Smiley face

2014, മേയ് 21, ബുധനാഴ്‌ച

ആ ദിവസം




നസീമും കൂട്ടുകാരും സ്ക്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ്. നാളെ മെയ് ദിനമാണ്. വഴിയരികില്‍ സമരപ്പന്തലില്‍ ചുവന്ന കൊടികള്‍ കൈകളിലേന്തി ആള്‍ക്കൂട്ടം എന്തൊക്കെയോ മുഷ്ടി ചുരുട്ടി ചോദിക്കുന്നു.

ഏഴാം ക് ളാസുകാരന്‍ നസീമിനെന്നും മുദ്രാവാക്യങ്ങള്‍ ആവേശമായിരുന്നു. മുദ്രാവാക്യങ്ങളുടെ അര്‍ത്ഥതലങ്ങളിലേക്ക് ഇറങ്ങിച്ചെന്നില്ലെങ്കിലും അവയുടെ താളവും ശക്തിയും എപ്പോഴും മനസ്സിലേക്ക് ഒരു ഊര്‍ജ്ജം പകര്‍ന്നിരുന്നു.നസീം കൂട്ടുകാരെ തടഞ്ഞ് നിര്‍ത്തി സമരപ്പന്തലിന്‍ മുന്നില്‍ നിന്ന് അവരുടെ പ്രസംഗം സശ്രദ്ധം ശ്രവിച്ചു.

പാടവരമ്പത്തു കൂടെ വീട്ടിലേക്ക് നടക്കുമ്പോള്‍ സമരാനുകൂലികളെ അനുകരിച്ച് നസീം ഏറ്റുവിളിച്ചു. “നേടിയെടുക്കും, നേടിയെടുക്കും അവകാശങ്ങള്‍ നേടിയെടുക്കും”. പിറകെ വന്ന ആറാം ക്ലാസുകാരി അമ്പിളിയും ലെജിയും, റൈഹാനത്തും, നഴ്സറിക്കാരന്‍ കണ്ണനും അതേറ്റ് വിളിച്ചു. “നേടിയെടുക്കും.നേടിയെടുക്കും അവകാശങ്ങള്‍ നേടിയെടുക്കും”.

വൈകുന്നേരം ചായകുടി കഴിഞ്ഞ് എല്ലാവരും പതിവ് സ്ഥലത്ത് ഒത്തുകൂടി. ഇന്നെന്താകണം കളിയെന്ന ചര്‍ച്ച ഉരുത്തിരിഞ്ഞപ്പോള്‍ നസീം പുതിയൊരാശയം ഇട്ടു. “സമരം ചെയ്യാം. ഞാന്‍ മുഖ്യ പ്രഭാഷകന്‍.നിങ്ങള്‍ എല്ലാവരും സഖാക്കള്‍”.

കണ്ണന്‍ മോന്‍ ഇതിലൊന്നും ശ്രദ്ധിക്കാതെ പുല്‍നാമ്പുകള്‍ക്കിടയില്‍ പരതി വേരുകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കണ്ണീര്‍തുള്ളി ഇറുത്തെടുത്ത് കണ്ണില്‍ എഴുതിക്കൊണ്ടിരുന്നു. ബാക്കി മൂന്നുപേരും തീരുമാനം അംഗീകരിച്ചു.

നസീം പ്രായത്തില്‍ കവിഞ്ഞ പക്വമായ അംഗചലനങ്ങളോടെ, ചൂണ്ടുവിരല്‍ മുകളിലേക്കും വശങ്ങളിലേക്കും ചലിപ്പിച്ച് സംഭാഷണം ആരംഭിച്ചു.

“സഖാക്കളെ. നാമെന്നും ചൂഷണത്തിനിരയായിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ മാതാപിതാക്കള്‍ കഠിനാധ്വാനം ചെയ്തിട്ടും നമുക്ക് അര്‍ഹമായ വേതനം ലഭിക്കുന്നില്ല. നമ്മള്‍ പലരുടേയും അഴിമതിക്ക് വശംവദരായാണ് ജീവിച്ച് പോരുന്നത്. മറ്റുള്ളവരുടെ ചൂഷണത്തില്‍ നിന്നും മുക്തരാകുവാന്‍ കഴിയും വിധം നാം സ്വയം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക. മുതലാളിത്ത വ്യവസായ ഉല്‍പ്പന്നങ്ങളെ നമുക്ക് ബഹിഷ്ക്കരിക്കാം, ഉദാഹരണത്തിന് നാം മിഠായി കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങി അവരെ യഥേഷ്ടം ഉയര്‍ത്തുമ്പോള്‍ നമ്മള്‍ അവരുടെ കൃത്രിമ ചേരുവകള്‍ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ വാങ്ങിക്കഴിച്ച് ആരോഗ്യം നശിപ്പിക്കുകയാണ്. അത്കൊണ്ട് സഖാക്കളെ നാം ഇന്ന് മുതല്‍ ഒരു ഉറച്ച തീരുമാനത്തിലെത്തണം. നമ്മള്‍ സംഘടിക്കണം. നമുക്കാവശ്യമായ മിഠായി ഉല്‍പ്പന്നങ്ങള്‍ നാം തന്നെ നിര്‍മ്മിക്കുക.”

കണ്ണന്‍ സന്തോഷം കൊണ്ട് ഇരുന്നിടത്തുനിന്നും എഴുന്നേറ്റ് തുള്ളിച്ചാടി. ലെജിയും, റൈഹാനത്തും, സനലും കൈകള്‍ ആഞ്ഞുകൊട്ടി. നസീം അഭിമാനത്തോടെ അവര്‍ക്കിടയില്‍ വന്നിരുന്നു. ഓമനത്തം തുളുമ്പുന്ന വട്ടമുഖക്കാരന്‍ കണ്ണന്‍ മോനെ മടിയില്‍ എടുത്തിരുത്തിക്കൊണ്ട് നസീം അവരോടൊപ്പം ചേര്‍ന്നിരുന്നു. 

