുന്നു. ഈസ് ഇറ്റ് എ ഡ്രീം!?.” ഹണ്ടിന്റെ ഉടലിനോട് ഞാൻ ഉരസിച്ചേര്‍ന്നു.

“ഫിഫ് , നാമിങ്ങനെ വ്യവഹാരപ്പട്ടികയിലെ അംഗങ്ങളായി രാജ്യം ചുറ്റുന്നതിനിടയില്‍  ഒരിക്കല്‍ കൂടി കണ്ടുമുട്ടണമെന്നത് നിയതിയാവാം.” 

“ ഹാവ് യു എവര്‍ റിമംബെര്‍ മി?.” 

ഞാൻ അവനെ ഓര്‍ക്കാന്‍ ശ്രമിക്കാതിരുന്നതിലുള്ള കുറ്റബോധം ബോധപൂര്‍വ്വം മറച്ച് പിടിച്ചപ്പോഴും ഹണ്ടില്‍ നിന്നു കേൾക്കാൻ ആഗ്രഹിച്ചത്  'ഓര്‍ത്തിരുന്നു' എന്ന മറുപടിയാണ്.

“ഓര്‍ക്കാന്‍ എനിക്കത് മാത്രമേ കൂട്ടിനുണ്ടായിരുന്നുള്ളൂ. പണ്ട് ലോക്കറിനുള്ളിൽ ഇരുട്ടിന്റെ ലോകത്ത് പലകഥകളും ഹൃദയത്തില്‍ നിന്ന് ഹൃദയത്തിലേക്ക് പകര്‍ന്ന് എത്രയോ രാവുകളും പകലുകളും നമുക്ക് മുന്നില്‍ കൊഴിഞ്ഞു വീണിരിക്കുന്നു. അത്രയേറെ സമയം ഫിഫിന്റെ കൂടെ മാത്രമായിരിക്കാം ഞാന്‍ ചെലവഴിച്ചിട്ടുള്ളത്. ഈ ഗന്ധം ഞാന്‍ പലയിടത്തും തേടി. എന്റെ ഒടുങ്ങാത്ത തൃഷ്ണയുടെ സാഫല്യമായിരിക്കാം ഈ കണ്ടുമുട്ടല്‍.”

“ ഹൊ! ഹണ്ട് മൈ സ്വീറ്റ് ..ഈ വിങ്ങല്‍ എനിക്ക് താങ്ങാനാകുന്നില്ല. ഹണ്ട് നീ എന്നെ ഇത്രയേറെ പ്രതീക്ഷിച്ചിരുന്നോ .? തീർച്ചയായും ഈ എക്സൈറ്റ്മെന്റ് എന്നെ ശ്വാസം മുട്ടിക്കുന്നു.”
പെട്ടെന്നാണ് ഹണ്ടിന്റെ ശരീരത്തിലെ ഒരു മുറിവ് എന്റെ ശ്രദ്ധയില്‍ പെട്ടത്. വേദനയോടെ ഞാൻ ആ മുറിവില്‍ തൊട്ടു.

“ വാട്ട്സ് ദിസ്? വാട്ട് ഹാപ്പെന്റ്യൂ.?”

 “ ദാറ്റ്സ് ആന്‍ അണ്‍ഫൊര്‍ഗെറ്റബിള്‍ ട്രാജഡി.. ഒരിക്കല്‍ ..”

ഹണ്ട് ആ വാക്കുകള്‍ മുഴുമിപ്പിക്കുന്നതിന് മുന്‍പേ തിക്കിത്തിരക്കി അഞ്ചുപേര്‍ ഞങ്ങ ൾക്കിടയിലേക്ക് ചാടിവീണു. ഞാൻ മിടിക്കുന്ന ഹൃദയത്തോടെ മിഴികള്‍ ചേര്‍ത്തടച്ചു. മിഴികളുടെ തള്ളിച്ചയില്‍ ഭയം വിറയാര്‍ന്നു.

' ഓഹ് ഗോഡ്.. ഞങ്ങളിലൊരാളെ തനിച്ചായി ആരും അകപ്പെടുത്തരുതേ. ഇപ്പോള്‍ പകര്‍ന്ന് നല്‍കിയ ഈ നിമിഷങ്ങള്‍ അപൂര്‍വ്വസുന്ദരമായ നിന്റെ കൃപാകടാക്ഷമാണെന്നറിയാം. എങ്കിലും ഞങ്ങളുടെ ഉള്ളറ തുറക്കാന്‍ , മുട്ടിയുരുമ്മിയിരിക്കാന്‍ ഇത്തിരി സമയം കൂടി ദൈവമേ..'

ഹണ്ടിന്റെ മനസ്സും വേപഥു പൂണ്ടു.. ഇത്തരം പേലവവികാരങ്ങള്‍ ഫിഫിനോടൊപ്പമായിരിക്കുമ്പോള്‍ മാത്രമാണ് കീഴ്പ്പെടുത്തുന്നത്.

