Smiley face

2015, ഓഗസ്റ്റ് 28, വെള്ളിയാഴ്‌ച

നിറങ്ങള്‍ ചുവക്കുമ്പോള്‍

 തേക്കില്‍ ചുറ്റിപ്പിണഞ്ഞുകിടക്കുന്ന വെറ്റിലക്കൊടിയില്‍ നിന്ന് സൈന ഒരില നുള്ളിയെടുത്തു.  അതില്‍ കല്ലെടുത്തുടച്ച പഴുക്കാത്തുണ്ടുകള്‍ പൊതിഞ്ഞ് കൈച്ചുരുളില്‍ ഒതുക്കിപ്പിടിച്ചു അവള്‍. ബാപ്പുമ്മയുടെ ചുവന്നചുണ്ട് സൈനയെ മോഹിപ്പിച്ചു തുടങ്ങിയിട്ട് നാള് കുറേയായി. അവള്‍ പമ്മിപതുങ്ങി ബാപ്പുമ്മയുടെ വെറ്റിലപ്പെട്ടി തുറന്ന്, ചുണ്ണാമ്പ് ഡെപ്പിയില്‍ നിന്ന് അല്‍പ്പം ചുണ്ണാമ്പ് ചൂണ്ട് വിരലില്‍ തോണ്ടിയെടുത്ത് ധൃതിയില്‍ പുറത്തിറങ്ങി. വെറ്റിലക്കൂട്ട് വായിലാക്കി പെറ്റിക്കോട്ടില്‍ കൈതുടയ്ക്കാനാഞ്ഞപ്പോഴാണ് പൊടിമണ്ണ് പറപ്പിച്ച് ഇരമ്പലോടെ ഒരു ജീപ്പ് വീടിന്റെ മുന്നിലെ വാഴത്തോട്ടത്തിന്റെ ഓരം ചേര്‍ന്ന് നിന്നത്. പോലീസിനെക്കണ്ട് സൈന ചവയ്ക്കാന്‍ മറന്നു. നെഞ്ചിടിക്കുന്നു. കുട്ടികള്‍ വെറ്റില മുറുക്കിയാല്‍ പോലീസ് പിടിക്കുമെന്ന് ബാപ്പുമ്മ ഒരിക്കല്‍ പറഞ്ഞതോര്‍ത്ത് സൈനയ്ക്ക് മൂത്രിക്കണമെന്ന് തോന്നി. പോലീസുകാര്‍ തൊട്ടടുത്ത ചാ‍യക്കടയില്‍ നിന്ന് ബാപ്പയെ പിടിച്ച് വലിച്ച് ജീപ്പില്‍ കയറ്റുന്നത് കണ്ട് സൈന വിങ്ങി. ഇനി ഞാനൊരിക്കലും മുറുക്കില്ല.

പാത്തുമുത്ത് പോലീസിന്റെ മുന്നില്‍ കൈകൂപ്പി. “എശ്മാന്നേ.. ‘എന്നേ’ അത് ചെയ്തിട്ടില്ല. ആരാണ്ടിതിവ്ടെ കൊണ്ടോന്ന് കുഴിച്ചിട്ടതാ”. പോലീസ് ചോദിച്ചു; “അതിന് ആര്‍ക്കാ നിങ്ങളോട് വിരോധം.?” പാത്തുമുത്ത് ഭയപ്പാടോടെ ചായക്കടയ്ക്കപ്പുറത്തുള്ള കള്ള് ഷാപ്പിലേക്ക് നോക്കി.

മുസ്ലിമായ തന്റെ ചായക്കടയ്ക്കരികില്‍ ഷാപ്പ് വരുന്നത് കൊച്ചയമ്മദ് കഠിനമായി എതിര്‍ത്തിരുന്നു. ഷാപ്പില് കള്ള് കുടിക്കാനായി ആര് വന്നാലും അവനെ കുത്തിമലര്‍ത്തുമെന്ന് ചായക്കടയില്‍ വരുന്നവരുടെ മുന്നില്‍ കൊച്ചയമ്മദ് വീമ്പ് പറയുകയും ചെയ്തിരുന്നു.