“അപ്പൊ നമുക്കിന്നെന്താണ് ഉണ്ടാക്കേണ്ടത്?”.


ചോക്കളേറ്റ്”. കണ്ണന്മോന്‍ പറഞ്ഞു. ശരി. നസീം ഒരു കാരണവരെപ്പോലെ തലകുലുക്കി സമ്മതിച്ചു.
ലെജി സംശയമുന്നയിച്ചു.”എന്തോണ്ടാ ചോക്കളേറ്റ് ഉണ്ടാക്കുന്നത്?”
“കൊക്കോക്കായ കൊണ്ട്’. റൈഹാനത്ത് വിജിഗീഷുവായി. നസീം ശരിവെച്ചു. “അതെ അതിലിത്തിരി പാലും പഞ്ചാസാരയും നെയ്യും ചേര്‍ത്താല്‍ ചോക്കളേറ്റ് ആയി.”

പിന്നീട് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലായി. റൈഹാനത്റ്തിന്റെ വീട്ടില്‍ നിന്ന് ചീനച്ചട്ടി, ലെജിയുടെ വീട്ടില്‍ നിന്ന് പഞ്ചസാര, നസീമിന്റെ വീട്ടില്‍ നിന്ന് പാല്‍ ഇവയൊക്കെ എത്തിച്ചേര്‍ന്നു. പ്രധാന അസംസ്കൃത പദാര്‍ത്ഥമായ കൊക്കോക്കായ, തൊട്ടടുത്ത വീട്ടില്‍ പനമ്പില്‍ ഉണക്കാനിട്ടിരുന്നത് ആരെടുക്കുമെന്ന് ചര്‍ച്ച തുടങ്ങിയപ്പോഴേ കണ്ണന്‍ പറഞ്ഞു. “ അത് ഞാനെടുത്തോണ്ട് വരാം.” അവര്‍ക്ക് സന്തോഷമായി. കണ്ണന്‍ മോനെക്കൊണ്ട് രണ്ടുമൂന്നു പിടുത്തം എടുപ്പിച്ചു. പിടിക്കപ്പെട്ടാലും കുഞ്ഞെന്ന പരിഗണനയില്‍ രക്ഷപെടാം എന്നാണ് നിഗമനം. നെയ്യ് എവിടെ നിന്ന് എന്ന ചര്‍ച്ച ഒരു തരത്തിലും ഫലം കണ്ടില്ല. നസീം പാല്‍ ഒപ്പിച്ചത് തന്നെ കുഞ്ഞനുജത്തി രണ്ട് വയസ്സുകാരിക്ക് വേണ്ടി, ഉമ്മ തിളപ്പിച്ചാറ്റി മൊന്തയില്‍ സൂക്ഷിച്ചിരുന്ന പാലില്‍ നിന്നും  മോഷ്ടിച്ചതാണ്.

“നെയ്യില്ലാതെ നമുക്കുണ്ടാക്കാം. ആദ്യ പരീക്ഷണമല്ലേ.അടുത്ത പ്രാവശ്യം നമുക്ക് കളിക്കാന്‍ അമ്പിളിയെക്കൂടെ കൂട്ടാം. അവളുടെ വീട്ടില്‍ പാലും നെയ്യുമൊക്കെയുണ്ട്”. ലെജിയുടെ അന്തിമതീരുമാനത്തില്‍ അവര്‍ ചോക്കളേറ്റ് നിര്‍മ്മാണം ആരംഭിച്ചു. കാട്ടുകമ്പുകള്‍ ശേഖരിച്ച് തോട്ടുവക്കത്ത് പാറകള്‍ക്ക് മറവില്‍ അടുപ്പ് കൂട്ടി തീകത്തിച്ച് ചീനച്ചട്ടിയില്‍ വെള്ളം അല്‍പ്പം ഒഴിച്ചു. ശേഷം അതില്‍ പഞ്ചസാര ലയിപ്പിച്ചു. ഒരു പരന്ന കല്ലില്‍ കൊക്കോക്കായ അരച്ചെടുത്ത് അരപ്പ് ചേര്‍ത്ത് ഇളക്കി. ഒരു പരുവമായപ്പോള്‍ പാലും ചേര്‍ത്തു.ഉല്‍പ്പന്നം തയ്യാറായി വന്നപ്പോള്‍ അഞ്ചുപേരുടെ മുഖത്തും വിജയാഹ്ലാദമായിരുന്നു. കണ്ണന്‍ മോന്‍ കൊതിയോടെ പാത്രത്തിലെ ചൂടാറാന്‍ കാത്തിരുന്നു. ചൂടാറിയപ്പോള്‍ അവര്‍ കൊക്കോയുടെ ഇലയില്‍ ചോക്കളേറ്റ് വിളമ്പി. ആകൃതിയൊത്തില്ലെങ്കിലും കളര്‍ ഒത്തിട്ടുണ്ട്. നാവില്‍ വെച്ചപ്പോള്‍ മധുരമുണ്ട്. ചവച്ച് തുടങ്ങിയപ്പോള്‍ കയ്ച്ചിട്ട് ഇറക്കാന്‍ വയ്യ.