 ടെക്സ്റ്റൈല്‍ ഷോപ്പുടമ തന്റെ അഞ്ചുവിരലുകളും വിടര്‍ത്തി പരതി ഡ്രോയില്‍നിന്നും അഞ്ഞൂറിന്റെയും നൂറിന്റെയും ഓരോ നോട്ടെടുത്ത് ഒരു കസ്റ്റമറുടെ നേരെ ബാക്കിനീട്ടി. എന്നിട്ട് ഡ്രോയിലുള്ള നോട്ടുകളെ അഞ്ഞൂറ്,നൂറ്,...എന്നിങ്ങനെ തരം തിരിച്ച് റബര്‍ ബാന്റിട്ടുവെച്ചു. എനിക്ക് ഹൃദയം പൊട്ടുമാറുച്ചത്തില്‍ അലറിവിളിക്കാന്‍ തോന്നി. സന്തോഷത്തിന്റെ തിരയിളക്കം അത്രത്തോളമുണ്ട്. ദൈവത്തിന്റെ കൃപാവരമെന്നല്ലാതെന്ത് പറയാന്‍ . ഞാൻ ദൈവത്തിനോട് മന്ത്രിച്ചു:

' നൂറിന്റെ നോട്ടുകള്‍ക്ക് ഏറ്റവും മുകളില്‍ എന്റെ ഹണ്ടാണ്. അതിന് മുകളിലായി  അമ്പത് രൂപയുടെ എന്റെ  കെട്ടും. ഞാനാണതിന്റെ ഏറ്റവും അടിയില്‍ . ഞങ്ങളെ വീണ്ടും ഒന്നായി ജീവിക്കാന്‍ അനുവദിച്ച് തന്ന ഓരോ നിമിഷങ്ങള്‍ക്കും നന്ദി ദൈവമേ..'

ഞങ്ങൾ ഭയസംഭ്രമത്തില്‍ നിന്ന് മുക്തി നേടാന്‍ അല്‍പ്പ സമയമെടുത്തു. ഹൃദയം ഹൃദയത്തോട് സംസാരിച്ചുകൊണ്ടേയിരുന്നു.

 “ ഈ മുറിവ് ?” 

ഹണ്ട് പറയാനാരംഭിച്ചു. "ഒരു മാസം പ്രായമുള്ള ഒരു പെണ്‍കുഞ്ഞിന്റെ അമ്മയുടെ കയ്യിലായിരുന്നു അന്ന് ഞാന്‍ . ആ രാത്രി ഇന്നും ഞാനോര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല. ആ രാത്രി മാത്രമല്ല..പലരാത്രികളും...

കറുത്ത് മെല്ലിച്ചതെങ്കിലും ഓമനത്തം തോന്നുന്ന  മുഖം. അവളുടെ നെഞ്ചോട് ചേര്‍ന്ന് ഒരു ചോരച്ച മുഖവും. അവളുടെ ഭര്‍ത്താവ്  തലയിണക്കീഴെ എന്തോ തപ്പുകയാണ്. അവള്‍ തലയിണയില്‍ അമര്‍ത്തിപ്പിടിച്ചു...

 പ്ഠേ..കരണം പുകഞ്ഞെങ്കിലും അവള്‍ കുഞ്ഞിനെ ഒരു കൈത്താങ്ങില്‍ നെഞ്ചോട് ചേര്‍ത്ത് മറുകയ്യിനാല്‍ തലയിണക്കീഴിലെ പേഴ്സിന് വേണ്ടി ബലം പിടിച്ചു...

 “ നിങ്ങള് ഇതും കൂടിയെടുത്ത് കുടിക്കാന്‍ കൊണ്ടോകല്ല്. എന്റെ മൊലേല് പാലേ ഇല്ല.ഈ കുഞ്ഞ് വെറുതേ ചപ്പണതാ..അതിന് നാഴി പാല് മേടിച്ച് നാവിലിറ്റിച്ച് കൊടുക്കാനാ...കൊണ്ടോകരുത്..”

 മദ്യപനായ  ഭര്‍ത്താവ് അവളെ മുടിക്കുത്തില്‍ പിടിച്ച് അവളുടെ കയ്യിലിരുന്ന പേഴ്സ് തുറന്നെന്നെ എടുത്തു. കുഞ്ഞിനെ ചേര്‍ത്ത് പിടിച്ച്, അയാളില്‍ നിന്നും തട്ടിപ്പറിച്ച് അവള്‍ എന്നെ വീണ്ടും കൈപ്പിടിയിലൊതുക്കി. ആ ദുഷ്ടന്‍ ഒട്ടും മടിക്കാതെ അവളുടെ നാഭിയില്‍ ആഞ്ഞു തൊഴിച്ചു. അവള്‍ കുഞ്ഞിനോടൊപ്പം അലര്‍ച്ചയോടെ കട്ടില്‍പ്പടിയില്‍ തലയടിച്ച് താഴേക്ക് വീണു. ആ വീഴ്ച്ചയോ , ആ കുഞ്ഞിന്റെ കരച്ചിലോ വകവെയ്ക്കാതെ അവളുടെ ചുരുട്ടിയ മുഷ്ടിയില്‍ നിന്നും എന്നെ വേര്‍പ്പെടുത്തിയെടുത്തപ്പോഴുണ്ടായ മുറിവാണിത്. ..

അന്നും ഭര്‍ത്താവ് അവളുടെ കിടക്കറയിലേക്ക്  പറഞ്ഞയച്ച ആള്‍  അവളെ  ജീവനോടെ കണ്ടിരുന്നോ ആവോ? ഈ മുറിവിലെ വേദന സഹിച്ചതിലും ഏറെയായിരുന്നു അന്നെന്റെ ഉള്ളിലെ വേദന. എത്രയോ വേദനകള്‍ ..”

 വേശ്യാലയങ്ങളില്‍ പുരുഷസ്രവത്തിന്റെ മനം മടുപ്പിക്കുന്ന ഗന്ധത്തില്‍ അടിവസ്ത്രങ്ങളുടെ അറയില്‍ ശ്വാസം മുട്ടിപ്പിടഞ്ഞത്,  ബീഡിക്കറ പുരണ്ട പല്ലുകള്‍ കോര്‍ത്തു വലിച്ച നിറഞ്ഞ സ്തനങ്ങള്‍ക്കിടയില്‍ ഞെരുങ്ങിയത്, മദ്യശാലകളില്‍ , സംഭാവനപ്പെട്ടിയില്‍ , പിരിവ് ബക്കറ്റിനുള്ളില്‍ , ഭണ്ഡാരക്കുറ്റിക്കകത്ത്, തസ്ക്കരന്റെ കയ്യില്‍ , നിയമപാലകരുടെ കയ്യില്‍ , അങ്ങനെ പറഞ്ഞാലൊടുങ്ങാത്ത സഞ്ചാരപഥങ്ങളിലുടെ കടന്ന് പോയ അനുഭവങ്ങള്‍ പങ്കുവെച്ച് ആ സന്ധ്യയില്‍  ഞങ്ങൾ ഒരുമിച്ചു.
  