തെക്കേവീട്ടില്‍ കൊച്ചൌസേപ്പിന്റെ വീട്ടില്‍ നിന്ന് കാണാതായ നാല് പവന്‍ സ്വര്‍ണ്ണം കൊച്ചയമ്മദിന്റെ വീട്ടുമുറ്റത്ത് നിന്നും പോലീസ് കണ്ടെടുത്തിരിക്കുന്നു. കൃത്യമായി പോലീസ് കൊച്ചയമ്മദിന്റെ വീട്ടുമുറ്റം കൊത്തിക്കിളക്കണമെങ്കില്‍ ഇതാരോ മന:പൂര്‍വ്വം ചെയ്തതാണെന്ന് പാത്തുമുത്തുവിനറിയാം. പാത്തുമുത്തിന്റെ ‘എന്നേ’ ഒരിക്കലും മോഷ്ടിക്കില്ലെന്നും പാത്തുമുത്തുവിനറിയാം.  കൊച്ചയമ്മദ് സ്വര്‍ണ്ണോം പണ്ടങ്ങളും ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. ഒരു സ്വര്‍ണ്ണത്തരിപോലുമില്ലാത്ത  സ്വര്‍ണ്ണ ഉടലുകളെയാണ് കൊച്ചയമ്മദ് ഇഷ്ടപ്പെട്ടിരുന്നത്. ഓരോ സ്വര്‍ണ്ണക്കൊളുത്തുകളും ശ്രദ്ധാപൂര്‍വ്വം അഴിച്ച് മാറ്റി തലയിണക്കീഴില്‍ വെച്ച് കൊച്ചയമ്മദ് പറയും; “സമയം കളയാനായിട്ട് ഓരോന്ന് പണിതിട്ടോളും. ആ കാശിന് വല്ലോം അകത്തോട്ട് കഴിച്ചാ ബാക്കീള്ളോര്‍ക്കുപകാരായേനെ.”

ഒരാഴ്ച്ച കഴിഞ്ഞ പുലര്‍ച്ചയ്ക്ക് നാട്ടില്‍ ഒരു വാര്‍ത്ത പരന്നു. “കൊച്ചീരിയെ ആരോ കുത്തിക്കൊന്നിരിക്കുന്നു. കള്ള്ഷാപ്പ് തുടങ്ങുന്നതില്‍ കൊച്ചീരിയോട് ശത്രുതയുള്ള ആള്‍ കൊച്ചയമ്മദായിരുന്നു. പക്ഷേ കൊച്ചയമ്മദായിരിക്കില്ല അത് ചെയ്തതെന്ന് നാട്ടുകാര്‍ ഒന്നടങ്കം വിശ്വസിച്ചു. കൊച്ചയമ്മദ് മോഷണക്കേസില്‍ ജയിലിലായിരുന്നല്ലോ.


 എന്തായാലും സൈന അഭിമാനിച്ചു. എല്ലാവരും വീടിന്റെ മുറ്റത്തെത്തുമ്പോല്‍ ബാപ്പുപ്പയെ ഭയപ്പാടോടെയാണ് നോക്കുന്നത്. നാല്‍പ്പത്തിയൊന്ന് മൌലൂദ് ഒറ്റയിരിപ്പില്‍ ഓതിത്തീര്‍ക്കുന്നത് വഴിയെ പോകുന്നവരെല്ലാം കേട്ടതാണ്. ഓതിത്തീര്‍ത്ത രാത്രിയില്‍ മുഹിയദ്ദീന്‍ റാത്തീബ് നേര്‍ച്ചയും കഴിച്ചു. എന്റെ മോനെ  പോലീസീ പിടിപ്പിച്ചവരാരായാലും ചോരത്തുപ്പി തന്നെ ചാകുമെന്ന് ബാപ്പുപ്പ പറയുമ്പോഴൊക്കെ സൈന നാല്‍പ്പത്തിയൊന്ന് മൌലൂദ് കഴിയുന്നത് കാത്തിരിക്കുകയായിരുന്നു. മുറുക്കി തുപ്പുന്ന രാവുണ്ണിമേനോന്റെ ചുണ്ടിലെ ചുവപ്പും, കൊച്ചീരിയുടെ ചുണ്ടിലെ ചുവപ്പും, എന്തിന് നാണിത്തള്ളയുടെ ചുണ്ടിലെ ചോപ്പ് പോലും ചോരയാണോ എന്ന് സൈന നോക്കിത്തുടങ്ങിയിരുന്നു.