“എടീ..” ഒരു അലര്‍ച്ചകേട്ട് നോക്കുമ്പോള്‍ റൈഹാനത്തിന്റെ ഉമ്മ ഒരു മുഴുത്ത വടിയുമായി വരുന്നു. “എവിടേടീ..ചീനച്ചട്ടി...നോക്കി നോക്കി മടുത്തു. ഇവളൊരുത്തി ചീനച്ചട്ടി എടുത്തോണ്ട് പോണത് കണ്ടെന്ന് അമ്പിളിയാണ് പറഞ്ഞത്.” റൈഹാനത്ത് പേടിച്ച് വിറച്ച് നിന്നപ്പോള്‍ ബാക്കി നാലുപേരും സ്ഥലം കാലിയാക്കിയിരുന്നു.”ന്റെ റബ്ബേ...ഇത് ഞാനെങ്ങനെ നന്നാക്കിയെടുക്കും. ആകെക്കരിഞ്ഞ് പിടിച്ച്...ഈ പാത്രം മുഴുക്കെ വൃത്തികേടാക്കീല്ലോ നീയ്...”

റൈഹാനത്തിന്റെ അരപ്പാവാടപൊങ്ങി കാട്ടുകമ്പുകൊണ്ട് തുടയില്‍ ചുളുചുളാ അടിവീണു.റൈഹാനത്തിന്റെ ഉറക്കെയുള്ള നിലവിളികേട്ട്, ഓടി ഓളിച്ചവര്‍ എത്രയും പെട്ടെന്ന് അവരവരുടെ വീട്ടിലെത്തി. വാര്‍ത്ത എല്ലാ വീട്ടിലും തത്സമയം സം പ്രേഷണം ചെയ്യുന്നതായിരിക്കും എന്ന് അവര്‍ക്ക് മുന്നനുഭവങ്ങള്‍ ഉണ്ട്. സമ്മാനങ്ങളും ഉടനെയുണ്ടാകുന്നതാണ്.

പിറ്റേന്ന് വൈകുന്നേരം ഒത്തുചേര്‍ന്നപ്പോള്‍ നസീമിന്റെ മുഖം വലിഞ്ഞുമുറുകിയിരുന്നു. കണ്ണന്‍ മോന്‍ റൈഹാനത്തിനെ സഹതാപത്തോടെ നോക്കി. “ ചേച്ചിക്ക് ഒരുപാട് വേദനിച്ചോ?”. “പിന്നെ .ഒരുപാട് വേദനിച്ചു.” എവിടെയാണ് തല്ല് കിട്ടിയതെന്നറിയില്ലെങ്കിലും കണ്ണന്‍ മോന്‍ റൈഹാനത്തിന്റെ കയ്യില്‍ തടവിക്കൊടുത്തു. നസീമിന്റെ പ്രസംഗം കൂടുതല്‍ ആവേശഭരിതമായി. 


“സഖാക്കളെ...നാം ഒരിക്കലും തോറ്റ് പിന്മാറരുത്. എക്കാലത്തും തൊഴിലാളികളെ അടിച്ചമര്‍ത്തിയ ചരിത്രം മാത്രമേ,പരിശോധിച്ചാല്‍ നമുക്ക് കാണാന്‍ സാധിക്കുകയുള്ളൂ. മര്‍ദ്ദനമുറകളില്‍ നാം തളരരുത്. ഒരു തൊഴിലില്‍ പരാജയം നേരിട്ടാല്‍ നാം നിരുത്സാഹരാകാതിരിക്കുക. ഇന്നു നാന്‍ മറ്റൊരു തൊഴിലില്‍ ഏര്‍പ്പെടുന്നു. മത്സ്യബന്ധനം. മറ്റുള്ളവരുടെ അധ്വാനത്തിന്റെ ഫലം പറ്റുന്നവരാകാതെ നാം നമ്മുടെ ഭക്ഷണം സ്വയം കണ്ടെത്താന്‍ പോവുകയാണ്.”
 
നസീം ഇരുന്നപ്പോള്‍ എല്ലാവരും കയ്യടിച്ചു. നസീമിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് മീന്‍ പൊരിക്കാനുള്ള എണ്ണ ലെജിയുടെ വീട്ടില്‍ നിന്ന് കൊണ്ടുവന്നു. ഉപ്പും മുളകുപൊടിയും റൈഹാനത്തിന്റെ വീട്ടില്‍ നിന്ന്. നസീം മീന്‍ പൊരിക്കാനുള്ള പാത്രവും കൊണ്ടുവന്നു. ചോറുണ്ണാന്‍ ഉപയോഗിച്ചിരുന്ന വക്ക് പൊട്ടിയ ഒരു പാത്രമായിരുന്നു അത്. ആ പാത്രം തന്നെയായിരുന്നു അവരുടെ മത്സ്യബന്ധന യന്ത്രവും. വീട്ടില്‍ വറുത്ത് പൊടിച്ചു വെച്ചിരുന്ന കുറച്ച് അവലോസുപൊടി നസീം കൊണ്ടു വന്നിരുന്നു. അതെടുത്ത് അല്‍പ്പം വെളിച്ചെണ്ണ തൂകി പാത്രത്തിലാക്കി. പാത്രം ഒരു തുണികൊണ്ട് മൂടി, അതിന്റെ തുമ്പ് കൂട്ടിച്ചേര്‍ത്ത് ഒരു ചാക്ക്നൂല്‍ കൊണ്ട്കെട്ടി.. ശേഷം പാത്രത്തിന്റെ മുകളില്‍ വലിഞ്ഞ് മുറുകി നിന്നിരുന്ന പരന്ന ഭാഗത്ത്, മദ്ധ്യത്തിലായി തീപ്പെട്ടി ഉരച്ച് കാണിച്ച് ഒരു ചെറു ദ്വാരമുണ്ടാക്കി. അങ്ങനെ സംവിധാനം പൂര്‍ത്തിയായ മത്സ്യബന്ധന യന്ത്രം വെള്ളത്തില്‍ മുക്കി വെച്ച് അവര്‍ കരയ്ക്ക് കയറി ഇരുന്നു. പാത്രത്തിന്റെ ദ്വാരത്തിലൂടെ എണ്ണപ്പാട പുറത്തേക്ക് വരുന്നത് കണ്ട് മീനുകള്‍ അകത്ത് ചെന്ന് രംഗ നിരീക്ഷണം ചെയ്ത് ചുഴറ്റി നടക്കുമ്പോള്‍ അരിപ്പൊടി പുറത്തേക്ക് വരുന്നുണ്ടായിരുന്നു. അതിന് പിന്നാലേ കൂടുതല്‍ മീനുകള്‍ അകത്തേക്കും.