 പുറത്ത് തുലാവര്‍ഷം തിമിര്‍ത്ത് പെയ്യുന്നുണ്ടായിരുന്നു. ഈര്‍പ്പം നിറഞ്ഞ അന്തരീക്ഷത്തിലൂടെ ഒഴുകിയെത്തിയ ഒറ്റപ്പെട്ട ചില സംസാരങ്ങൾ ഞങ്ങൾ ശ്രദ്ധിക്കാതിരുന്നില്ല.

 “കലികാലം അല്ലാതെന്ത് പറയാന്‍ ! എല്ലാം കാലം തെറ്റിത്തന്നെ.”

 “ഇപ്പൊ തുലാവര്‍ഷത്തിന്റെ സമയം കഴിഞ്ഞില്ലേ? ഇങ്ങനുണ്ടോ ഒരു പെരുമഴ?”

“ഇങ്ങോട്ട് വരുമ്പൊ മഴയ്ക്കൊള്ളൊരു കോളൂണ്ടാര്ന്നില്ല .”

 “മഴയാണെന്ന് വെച്ച് പുടവ എടുക്കലും കല്ല്യാണോം നീട്ടാന്‍ പറ്റ്വോ?.”

പക്ഷെ ഞങ്ങൾക്ക് മഴയൊരു സ്വര്‍ഗ്ഗാനുഭവമായിരുന്നു. ഹണ്ട് പറഞ്ഞു :

 “നമ്മളൊത്തുള്ള ഈ മഴസന്ധ്യ എന്റെ ഓര്‍മ്മയില്‍ എന്നും ഉണ്ടാകും. ആ ഓര്‍മ്മയില്‍ നിന്റെ തോരാത്ത വാക്കുകള്‍ എന്നില്‍ പെയ്തിറങ്ങണം.” ഹണ്ടിന് അയവിറക്കാന്‍ വേണ്ടി ഞാൻ കഥ പറഞ്ഞ് തുടങ്ങി. 

“എത്രയോ സന്തോഷം നിറഞ്ഞ മുഹൂര്‍ത്തങ്ങള്‍ നമ്മിലുടെ കടന്ന് പോകുമ്പോഴും ഓര്‍മ്മകളെ കീഴടക്കുന്നത് നൊമ്പരങ്ങളാണ്. എന്റെ മനസ്സിലെവിടെയോ  ഒരു അനാഥ ബാലികയുണ്ട്, ഒരു വിങ്ങലായി.   മിഥില. എട്ട് വയസ്സുകാരി...

 ഒരു  കോടീശ്വരന്‍ തന്റെ പിറന്നാള്‍ കൂടിയായ വിഷുദിനത്തില്‍ ആ അനാഥാലയത്തിലെ അന്തേവാസികള്‍ക്കെല്ലാം പുത്തന്‍ വസ്ത്രങ്ങളും, ഭക്ഷണവും, വിഷുക്കൈനീട്ടവും കൊടുത്തു. എന്നെ ലഭിച്ചത് മിഥിലക്കായിരുന്നു. ആ കുഞ്ഞിക്കൈ നിവര്‍ത്തി എന്നെ നോക്കിയപ്പോള്‍ ആ കണ്ണുകളുടെ തിളക്കവും വിടര്‍ച്ചയും ഞാന്‍ ശ്രദ്ധിച്ചു. മറ്റൊരിടത്തും ഞാന്‍ ആ ഭാവം കണ്ടിട്ടില്ല. അവള്‍ക്ക് ആദ്യമായിട്ടായിരുന്നു ഒരു അമ്പത് രൂപ നോട്ട് സ്വന്തമായി ലഭിച്ചത്... 

എന്നെ ചെലവാക്കാതെ അവള്‍ നിധിപോലെ കാത്തു. സ്ക്കൂളില്‍നിന്നും വന്നാലുടന്‍ പെട്ടിതുറന്ന് എന്നെയെടുത്ത് തിരിച്ചു മറിച്ചും നോക്കി, ചിലപ്പോള്‍ ചുണ്ടോട് ചേര്‍ത്ത് ചുടുമുത്തം നല്‍കി , തിരികെ ഉടുപ്പുകള്‍ക്കിടയില്‍ ഭദ്രമായി എന്നെ പൊതിഞ്ഞു കിടത്തുമായിരുന്നു. ഇത്രയും കരുതലും സൂക്ഷ്മതയും അനുഭവിച്ചറിഞ്ഞത് ആ നിഷ്കളങ്ക ബാല്യത്തില്‍ നിന്ന് മാത്രമാണ്...

 ധനം എന്ന മൂല്യത്തെയല്ല അവള്‍ എന്നില്‍ കണ്ടത്. മിഥിലയുടെ കണ്ണുകള്‍ എന്നോട് പറഞ്ഞിരുന്നതിതാണ്.'ഒരച്ഛന്‍ ആദ്യമായി എനിക്ക് തന്ന വിഷുക്കൈനീട്ടമാണിത്.. ഇനിയേതെങ്കിലും ഒരച്ഛന് ഇത്പോലെ തരാന്‍ തോന്നിയില്ലെങ്കിലോ? ഇത് ഞാന്‍ മരണം വരെ കാത്ത് സൂക്ഷിക്കും.'