കൊച്ചീരിയുടെ മരണത്തോടെ കൊച്ചയമ്മദിന്റെ ചായക്കടയില്‍ ആളുകളുടെ വരവ് കുറഞ്ഞു. കൊച്ചയമ്മദിന്റെ ബാപ്പ അയ്ദ്രോസിന്റെ മൌലുദ് ഓത്ത് ആളുകള്‍ വല്ലാതെ ഭയപ്പെട്ടു. ആളുകളുടെ വരവ് കുറഞ്ഞതോടെ ഏഴംഗങ്ങള്‍ക്ക് ജീവിച്ച് പോകാന്‍ ബുദ്ധിമുട്ടായി. അയ്ദ്രോസ് മാര്‍ഗ്ഗം കണ്ടെത്തി എല്ലാം വിറ്റുപെറുക്കി കല്ലേട് മലയില്‍ ഭൂമി വാങ്ങുക.

കാജാബീഡിയുടെ തെറുത്ത കെട്ടുകളടങ്ങിയ വീങ്ങപ്പെട്ടി തലയിലേന്തി ബാപ്പായുടെ ചങ്ങാടത്തിനരുകിലേക്ക് നടന്നപ്പോഴാണ് സൈനയുടെ തുടയിലൂടെ നനവൊലിച്ചിറങ്ങുന്നുണ്ടെന്ന് തോന്നിയത്. ബാപ്പ കല്ലേട് മലയിലേക്ക് തേയില, പഞ്ചസാര, ബീഡി ഇവയൊക്കെ കൊണ്ട് കാ‍ട് കയറുകയാണ്. തേനും, കുന്തിരിക്കവും, ഈറ്റയുമൊക്കെകൊണ്ടാകും തിരികെ വരിക. സൈനയിപ്പോള്‍ ഈറ്റ കൊണ്ട് പായ നെയ്യാനും, കുട്ട കെട്ടാനുമൊക്കെ പഠിച്ച് തുടങ്ങി. ‘പെങ്കുട്ട്യോള് പേരെഴുതാനും,വീട്ട്പേരെഴുതാനും പടിച്ചാമതീ’ ന്ന് ബാപ്പുപ്പ പറഞ്ഞതോടെ അഞ്ചാം ക്ലാസിലെ പഠിത്തം അധികമായി. ഇളയത്തുങ്ങള്‍ നാല് പേരെ നോക്കേണ്ട ചുമതലയും മൂത്തയാള്‍ എന്ന നിലയില്‍ സൈനയില്‍ വന്നു ചേര്‍ന്നു.

സൈന പുഴവക്കത്തിരുന്ന് പാവാട മേലേക്ക് തെറുത്ത് കയറ്റി. ചുവപ്പ് കണ്ട് വല്ലാതെ ഭയന്നു. പുഴയിലെ വെള്ളം തേകി തുടയില്‍ നിന്നും ചോര നീക്കി.എങ്കിലും മുറിവ് കണ്ട് പിടിക്കാനായില്ല. ഇതിന് മുന്‍പ് കാട്ടില്‍ നിന്ന് തോട്ടപ്പുഴുക്കള്‍ കടിച്ചിട്ടുണ്ട്. അന്ന് ഉപ്പുനീരൊഴിച്ചാണ് തോട്ടപ്പുഴുവിനെ മാറ്റിയിട്ടുള്ളത്. പക്ഷേ ഇത്...സൈന ഭീതിയോടെ ബാപ്പുപ്പയെ ഓര്‍ത്തു. ബാപ്പുപ്പ നാല്‍പ്പത്തിയൊന്ന് മൌലൂദ് ഓതിയിട്ടുണ്ടാകും. കോഴിയെ കല്ലെറിഞ്ഞ് കൊന്നവന്‍ ചോര തൂറി മരിക്കാന്‍. എന്റെ ഏറ് കൊണ്ടാണ് പൂവന്‍ കോഴി ചത്തതെന്ന് നേരത്തെ പറയാര്ന്നു. മന:പ്പൂര്‍വ്വം കൊല്ലാന്‍ വേണ്ടി എറിഞ്ഞതല്ല. പരീക്കുട്ടി വെള്ളത്തിലൂടെ കല്ല് ചെരിച്ച് വലിച്ചെറിയുമ്പൊ ആ കല്ല് പലതവണ വെള്ളത്തിന് മീതെക്കൂടി തൊട്ട് പറക്കുന്നത് കണ്ട് അത്ഭുതം തോന്നിപ്പോയി. അങ്ങനെ കല്ല് പറപ്പിക്കാനുള്ള പരിശീലനമായിരുന്നു അത്.