ലെജി വീട്ടില്‍ അത്യാവശ്യം ജോലി ഒക്കെ ചെയ്തിരുന്നത് കൊണ്ട് മീന്‍ വൃത്തിയാക്കാന്‍ എളുപ്പം സാധിച്ചു. അങ്ങനെ വറുത്ത പരല്‍മീനുകള്‍ അഞ്ചുപേരും കൂടിയിരുന്ന് കഴിച്ചപ്പോള്‍ അവര്‍ അവരുടെ ആദ്യത്തെ അധ്വാനത്തിന്റെ ഫലം അനുഭവിച്ചറിയുകയായിരുന്നു.കണ്ണന്‍ മോന്‍ എല്ലാവരേയും സന്തോഷിപ്പിക്കാന്‍ വേണ്ടി തന്റെ ഇലയിലെ മീനുകളില്‍ ഓരോന്നെടുത്ത് എല്ലാവര്‍ക്കും കൊടുത്തു. “കുഞ്ഞേച്ചി വായ പൊളിക്ക്”. ലെജി അനിയന്റെ സ്നേഹത്തിന്റെ മുന്നില്‍ വായ തുറന്നു.  സംതൃപ്തിയോടെ. വീട്ടിലേക്ക് തിരികെ പോയപ്പോള്‍ കണ്ണന്‍ നസീമിന്റെ മുതുകത്തായിരുന്നു ഇരുന്നത്. “കണ്ണാ നീയിതാരോടും പറയരുത്ട്ടോ. നാളേം നമുക്ക് മീന്‍ പിടിക്കാം.”
“ഞാനാരോടും പറയൂല്ല..  മീന് കൊടുക്കാന്‍ ഞാന്‍ നാളെ ബിസ്ക്കറ്റ് കൊണ്ടോരാട്ടോ. പിന്നെ ഞാന്‍ ചേട്ടായിക്കും നാളെ ചോക്കളേറ്റ് അച്ഛനോട് പറഞ്ഞ് വാങ്ങിപ്പിക്കാവേ...”

“അതെന്തിനാ കണ്ണാ..?”.
“ഇന്നലെ ഉണ്ടാക്കീതിന് കയ്പ്പല്ലാര്ന്നോ?. ഞാന്‍ നല്ല മദുരോള്ളത് കൊണ്ട് തരാട്ടോ..”. കണ്ണന്റെ വാഗ്ദാനത്തില്‍ ചോക്കളേറ്റ് കിട്ടിയില്ലെങ്കിലും  നസീം സന്തോഷിച്ചു.

പിറ്റേ ദിവസം നസീം പുതിയ സംവിധാനങ്ങളൊക്കെയായിട്ടാണ് എത്തിച്ചേര്‍ന്നത്. കൂട്ടുകാര്‍ വളരെ കൌതുകപൂര്‍വ്വം ഇതൊക്കെ നോക്കിക്കാണുന്നുണ്ടായിരുന്നു. “ഇന്ന് നമുക്ക് പുതിയൊരു പരീക്ഷണം നടത്താം. ഞാന്‍ വേനലവധിക്ക്  മാമായുടെ വീട്ടില്‍ ചെന്നപ്പോള്‍ മാമ അടുത്തതോട്ടില്‍ നിന്ന് മീന്‍പിടിച്ചത് കറന്റുപയോഗിച്ചാ. നമുക്കും ഇന്ന് അങ്ങനെ നോക്കാം.”


നസീം കുറേയധികം ചെമ്പ് കമ്പിച്ചുരുളുകള്‍ ഒരു വയറിന്റെ അറ്റത്ത് ഘടിപ്പിച്ച് അവയെല്ലാം തോട്ടിലെ വെള്ളത്തില്‍ ചിതറിച്ചിട്ടു.
“ഞാന്‍ പറയുന്നത് വരെ ആരും വെള്ളത്തില്‍ ഇറങ്ങരുത്ട്ടോ”. എല്ലാവര്‍ക്കും മുന്നറിയിപ്പ് കൊടുത്തിട്ട് നസീം ആരും കാണാതെ പാറയിടുക്കിലൂടെ വലിഞ്ഞ് കയറി വീടിന്റെ പുറക് വശത്തെ കയ്യാലയില്‍ അള്ളിപ്പിടിച്ച് മുകളില്‍ എത്തി, വീടിന്റെ പിന്‍ വശത്തെ കൊച്ചു വാര്‍ക്ക ജനാലയിലൂടെ വയറിന്റെ പ്ലഗ് അകത്തേക്കിട്ടു. എന്നിട്ട് ഒന്നുമറിയാത്തവനെപ്പോലെ വീടിന്റെ മുന്‍ വശത്തൂടെ ചെന്ന് പ്ലഗെടുത്ത് സ്വിച്ച് ബോര്‍ഡില്‍ കുരുക്കി സ്വിച്ച് ഓണ്‍ ചെയ്തു.