അവളുടെ വിരല്‍തുമ്പിലെ സ്പര്‍ശവും, ചുണ്ടിലെ ചൂടും, കണ്ണുകളുടെ ഭാഷയും അനുഭവിച്ച് അവളുടെ കട്ടിലിന് കീഴെയുള്ള പെട്ടിയിലായിരുന്നു ഞാന്‍ ഒന്നരവര്‍ഷത്തോളം... 

ഒരു ദിവസം രാവിലെ പെട്ടിതുറന്ന് എന്നെയെടുത്ത് തുരുതുരാ ഉമ്മ വെച്ചു. പിന്നെ നിറഞ്ഞ കണ്ണുകള്‍ തുടച്ചു. എന്നിട്ട് എന്നോട് പറഞ്ഞു:

“ നിന്നെ ഞാന്‍ കൊടുക്ക്വാ..എന്റെ ക് ളാസിലെ ഒരു കുട്ടിക്ക്. നിന്നെ ഞാന് കൊടുത്തില്ലേല് ആ കുട്ടീം ന്നെപ്പോലെ അമ്മയില്ലാണ്ടായിപ്പൊവും. ആ അമ്മക്ക് കരള് മാറ്റിവെയ്ക്കാന്‍ ലക്ഷങ്ങള് വേണംന്നാ ടീച്ചറ് പറഞ്ഞെ”

അന്ന് രാത്രിയിലും ഞാനില്ലാത്ത പെട്ടിയില്‍ അവളുടെ വിരലുകള്‍ എന്നെ പരതിയിട്ടുണ്ടാവാം!.
എന്റെ ഹൃദയം പെയ്തപ്പോള്‍ പുറത്ത് കൊള്ളിയാന്‍ മിന്നി. കാര്‍മേഘങ്ങള്‍ കരഞ്ഞുവിളിച്ചു. പുഴയും,വഴിയും തിരിച്ചറിയാനാകാത്ത വിധം ജലനിരപ്പുയര്‍ന്ന് തുടങ്ങി. റോഡുകളും പാലങ്ങളും ജലത്തിന് കീഴ്പ്പെട്ടുതുടങ്ങി.ജനനിബിഢമായ പ്രദേശങ്ങളില്‍ നിന്നും ജനങ്ങള്‍ രക്ഷാസങ്കേതങ്ങള്‍ തേടി പാലായനം ചെയ്ത് തുടങ്ങുന്ന വാര്‍ത്ത ടിവിയില്‍ മുഴങ്ങുന്നുണ്ടായിരുന്നു. 

പെട്ടെന്നായിരുന്നു ഞങ്ങളുടെ സംഭാഷണങ്ങള്‍ തടസ്സപ്പെടുത്തിക്കൊണ്ട് ആ അഞ്ചുവിരലുകള്‍ വീണ്ടും കടന്ന് വന്നത്. കടയുടമ നോട്ടുകെട്ടുകളെല്ലാം രണ്ട് ബാഗുകളിലേക്കായി എടുത്തുവെച്ചു.  ചിരപരിചിതമായ അനുഭവങ്ങള്‍ യാത്ര കാറിലാണെന്ന് മനസ്സിലാക്കിപ്പിച്ചു.

 എന്റെ പ്രിയപ്പെട്ടവന്റെ ഗന്ധത്തിന്റെ ശൂന്യതയില്‍ എന്റെ നെഞ്ചകം വിങ്ങുന്നു. ഞങ്ങള്‍ വീണ്ടും വേര്‍പിരിക്കപ്പെട്ടിരിക്കുന്നു.അവന്‍ രണ്ടമത്തെ ബാഗിലകപ്പെട്ടു.എങ്കിലും ഞങ്ങള്‍ ഇനിയും കണ്ടുമുട്ടാതിരിക്കില്ല. ഞങ്ങളുടെ ആത്മാവിന്റെ ഓരോ മാത്രയും ഒന്നായിരിക്കുവാന്‍ എത്രത്തോളം ത്രസിക്കുന്നുണ്ടെന്ന് ദൈവം കാണുന്നുവല്ലോ?.ഹണ്ടിന്റെ ഓര്‍മ്മയില്‍ ഞാന്‍ നിറഞ്ഞ് പെയ്യും.എനിക്കും ഓര്‍ക്കുവാന്‍ ഏറെയുണ്ട്.

പുറത്ത് പേമാരി ശക്തിയാര്‍ജ്ജിക്കുന്നു. പുഴകളെല്ലാം നിറഞ്ഞുകവിയുന്ന ഹുങ്കാരം. പെട്ടെന്നായിരുന്നു പാലത്തിന്‍ മീതെയുള്ള വെള്ളത്തിന്റെ ഒഴുക്ക് വര്‍ദ്ധിച്ചത് പോലെ കാര്‍ ഉലഞ്ഞത്. ഒഴുക്കില്‍ പെട്ടിരിക്കുന്നു. കടയുടമ ഡോര്‍ തുറക്കുന്ന ശബ്ദം.“ഹൊ! ഒരു ബാഗ് കാണുന്നില്ലല്ലോ”. ഡ്രൈവറുടെ സ്വരം ഒരു ഇടിത്തീയായി.

 ആ വാ‍ട്ടര്‍പ്രൂഫ് ബാഗിനുള്ളില്‍ അപ്പോഴും ഞാൻ പ്രാര്‍ത്ഥനയിലായിരുന്നു. ഇനിയുമൊരുനാള്‍ ഹണ്ടിനെ കണ്ട് മുട്ടുന്ന നാളുകള്‍ക്ക് വേണ്ടി.