സൈന ബാപ്പുമ്മായോട് ആ രഹസ്യം പങ്കുവെച്ചു.’കോഴീനെ എറിഞ്ഞത് ഞാനാ..” ബാപ്പുമ്മ, ബാപ്പുപ്പയോട് പറയും. എന്തായാലും തന്റെ ഒരേ ഒരു മകന്റെ ആദ്യത്തെ കണ്മണി ചോരതൂറി ചാകാതിരിക്കാന്‍ ബാപ്പുപ്പ മറുമന്ത്രം ഓതാതിരിക്കില്ല. പക്ഷെ സൈന വിചാരിച്ചത് പോലെ ചോര നിന്നില്ല.  
റബ്ബില്‍ ആലമീനായ തമ്പുരാനേ..പാത്തുമുത്തേ ഇതാ..നീ മറപ്പെരേലേയ്ക്ക് ഈ കൊച്ചിനെ കൂട്ടിക്കൊണ്ട് പൊയ്ക്കേ..”.കയ്യില്‍ ഒരു പരുത്തിത്തുണിക്കഷണം നീട്ടിപ്പിടിച്ച് ബാപ്പുമ്മ ഉമ്മായെ വിളിച്ചു. പനമ്പിന്‍ മേല്‍ പപ്പടം വെയില് കൊള്ളിക്കാന്‍ നിരത്തിക്കൊണ്ടിരുന്ന ഉമ്മ ഓടി വന്നു. മറപ്പുര ഓത്ത്പള്ളിക്കൂടമായി മാറിയോ എന്ന് തോന്നിപ്പോയി. ഉപദേശങ്ങളുടെ പെരുമഴയില്‍ മറപ്പുര നനഞ്ഞൊഴുകി. ആ ഒഴുക്കില്‍ ചെവിയില്‍ വന്ന് പെട്ട ചിലതൊക്കെ സൈനയ്ക്ക് ചിന്തിക്കാനേ ആവുന്നതായിരുന്നില്ല. പരീക്കുട്ടിയോട് കൂടുതല്‍ അടുപ്പം കാണിക്കരുത് പോലും. ‘അതെങ്ങനാ പരീക്കുട്ടി എന്റെ മാമീടെ മോനല്ലേ’. പരീക്കുട്ടിയാണ് സ്ക്കൂളീന്ന് തിരികെ വന്നിരുന്ന നാളുകളില്‍ പള്ളിക്കുന്ന് പാലത്തിന്റടീ കേറ്റിയിരുത്തി അവലോസുണ്ടയും കട്ടി മിഠായിയും, കല്ല്യാണിയമ്മയുടെ നെല്ലിമരത്തിലെ നീറിന്റെ കടിയുംകൊണ്ട് പറിച്ച നെല്ലിക്കയും എനിയ്ക്ക് തിന്നാന്‍ തന്നിട്ടുള്ളത്. ഇവിടെ കല്ലേടില്‍ വന്നൊരു നാള്‍ പുഴക്കരയില്‍ വെച്ച് ഈറ്റപ്പൊളികൊണ്ട് മുറിഞ്ഞ കയ്യില് കമ്മ്യൂണിസ്റ്റ് പച്ച പിഴിഞ്ഞൊഴിച്ച് തരാമെന്ന് പറഞ്ഞ് കൈ നീട്ടിച്ച് അതില് ഒരു മുത്തം തന്നവനാണ് പരീക്കുട്ടി. മേല് മുഴുവന്‍ പൊകച്ച മുത്തം. ഇത് ഞാന്‍ പടച്ചവനാണേ അനുസരിക്കില്ലെന്ന് സൈന മനസ്സില്‍ ആണയിട്ടു. എറമ്പത്ത് ബീഡി തെറുക്കാന്‍ ഇരുത്തിയിരിക്കുന്ന ആളോളോട് കൂടുതല്‍ ലോഹ്യത്തിന് പോകാതിരിക്കാം. പക്ഷേ ഈ തല നരച്ച അത്തനാരിക്കയോടും, രാവുണ്ണിയോടും, പോക്കറിക്കയോടും, വെള്ളമ്പച്ചേച്ചിയോടുമൊക്കെ ഈ ചോരേടെ പേരില് മിണ്ടാതിരിക്കാന്ന് വെച്ചാല്‍...ഒന്നും മനസ്സിലാകുന്നില്ല.