തല്‍ക്ഷണം വെള്ളത്തില്‍ പൊങ്ങി മറിഞ്ഞ് വീഴുന്ന വെള്ളിവരകള്‍ കണ്ട് കണ്ണന്മോന്‍ ആര്‍ത്ത് വിളിച്ചു. അവരൊക്കെ ആദ്യമായിട്ടാണ് അങ്ങനെയൊരു കാഴ്ച്ച കാണുന്നത് തന്നെ. നസീമും ഉടനെ തന്നെ രംഗത്തെത്തി. രണ്ടുമിനിറ്റുകള്‍ക്കകം നസീം തിരികെയോടിച്ചെന്ന് സ്വിച്ച് ഓഫ് ചെയ്തു.

“വാ..ഇനി നമുക്കെല്ലാവര്‍ക്കും കൂടി ഇതെല്ലാം പെറുക്കിയെടുക്കാം.” കണ്ണന്‍ ഭയന്ന് പിന്നോക്കം നിന്നു. മീനുകള്‍ ചത്തും ബോധം മറഞ്ഞും വെള്ളത്തില്‍ പൊങ്ങിക്കിടപ്പുണ്ടായിരുന്നു. ഇനിയും വെള്ളത്തില്‍ ഇറങ്ങിയാല്‍ പൊള്ളുമോ എന്ന ഭയത്താല്‍ കണ്ണന്‍ കരയില്‍ തന്നെ നിന്നു. അറച്ചറച്ചാണ് റൈഹാനത്തും ലെജിയും വെള്ളത്തില്‍ തൊട്ടത്. സനല്‍ ആണ്‍കുട്ടിയുടെ വീര്യം കാണിക്കാനെന്നോണം ആദ്യം തന്നെ പരലുകളെ ചേമ്പിലയില്‍ ശേഖരിച്ചുതുടങ്ങി. കൈ നിറയെ യാതൊരു ക്ലേശവും കൂടാതെ മീന്‍ കിട്ടിത്തുടങ്ങിയപ്പോള്‍ അവര്‍ ചിലമ്പിയാര്‍ത്താണ് വെള്ളത്തില്‍ ഇളകിത്തിമിര്‍ത്തത്. ഇതൊക്കെ കണ്ട് കണ്ണന്റേയും ഭയം മാറി. കണ്ണനും വെള്ളത്തിലിറങ്ങി മീന്‍ പെറുക്കിത്തുടങ്ങി. എല്ലാവരും മീന്‍ പിടിക്കല്‍ നിറുത്തി കരയിലേക്ക് കയറിത്തുടങ്ങിയപ്പോഴാണ് ആ ആക്രോശം കേട്ടത്.

“എടീ.. ഇന്നലെ നീയല്ലേ തല്ല് വാങ്ങീത്?! അഴുക്ക് പിടിച്ച വെള്ളത്തിലെറങ്ങി നീയെന്തോന്നാടീ കാണിക്കണത്?..”  തോടിന്റെ മുകളില്‍ റൈഹാനത്തിന്റെ ഉമ്മ. പുല്ല് തീറ്റിക്കാന്‍ കെട്ടിയിരുന്ന ആടിനെ അഴിക്കാന്‍ വന്നതാണ്. എല്ലാവരും ത്ധടുപിടീന്ന് ഓട്ടം പിടിച്ചു. പെട്ടെന്ന് തോട്ടില്‍ വീണ്ടും മീന്‍ പിടഞ്ഞ് തുടങ്ങി. അവര്‍ ശേഖരിച്ച മീനുകളെല്ലാം തോട്ടുവക്കത്ത് ചേമ്പിലയില്‍ നിരന്നുകിടന്നു.

ലെജി വീട്ടിലേക്ക് പോകാനുള്ള തത്രപ്പാടില്‍ അനിയന്‍ കണ്ണന്‍ മോനെ തിരഞ്ഞിട്ട് കാണുന്നില്ല. റൈഹാനത്ത് ഇതിനോടകം വീട്ടില്‍ എത്തി. നസീം റൈഹാനത്തിന്റെ ഉമ്മായുടെ കണ്ണില്‍ നിന്നും രക്ഷപെടാന്‍ വേണ്ടി പാറയ്ക്ക് മറവില്‍ ഒളിച്ചിരുന്നു. വിതറിയിട്ടിരിക്കുന്ന ചെമ്പ് കമ്പി ആരും കാണാതെ എടുത്ത് മാറ്റി സൂക്ഷിക്കണം. റൈഹാനത്തിന്റെ ഉമ്മ കണ്ടാല്‍ നാളെ ഈ മീന്‍ പിടിത്തം നടക്കില്ല.