                                           ഇ-മഷി മാഗസിനില്‍ വായിക്കുവാന്‍ ഇവിടെ ക് ളിക്കുക.      

                                       malayalamdailynews ല്‍ വായിക്കുവാന്‍ ഇവിടെ ക് ളിക്കുക

34 അഭിപ്രായങ്ങൾ:

നാമൂസ് പെരുവള്ളൂര്‍ പറഞ്ഞു...

ഒരു കഥ വികസിക്കുന്നതും അവസാനിക്കുന്നതും കഥക്ക് മേല്‍ എഴുത്താള്‍ക്ക് മാത്രമായുള്ള നിയന്ത്രണാധികാര പ്രയോഗങ്ങളിലൂടെയാണ്. കഥ നടത്തിച്ചു/ചെയ്യിച്ചു എന്നൊക്കെ കഥ ഉണ്ടായതിനെ കുറിച്ച് വേണമെങ്കില്‍ കഥക്കുള്ളില്‍ കഥ പറയാം. അപ്പോഴും അതൊരു കഥയാണ്. അതുകൊണ്ടുതന്നെ അതില്‍ എഴുത്താള്‍ടെ പ്രത്യേകമായ അധികാരം പ്രയോഗിക്കപ്പെടുന്നുണ്ട്. ഈ സവിശേഷാധികാര സ്വഭാവം അയാള്‍ അയാളുടെ പരിസരങ്ങളില്‍ നിന്നും ശീലിച്ചതും ആര്‍ജ്ജിച്ചിട്ടുള്ളതുമായ ബോധ നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ഒളിഞ്ഞും അല്ലാതെയും അനുഭവപ്പെടും. അതും സ്വാഭാവികം! നിലപാടുറപ്പ്/ ഉള്ളുണര്‍ച്ച എന്നൊക്കെ ഇതിനെ മറ്റൊരു വിധത്തില്‍ വിശകലനത്തിന് വിധേയമാക്കാം. അത് അങ്ങനെത്തന്നെ പ്രത്യേകം ചര്‍ച്ച ചെയ്യേണ്ടുന്ന ഒന്നുമാണ്.

എന്നാല്‍, ഒരു കഥ ആരംഭിക്കുന്നത് തീര്‍ത്തും ശൂന്യമായ ഒരു ഒന്നുമില്ലായ്മ നിന്നുമാണ്. ആ 'ഉള്ള ഇല്ല' ഉണ്ടാക്കുന്നതാണ് പിന്നീട് ഉണ്ടായ എന്തും. എങ്കില്‍, ഈ നിര്‍മ്മിതിക്കുപയോഗിക്കുന്ന 'അസംസ്കൃത വസ്തു' അതെന്തായിരിക്കും.? അത്, ആ നിമിഷം/അല്ലെങ്കില്‍ വളരെ നേരത്തെ കണ്ടതും കേട്ടതും അറിഞ്ഞതും അനുഭവിച്ചതും തോന്നിയതും ആഗ്രഹിച്ചതുമൊക്കെയാവാം. ഇവയെ സൂക്ഷമമായി നിരീക്ഷിക്കുകയും അവയുടെ സ്വഭാവ സവിശേഷതകള്‍ മനസ്സിലാക്കുകയും പിന്നീട് യഥാവിധി ബന്ധിപ്പിക്കുകയും ചെയ്യുന്ന കൂര്‍മ്മത/ജാഗ്രതയുമാണ് ഈ അസംസ്കൃത വസ്തു.

സചേതന/അചേതന, ജാതീയ/വിജാതീയ, സജീവ/നിര്‍ജ്ജീവ, ഇഷ്ട/അനിഷ്ട എന്നിങ്ങനെ വ്യത്യസ്ത തലങ്ങളില്‍ നിലനില്‍ക്കുന്ന സ്വഭാവ/അനുഭവങ്ങളില്‍ ഏതില്‍ നിന്നും ഇങ്ങനെ കഥകള്‍ സംഭവിക്കാം. മേല്‍ചൊന്ന നിരീക്ഷണവും/മനസ്സിലാക്കലും/ജാഗ്രതയും പിന്നെ ആ സവിശേഷമായ നിയന്ത്രണാധികാര പ്രയോഗങ്ങളും ചേര്‍ന്നാല്‍ ഒരു കഥ ഉണ്ടായി എന്നുതന്നെയാണ്. പിന്നെ, അതിലെ ജീവിത സാമ്യവും രസനീയതയും അതിനെ നിലനിറുത്തുകയും വായിപ്പിക്കുകയും ചെയ്യുന്നു.

ഇങ്ങനെ ഒരു ഒന്നുമില്ലായ്മയില്‍ നിന്നും ആരംഭിക്കുന്ന, അചേതനമായ രണ്ടു വസ്തുക്കളില്‍ ചേതനയാര്‍ന്ന ഒരു ജീവിതം സന്നിവേശിപ്പിച്ച് അത്ര മുഷിയാത്ത വിധം വായിപ്പിക്കുന്ന രസനീയത ആവശ്യത്തിന് ഉറപ്പാക്കിയ 'ഹണ്ട് ആന്‍ഡ്‌ ഫിഫ്' എന്ന ഇക്കഥ അല്പം പ്രത്യേകത അവകാശപ്പെടാവുന്ന ഒന്നായാണ് എനിക്കനുഭവപ്പെടുന്നത്.

എഴുത്താള്‍ക്കഭിനന്ദനം.

തുമ്പി പറഞ്ഞു...

കഥകളായി 4 പോസ്റ്റുകളേ ഞാന്‍ ചെയ്തിട്ടുള്ളൂ. അതില്‍ ആദ്യമായാണ് ഇത്രയും വലിയൊരു അവലോകനം കിട്ടുന്നത്. സന്തോഷം, നന്ദി, വളരെ..

തുമ്പി പറഞ്ഞു...

“നോട്ടുകളെക്കൊണ്ട് സമൂഹത്തിലെ തിന്മകളെക്കുറിച്ച് പറയിപ്പിക്കാനാകും. നസീമക്കത് കഴിയും.” എന്ന് പറഞ്ഞത് നാട്ടുകാരനായ തോമസ് ചേട്ടായിയാണ്. അതില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ടാണ് ഞാനിതെഴുതിയത്. അദ്ദേഹം എന്തായിരിക്കാം ഉദ്ദേശിച്ചിരുന്നതെന്ന് എനിക്കറിയില്ല. ഇത് വരെ കണ്ട്മുട്ടാന്‍ സാധിച്ചിട്ടില്ല. അദ്ദേഹത്തിന് ഞാന്‍ ഈ കഥ സമര്‍പ്പിക്കുന്നു.

പട്ടേപ്പാടം റാംജി പറഞ്ഞു...

"എത്രയോ സന്തോഷം നിറഞ്ഞ മുഹൂര്‍ത്തങ്ങള്‍ നമ്മിലുടെ കടന്ന് പോകുമ്പോഴും ഓര്‍മ്മകളെ കീഴടക്കുന്നത് നൊമ്പരങ്ങളാണ്."

അനക്കാന്‍പോലും മനസ്സിനെ അനുവദിക്കാതെ അടക്കിപ്പിടിക്കുന്ന പണം.
അതുണ്ടാക്കാന്‍ തെരഞ്ഞെടുക്കുന്ന വഴികള്‍ (പലതരം) അവരെ സംബന്ധിച്ചിടത്തോളം ശരികളാണ്. ശരിക്കിരയാകുന്നവര്‍ തെറ്റിനെ സ്വീകരിക്കാന്‍ വിധിക്കപ്പെട്ടവരെന്ന സാമൂഹ്യ ചുറ്റുപാടുകള്‍ കഴുകനെപ്പോലെ തലക്കു മുകളില്‍ ചുറ്റിക്കറങ്ങുന്നു. സാമൂഹ്യ ചുറ്റുപാടുകള്‍ സ്വയം ചിന്തകളെ നശിപ്പിക്കുന്ന രീതിയില്‍ വളര്‍ന്നു കഴിഞ്ഞു. അതൊരുപക്ഷേ നൊമ്പരങ്ങളെ സൃഷ്ടിക്കുന്നു എന്നും തോന്നിപ്പോകുന്നു.

ശ്രദ്ധയോടെ വായിക്കേണ്ട എഴുത്തുരീതിയിലെ പുതുമ തേടുന്ന ആഖ്യാനം ഇഷ്ടപ്പെട്ടു.

pradeep nandanam പറഞ്ഞു...

ജീവിതമൂല്യബോധങ്ങൾക്ക് മൂകസാക്ഷിയായി ഒന്നിൽ നിന്നും മറ്റൊന്നിലേയ്ക്ക് യാത്രയാകുന്ന കടലാസ്സിനും ജീവൻ നൽകിയ കഥ നന്നേ ഇഷ്ടമായി. എന്നിലെയ്ക്കുള്ള വരവിലും എന്നിൽ നിന്നുള്ള പോക്കിലും ഒരു നിമിഷം അവയെ ഇനി ഞാൻ കണ്‍ പാർക്കേണ്ടതായി വരുന്നു.

Aju George Mundappally പറഞ്ഞു...

“നമ്മളൊത്തുള്ള ഈ മഴ സന്ധ്യ എന്റെ ഓര്‍മ്മയില്‍ എന്നും ഉണ്ടാകും. ആ ഓര്‍മ്മയില്‍ നിന്റെ തോരാത്ത വാക്കുകള്‍ എന്നില്‍ പെയ്തിറങ്ങണം.”...കഥയുടെ പേരുപോലെ തന്നെ ആദി മുതല്‍ അവസാനം വരെ ആകാംഷയോടെ വായക്കാരെ കൂട്ടികൊണ്ടു പോകാന്‍ കഴിഞ്ഞു. ഭാവനാ സമ്പന്നമായ ഒരു കഥ ഇഷ്ടമായി....

കുഞ്ഞൂസ്(Kunjuss) പറഞ്ഞു...

വ്യത്യസ്ഥമായ ആഖ്യാന രീതിയിൽ മനോഹരമായ കഥ...

Unknown പറഞ്ഞു...

മുകളിൽ മൊത്തം സാഹിത്യവും വളരെ സൂക്ഷ്മമായ വിശകലനങ്ങളും ,ഞാൻ അതിനു മിനകെടുന്നില്ല ..നന്നായിരിക്കുന്നു,ആശംസകൾ ..എഴുത്ത് തുടരട്ടെ .കമന്റുകളും ലൈക്കുകളും ആയി നമ്മൾ കൂടെ ഉണ്ട്

Prabhan Krishnan പറഞ്ഞു...

അഭിനന്ദിക്കാതെ തരമില്ല. തികച്ചും വ്യത്യസ്തത അവകാശപ്പെടാവുന്ന പ്രമേയം വളരെ കൗശലപൂർവമെഴുതി വിജയിപ്പിച്ചിരിക്കുന്നു.
ആശംസകളോടെ.. പുലരി

jailaf പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Jefu Jailaf പറഞ്ഞു...

നല്ല പുതുമ തോന്നുന്ന കഥ. നന്നായി എഴുതുകയും ചെയ്തു. അഭിനന്ദനങ്ങള്‍.

Pradeep Kumar പറഞ്ഞു...