അല്‍പ്പ സമയം കഴിഞ്ഞ് തല എത്തിച്ച് മുകളിലേക്ക് നോക്കിയപ്പോള്‍ അവിടെ ആരേയും കാണുന്നില്ല. നസീം ധൃതിയില്‍ തോട്ടിലേക്ക് തിരിച്ചു. അവന്‍ കണ്ണ് മിഴിച്ചു. തോട്ടില്‍ വീണ്ടും മീനുകള്‍ പൊങ്ങിക്കിടക്കുന്നു. പിടയ്ക്കുന്ന പരല്‍ മീനുകള്‍ വേറെയും. അവന്‍ സംശയത്തോടെ വീടിന് നേര്‍ക്ക് നോക്കിയപ്പോള്‍ പ്ലഗ് കുത്തിയ മുറിക്കുള്ളില്‍ പ്രകാശം. ആരോ മുറിക്കുള്ളില്‍ ലൈറ്റിട്ടിരിക്കുന്നു. അപ്പോള്‍ ഈ വയറിന്റെ സ്വിച്ചും അറിയാതെ ഓണ്‍ ചെയ്തിരിക്കാം. നസീം വീട്ടിലേക്ക് ഓടി. ശരിയാണ്. സ്വിച്ച് ഓണ്‍ ആണ്. അത് ഓഫ് ചെയ്ത് തിരികെ വന്നപ്പോള്‍ ലെജി കണ്ണന്‍ മോനെ കൂട്ടിക്കൊണ്ട് പോകാന്‍ വീണ്ടും തോട്ടുവക്കത്ത്
വന്ന് നില്‍പ്പാണ്.
 “നസീം കണ്ണനെ കാണുന്നില്ല”.
”അവന്‍ നിങ്ങളുടെ കൂടെ ഓടി വന്നില്ലേ?”.
”ഇല്ല...അവനെ കാണുന്നില്ല”.
നസീം കമ്പിച്ചുരുളുകള്‍ തോട്ടില്‍ നിന്നും വലിച്ച് ചുരുട്ടിയെടുക്കുന്നതിനിടയില്‍ എവിടെയോ കൊരുത്ത കമ്പിയെ വിടുവിച്ച് ഒരു പാറക്കീഴിലേക്ക് നീങ്ങവേയാണ് അത് കണ്ടത്; കണ്ണന്‍ മോന്‍ വെള്ളത്തില്‍ കമിഴ്ന്ന് ഒരു പാറയിടുക്കില്‍ വീണുകിടക്കുന്നു. കാല്‍ ഭാഗം മാത്രം ഒരു കല്ലില്‍ ഉയര്‍ന്ന് നില്‍പ്പുണ്ട്. നസീം ഒരു അലര്‍ച്ചയോടെ അവന്റെ അരികിലേക്ക് ഓടി.

ആ ദിവസം നസീമിനിന്നും, എന്നും തീരാത്ത വേദനയാണ്. ഓരോ മെയ്ദിനം വരുമ്പോഴും ആ കൊച്ചു സഖാവിന്റെ ഓര്‍മ്മ നസീമിന്റെ ഹൃദയം പൊള്ളിച്ചുകൊണ്ടേയിരുന്നു. അപസ്മാരം ഉണ്ടാകാറുള്ള കണ്ണന്‍ മോന്‍ വെള്ളത്തില്‍ കളിക്കുന്നതിനിടെ അപസ്മാരം ഉണ്ടായി വെള്ളത്തില്‍ വീണുമരിച്ചെന്നാണ് കണ്ണന്‍ മോന്റെ അച്ഛനും, അമ്മയും, ബന്ധുക്കളും, നാട്ടുകാരും എല്ലാവരും വിശ്വസിച്ചിരിക്കുന്നത്. അവന്‍ ഷോക്കേറ്റുവീണു മരിച്ചതാണെന്നുള്ള സത്യം അറിയാവുന്ന ഒരേ ഒരാള്‍ നസീമാണ്. ആ തിരിച്ചറിവാണ് കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷങ്ങളായി നസീമിനെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം കറിപൌഡറുകള്‍ നിര്‍മ്മിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ നിരയിലെ കമ്പനികളില്‍ ഒന്നിന്റെ സാരഥിയായി ഇരിക്കുമ്പോഴും ആ ദിവസത്തിന്റെ ഓര്‍മ്മ നസീമിനെ വിട്ടൊഴിഞ്ഞിട്ടില്ല.   


24 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

Kollam

Unknown പറഞ്ഞു...

എവിടെയൂം മടൂത്തില്ല

അബ്ദുള്‍ കലാം പറഞ്ഞു...

ബാല്യത്തിലെ കുസ്രതികള്‍ ചിലപ്പോള്‍ തീരാവേദനയായി ജീവിതാവസാനം വരെ പിന്‍തുടരും

ശിഹാബ് മദാരി പറഞ്ഞു...

വായിച്ചു - കൊള്ളാം
പ്രായവും പ്രവൃത്തിയും സമരസപ്പെടാത്ത ഒന്ന് മുഴച്ചു കാണുന്നു.
ആശംസകൾ

Cv Thankappan പറഞ്ഞു...

കണ്ടറിഞ്ഞതും,കേട്ടറിഞ്ഞതുമായ കൊച്ചറിവുകള്‍ ബാലിശമായ ബുദ്ധിയോടെ പ്രയോഗത്തില്‍ കൊണ്ടുവരാനുള്ള കുട്ടികളുടെ കൌശലത്തിന്‍റെയും,കുസൃതിയുടെയും അന്ത്യഫലം ദുരന്തമായി മാറുമ്പോള്‍ മനസ്സില്‍ നൊമ്പരം അണപൊട്ടുന്ന അനുഭവം.....
ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്നു.കഥ ഇഷ്ടപ്പെട്ടു.
എനിക്ക് അപാകതയായി തോന്നിയത് വടിവൊത്ത സംഭാഷണമാണ്.
കഥയില്‍ ഇങ്ങനെ "നസീം പ്രായത്തില്‍ കവിഞ്ഞ പക്വമായ അംഗചലനങ്ങളോടെ, ചൂണ്ടുവിരല്‍ മുകളിലേക്കും വശങ്ങളിലേക്കും ചലിപ്പിച്ച് സംഭാഷണം ആരംഭിച്ചു."സൂചിപ്പിക്കുന്നുണ്ടെങ്കിലും കുട്ടികളുടെ ശൈലി മതിയായിരുന്നു എന്നാണ് എന്‍റെ അഭിപ്രായം.....
ആശംസകള്‍

പട്ടേപ്പാടം റാംജി പറഞ്ഞു...