കറൻസി നോട്ടുകൾക്ക് ആത്മാവുണ്ടായിരുന്നെങ്കിൽ ഏറ്റവും കൂടുതൽ ജീവിതാനുഭവങ്ങൾ പങ്കുവെക്കാനുണ്ടാവുക അവക്കായിരിക്കും. എല്ലാതരത്തിലുള്ള ജീവിതമുഖങ്ങളേയും അവ കാണുന്നു. എല്ലാ വ്യഥകളും, സന്തോഷങ്ങളു ഒപ്പം അവയും അറിയുന്നു. കറൻസി നോട്ടിന്റെ ആത്മകഥനത്തിലൂടെ കഥ വികസിപ്പിക്കാമെന്ന രചനാതന്ത്രത്തിനെ അഭിനന്ദിക്കുന്നു....

തുടക്കം വായിച്ചപ്പോൾ അൽപ്പം ദുരൂഹത തോന്നി. വായന മുന്നോട്ട് നീങ്ങിയപ്പോഴാണ് വായനക്കാരോട് സംവദിക്കുന്നത് കറൻസി നോട്ടാണെന്ന് മനസ്സിലാവുന്നത്. ആ തിരിച്ചറിവിലൂടെ ആദ്യംമുതൽ വീണ്ടും വായിച്ചു...

ഏറ്റവും മുകളിലെ ചിത്രം ഈ-മഷി മാഗസിനിൽ വന്ന മൂന്നു രചനകളുടെ അവലോകനമാണ് ഈ പോസ്റ്റ് എന്ന തെറ്റിദ്ധാരണ ഉണ്ടാക്കുന്നതുപോലെ തോന്നി.....

ഒരു കുഞ്ഞുമയിൽപീലി പറഞ്ഞു...

ഒരു വിത്യസ്തമായ എഴുത്തും കഥാപാത്രങ്ങളും .... ആശംസകൾ ട്ടോ

ഫൈസല്‍ ബാബു പറഞ്ഞു...

നസീമയുടെ ബ്ലോഗിലെ എല്ലാ കഥകളും വായിച്ചിട്ടുണ്ട് , പറയാതെ വയ്യ എഴുത്തിന്റെ ഗ്രാഫ് ഒരു പാട് ഉയര്‍ന്നിരിക്കുന്നു , കഥയില്‍ പുതുമ കൊണ്ട് വരാന്‍ കഴിയുക എന്നത് ചില്ലറ കാര്യമല്ല ,അതില്‍ ഏറെക്കുറെ വിജയിച്ചു എന്ന് പറയാം .

വേണുഗോപാല്‍ പറഞ്ഞു...

കഥയെഴുത്തില്‍ നസീമ ഒരു പാട് മുന്നേറി എന്നത് ഈ കഥയിലെ ഭാഷാപ്രയോഗവും അതിലുപരി പ്രമേയ വ്യത്യസ്തതയും അടിവരയിടുന്നു.

ഇനിയും പിറക്കട്ടെ ഒരു പാട് കഥകള്‍ ഇവിടെ !

ajith പറഞ്ഞു...

ചക്രം അതിന്റെ കഥ പറഞ്ഞത് വളരെ ഇഷ്ടപ്പെട്ടു.
നൂറിനെക്കൊണ്ടും അമ്പതിനെക്കൊണ്ടും ഇങ്ങനെ കഥ പറയിപ്പിച്ച ആ ഭാവനയ്ക്ക് നമസ്കാരം

Unknown പറഞ്ഞു...

വീണ്ടും വന്നു വായിച്ചു. അചേതന വസ്തുക്കളായ രണ്ടു നോട്ടുകള്‍, താന്താങ്ങള്‍ കടന്നുവന്ന വഴികളെ എത്ര മനോഹരവും തീവ്രവും ആയാണ് എടുത്തു കാട്ടുന്നത്..! ആ നിമിഷത്തിന്‍റെ പാപത്തിലും പുണ്യത്തിലും തങ്ങള്‍ പങ്കെടുത്തതും, അത് തങ്ങളില്‍ ഉണ്ടാക്കിയ മാനസിക ഉല്ലാസവും പിരിമുറുക്കവും... വെറുമൊരു ചെസ്റ്റിന്‍റെ പ്ലൈവുഡ്‌ ചുവരുകളില്‍ നിന്നും ഈ കഥ നമ്മെ നടത്തിയ വഴികള്‍ എന്തെല്ലാമാണ്..!! പകര്‍ന്നുതന്ന മാനസിക ഉല്ലാസത്തിന് നന്ദി. ആ പേന മഷിയൊഴിയാതെ വാഴട്ടെ...

ഷൈജു.എ.എച്ച് പറഞ്ഞു...

മനോഹരം...വളരെ വ്യത്യസ്തമായ ചിന്തയിൽ നിന്നുയർന്ന
കഥ ഹൃദയ സ്പർശിയായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ...സസ്നേഹം

അജ്ഞാതന്‍ പറഞ്ഞു...

good

Salini Vineeth പറഞ്ഞു...

ഇത്ര പുതുമയുള്ള ഒരു ആഖ്യാനം അടുത്ത കാലത്തൊന്നും വായിച്ചിട്ടില്ല. അചേതനമായ വസ്തുകളാണ് കഥ പറയുന്നതെന്ന തോന്നൽ ഒരിക്കലും ഉണ്ടായില്ല. അതിനു ആദ്യമായി അഭിനന്ദനങ്ങൾ! മനോഹരമായ ഭാവനയും ശൈലിയും കഥയിലുണ്ട്. ആദ്യ ഭാഗത്തെ ഇംഗ്ലീഷ് സംഭാഷണങ്ങൾ മാത്രം മുഴച്ചു നില്ക്കുന്നതായി തോന്നി. ഹണ്ട് ആന്‍ഡ് ഫിഫ് എന്നത് ഇന്ത്യൻ നോട്ടുകൾ ആണെന്നാണ് ഞാൻ മനസ്സിലാക്കിയത്. അവയെ ഇംഗ്ലീഷ് സംസാരിപ്പിച്ചതു കൊണ്ട് കഥാകാരി ഏതെങ്കിലും പ്രത്യേകം അർത്ഥമാക്കുന്നുണ്ടോ എന്ന് മനസ്സിലായില്ല. അതിനാലായിരിക്കാം അങ്ങനെ തോന്നിയത്. കഥ പെട്ടെന്ന് അവസാനിപ്പിച്ചതു പോലെ തോന്നി. ഇനിയും എഴുതൂ വായിക്കാനായി ഞാൻ ഇതിലെ ഇനിയും വരാം. :)

Unknown പറഞ്ഞു...