അവസാനം വേദനിപ്പിച്ചു.

Unknown പറഞ്ഞു...

friends enna malyala cinimayil
idupole onnundu
naayakande(jayaram)
suhrthinde(mukesh)
muokanum badhiranumaay shodarane
nilavarayil ariyaade puooti idunna
sambavam cinima kandavar ormikkuka
muleshine

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

രചയിതാവിന്റെ മറ്റു കഥകളുടെ നിലവാരത്തില്‍ ഇത് എത്തിയില്ല എന്ന പരാതി ഉണ്ടെങ്കില്പോലും , ഒരു സംഭവകഥപോലെ മനസ്സില്‍ വേദന പടര്‍ത്താന്‍ കഴിഞ്ഞു .
ആശംസകള്‍

Pradeep Kumar പറഞ്ഞു...

കഥയിലെ കഥയെക്കുറിച്ച് അത്രയൊന്നും പറയാനറിയില്ല എന്നാൽ
കഥയിലെ കാര്യം നന്നായി അവതരിപ്പിച്ചു

- സമ്മാനിതയായതിന് അഭിനന്ദനങ്ങൾ

അനശ്വര പറഞ്ഞു...

ഇത് വായിക്കുമ്പോള്‍ അഷ്റഫ് പറഞ്ഞത് പോലെ ഫ്റണ്ട്സ് എന്ന സിനിമ തന്നെയായിരുന്നു മനസ്സില്‍ വന്നത്. ഒരു അനുഭവമാണോ അതോ കഥ മാത്രമോ? ഏതായാലും തുമ്പിക്ക് ഇതിനെക്കാള്‍ ഭംഗിയായി ഇതിനെ അവതരിപ്പിക്കാനും പ്രതിഫലിപ്പിക്കാനും കഴിയുമായിരുന്നു. ഉഴപ്പിയോ ഒന്ന്? ഒരു ഏഴാം ക്ളാസ്സുകാരന്റെ പ്രസംഗത്തിന് അല്പ്പം കൂടി ലാളിത്യം വേണമായിരുന്നോ? എഴുത്ത് തുടരട്ടെ...ആശംസകളും വിമര്‍ശനങ്ങളുമായി കൂടെയുണ്ട്...

തുമ്പി പറഞ്ഞു...

നിങ്ങള്‍ എല്ലാവരും പറഞ്ഞിരിക്കുന്നത് ശരിയാണ്. ഒരു ഏഴാം ക് ളാസുകാരന്‍ ഇങ്ങനെ പറയുമോ എന്ന് വായനക്കാര്‍ ചിന്തിക്കും എന്നെനിക്ക് തോന്നിയിരുന്നു. മത്സരത്തില്‍ പങ്കെടുക്കണം എന്ന അഡ്മിന്‍സിന്റെ നിര്‍ദ്ദേശത്തില്‍ വാര്‍ഷികാഘോഷങ്ങളില്‍ പങ്കാളിയാകാന്‍ മാത്രം എഴുതിയതാണ്. സമ്മാനത്തിന്റെ ഏഴയല്‍പ്പക്കത്ത് എത്താന്‍ യോഗ്യതയും ഇല്ലാത്ത കഥയാണ്. നല്ല മത്സരാര്‍ത്ഥികളുടെ അഭാവം മൂലം ഇതിന് സമ്മാനം കിട്ടിയതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒട്ടും സമയമില്ലാത്ത അവസരത്തില്‍ അവസാന തീയതിക്ക് മുന്ന് ഒരു പുലര്‍ച്ചക്ക് നാല് മണിക്ക് അലാറം വെച്ച് എഴുന്നേറ്റ് എഴുതി പൂര്‍ത്തിയാക്കിയതാണ്. കഥയല്ല. അനുഭവമാണ്. കണ്ണന്‍ മരിച്ചു എങ്കിലും കഥയിലെപ്പോലെയല്ല മരണം എന്ന് മാത്രം

Unknown പറഞ്ഞു...

ഈ കഥയിലെ ചില ഭാകങ്ങള്‍ എന്‍റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട് .....
ഇതേ പോലെ മീന്‍ പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ ഷോക്കേറ്റു ഭാഗ്യം കൊണ്ട് രക്ഷപെട്ടു


കൊള്ളാം ഇതില്‍ ഒരു സന്തേശം ഉണ്ട് ..ഇങ്ങിനെ ആരും മീന്‍ പിടിക്കരുത് വന്‍ അപകടം ഇങ്ങിനെ ചെയ്യുന്നത് ...........

ഫൈസല്‍ ബാബു പറഞ്ഞു...

നേരത്തെ വായിച്ചിരുന്നു . വിജയിയായതില്‍ അഭിനന്ദനങ്ങള്‍. കഥ അനുഭവത്തെപ്പോലെ വായിച്ചു പോയി, നല്ല ഒഴുക്കുമുണ്ട് . കൊള്ളാം . എഫ് ബിയില്‍ നിന്നും നേരിട്ട് കോപി ചെയ്തത് കൊണ്ടാണോ ഫോണ്ട് ഒരു സുഖമില്ല .

Sudheer Das പറഞ്ഞു...

ഒന്നുകൂടി ഭംഗിയാക്കാമായിരുന്നു എന്നു തോന്നുന്നു. ആശംസകള്‍.

Bipin പറഞ്ഞു...