പണമില്ലാത്തവൻ പിണം എന്നാണല്ലോ... ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുള്ളവർക്കല്ലാതെ സത്യാമാണെന്നു തോന്നില്ല. ആ നിലയ്ക്ക് കറൻസിയെ കധാപാത്രങ്ങളാക്കിയതു എന്തുകൊണ്ടും അർതവത്തായി. പച്ചയായ കഥാഖ്യാനം, മൂര്ച്ചയുള്ള വാക്കുകൾ... അഭിനന്ദനങ്ങൾ!

Rahul Ashok പറഞ്ഞു...

ഇത് കൊള്ളാല്ലോ! പെരുത്തിഷ്ടായി.. :D

അനശ്വര പറഞ്ഞു...

തുമ്പീ ..എന്താ ഞാന്‍ പറയേണ്ടത്??...വളരെ ഇഷ്ടം തോന്നിയ ഒരു കഥയായിരുന്നൂട്ടൊ. നല്ലോരു വിഷയവും നല്ല രീതിയിലെ അവതരണവും എല്ലാം കൊണ്ട് കഥ മികവ് കാട്ടുന്നു.
സത്യത്തില്‍ വായിച്ച് തുടങ്ങിയപ്പൊ വായില്‍കൊള്ളാത്ത പേരുകളും[ഫിഫ്,ഹണ്ട്...] , ഒരു യൂഷ്വല്‍ പ്രണയ വരികളും ഒക്കെ കണ്ടപ്പൊ ഇത്ര നല്ലൊരു കഥയെ പ്രതീക്ഷിച്ചില്ല....ഇനിയും എഴുതൂ..ഇത് പോലെ സുന്ദരങ്ങളായ കഥകള്‍......

മിനി പി സി പറഞ്ഞു...

വളരെ നന്നായിരിക്കുന്നു തുമ്പി ...അഭിനന്ദനങ്ങള്‍ !

Elayoden പറഞ്ഞു...

വ്യത്യസ്തമായ അവതരണത്തിലൂടെ കഥ മനോഹരമായി പറഞ്ഞു. നോട്ടുകള്ക്ക് സംസാര ശേഷി ഉണ്ടായിരുന്നെങ്കിൽ ഒത്തിരി മിഥിലകളുടെ ജീവിതാനുഭവങ്ങൾ പങ്കുവെക്കുമായിരുന്നു.

ആശംസകൾ.

അമ്മൂട്ടി പറഞ്ഞു...

ഒരുപാട് ഇഷ്ടമായി തുമ്പി... വ്യത്യസ്തമായ അവതരണം... ആസ്വദിച്ച് തന്നെ വായിച്ചു

സാജന്‍ വി എസ്സ് പറഞ്ഞു...

പുതുമയുള്ള കഥ.. പിന്നെ വ്യത്യസ്തമായ ആഖ്യാനവും..കഥ ഒത്തിരി നന്നായിട്ടുണ്ട്,.തുമ്പിയുടെ കഥകള്‍ ഓരോ തവണയും കൂടുതല്‍ മികവായി വരുന്നു

ആശംസകള്‍

drpmalankot പറഞ്ഞു...

വ്യത്യസ്തമായ അവതരണം. ആശംസകൾ.

ചിന്താക്രാന്തൻ പറഞ്ഞു...

മദ്യപാനം മൂലം ശിഥിലമാകുന്ന എത്രയോ കുടുംബങ്ങള്‍ .മദ്യ വിമുക്തമാകുന്ന നമ്മുടെ രാജ്യം വെറും സ്വപനത്തില്‍ ഒതുങ്ങും .നല്ല കഥ ആശംസകള്‍

Shahida Abdul Jaleel പറഞ്ഞു...

വളരെ നന്നായിരിക്കുന്നു തുമ്പി ...അഭിനന്ദനങ്ങള്‍ !..

abuerfan പറഞ്ഞു...

ഹ്ണ്ടും ഫിഫും മൂല്യംകൊണ്ടെന്നപോലെ കഥയിലും വേറിട്ട്‌ നില്‍ക്കുന്നു..നല്ലവായന സമ്മാനിച്ചതിന് നന്ദി...

Unknown പറഞ്ഞു...

Nazeema u r great in this way.carry on

SHAMSUDEEN THOPPIL പറഞ്ഞു...

വളരെ നന്നായിരിക്കുന്നു തുമ്പി ...അഭിനന്ദനങ്ങള്‍ !..

റോസാപ്പൂക്കള്‍ പറഞ്ഞു...

പ്രിയ ഫിഫെ,ഹണ്ടെ...നിങ്ങടെ ഈ കഥ എഴുതിയ എഴുത്തുകാരിയെ അഭിനന്ദിക്കാതെ വയ്യ. സൂപ്പര്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറ്റങ്ങളും, കുറവുകളും ചൂണ്ടിക്കാണിക്കുമ്പോള്‍ എനിക്കത് സംതൃപ്തിയേകുന്നു.