കാര്യങ്ങൾ കുറെ ക്കൂടി അടുക്കും ചിട്ടയോടും കൂടി പറയാമായിരുന്നു. പിന്നെ അൽപ്പം ഒതുക്കവും. പറയേണ്ട കാര്യങ്ങൾ മാത്രം പറയുക. മുഖ്യ തന്തുവിനോട് യോജിക്കുന്നവ മാത്രം. കഥ കൈവിട്ടു പോകരുത്. ഒരു കാര്യം കൂടി നല്ല ചെറു കഥകൾ വായിക്കൂ. എഴുതൂ. കൂടുതൽ എഴുതൂ. എല്ലാ വിധ ആശംസകളും.

viddiman പറഞ്ഞു...

കഥ നന്നായി തോന്നിയില്ല.

ഒരു ഏഴാം ക്ലാസ്സുകാരൻ ഇത്തരത്തിൽ ചിന്തിക്കുകയോ സംസാരിക്കുകയോ ചെയ്യാൻ സാധ്യത കുറവാണ്. എന്നാൽ ഒരിക്കലും അങ്ങനെ ഉണ്ടാവില്ല എന്നും പറയാൻ കഴിയില്ല. നസീം അങ്ങനെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന കുട്ടിയാണ് എന്ന് വായനക്കാരനെ ബോധ്യപ്പെടുത്താനുള്ളത് കഥയിൽ ഉണ്ടായാൽ മതി. അത് കഥയിൽ കണ്ടില്ല.

മറ്റൊന്ന് ചില സിനിമകളിൽ ഇത്തരം ദുരന്തങ്ങളോട് സാമ്യമുള്ള ചില കഥാസന്ദർഭങ്ങളുണ്ട് ( അനുബന്ധം, ഫ്രണ്ട്സ് ) എന്നുള്ളതാണ്.

പ്രസിദ്ധീകരിച്ചു ചൂടാറും മുമ്പേ തന്നെ 'ഇത് ഒരു മോശം കഥയാണ്' എന്ന് അംഗീകരിക്കുന്ന എഴുത്തുകാരിയുടെ ആത്മാർത്ഥതയേയും സത്യസന്ധതയെയും ഇഷ്ടപ്പെടുന്നു. പക്ഷേ, മോശമാണെന്നറിഞ്ഞിട്ടും എന്തിനു വായനക്കാർക്കു വിളമ്പി എന്നൊരു ചോദ്യം പിന്നാലെ വരുന്നുണ്ട്. ഞങ്ങൾ മോശം വിഭവം കഴിച്ചോട്ടെ എന്നു കരുതിയാണോ ? ;)

ചിന്താക്രാന്തൻ പറഞ്ഞു...

ബാല്യകാല കുസൃതികളില്‍ പൊലിഞ്ഞ കണ്ണന്‍ മനസ്സിനെ നൊമ്പരപെടുത്തി .എന്‍റെ ബാല്യ കാലത്ത് ഞങ്ങള്‍ നാടകം അവതരിപ്പിക്കാനായി താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ഓല പുരയിലേക്ക്‌ വൈദ്യുതി എടുത്തത് എന്‍റെ വീട്ടില്‍ നിന്നായിരുന്നു നെഗറ്റീവും പോസറ്റീവും ജോയിന്‍റെ ചെയ്യുന്ന സ്ഥലത്ത് ഒരു സുഹൃത്ത് ഒരുമിച്ച് കൂട്ടി കെട്ടി ഇന്‍സുലേഷന്‍ ടേപ്പ് ചുറ്റി വെച്ചു പിന്നീട് ഉണ്ടായ കാര്യങ്ങള്‍ ഞാന്‍ പറയേണ്ടതില്ലല്ലോ (അന്ന് വീട്ടില്‍ ബ്രയ്ക്കര്‍ ഇല്ല ) ആ ബാല്യകാല ഓര്‍മകളിലേക്ക് എന്നെ ഈ കഥ കൂട്ടികൊണ്ടുപോയി ആശംസകള്‍

വേണുഗോപാല്‍ പറഞ്ഞു...

വായിച്ചു .... ആശംസകള്‍

കാല്‍പ്പാടുകള്‍ പറഞ്ഞു...

കൊള്ളാം ചേച്ചി... ഇഷ്ടായി

വീകെ പറഞ്ഞു...

കുട്ടികൾ പ്രായപൂർത്തിയായവരുടെ പ്രവർത്തികൾ ചെയ്യുന്നതൊഴിച്ചാൽ കഥയിൽ വലിയ കുഴപ്പമില്ല. ആശംസകൾ...

Manoj vengola പറഞ്ഞു...

വായിച്ചു.ലളിതമായ ആഖ്യാനം. വളരെ ഇഷ്ടപ്പെട്ടു. വി.കെ.പറഞ്ഞ അഭിപ്രായം ശ്രദ്ധിയ്ക്കുമല്ലോ. സ്നേഹം.നന്ദി.

pavamrohu പറഞ്ഞു...

യഥാർത്ഥ സംഭവം ആണെന്നാണ് ഞാൻ വിചാരിച്ചത്. നന്നായിരിക്കുന്നു തുമ്പി

Shahida Abdul Jaleel പറഞ്ഞു...

കഥ വലിയ കുഴപ്പമില്ല. ആശംസകൾ...

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഒരുവിധം തരക്കേടില്ലാതെ പറഞ്ഞിട്ടുണ്ട് കേട്ടൊ തുമ്പി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറ്റങ്ങളും, കുറവുകളും ചൂണ്ടിക്കാണിക്കുമ്പോള്‍ എനിക്കത് സംതൃപ്തിയേകുന്നു.