പക്ഷേ മറ്റൊന്ന് സൈനയ്ക്ക് പെരുത്തിഷ്ടമായി. കവുങ്ങിന്റെ ഇളം കൂമ്പാള പെറുക്കണം. കുട്ടിച്ചോകോന്റെ മകള് രമണീം, നായ്ക്കച്ചെല്ലമ്മയുടെ മകള്‍ പുഷ്പ്പമ്മയും കവുങ്ങിന്‍ തോപ്പിലൂടെ നടന്ന് കൂമ്പാള തെരയുമ്പോള്‍ അതെന്തിനാണെന്ന് സൈന ചോദിച്ചിട്ടുണ്ട്. ‘ഒരൂട്ടത്തിന്’ എന്നാണ് അവര്‍ പറഞ്ഞിരുന്നത്. ഇനി സൈനയും കൂമ്പാള പെറുക്കാന്‍ കവുങ്ങിന്‍ തോപ്പില്‍ പോകും. പരുത്തിത്തുണി കൂമ്പാളയില്‍ ഒതുക്കി അരയില്‍ ഒരു വള്ളിയില്‍ തിരുകി നടന്നപ്പോള്‍ വിലക്കുകളെ ഓര്‍ത്ത് സൈനയുടെ മനസ്സ് അസ്വസ്ഥമായി. തുടകളും.

വിറകൊടിച്ചുകൊണ്ടിരുന്ന നേരത്താണ് രമണി ചോദിച്ചത്; “എന്തിനാ ആ അരയത്തി വനജ പോലീസീ കേസ് കൊടുത്തേ..?”. രമണിയും പുഷ്പ്പമ്മയും മുഖത്തോട് മുഖം നോക്കി ചിരിയമര്‍ത്തിയപ്പോള്‍ സൈന വീട്ടിലേയ്ക്കോടി. വീട്ടിലെത്തിയപ്പോള്‍ പോലീസ് വണ്ടി മലമ്പാതയിലൂടെ പോകുന്നു. ബാപ്പ അതിനകത്തുണ്ട്. സൈന പലപ്പോഴായി പലതും കേള്‍ക്കുന്നു. ‘പുഴക്കരയില്‍ കുളിക്കുന്ന പെണ്ണുങ്ങള്‍ക്ക് ബോഡീസ് തയ്പ്പിച്ചുക്കൊടുക്കാനാണത്രെ അയമ്മദ് പിടിച്ചു നോക്കുന്നത്.’ സൈനയ്ക്ക് കണ്ണീര്‍ പൊട്ടി.

ബാപ്പ തിരിച്ചെത്തിയപ്പോള്‍ വീട്ടിലാകെ കോലാഹലം. നിസ്ക്കാരോം ഓത്തും പറമ്പീപ്പണിയുമായി മാത്രം കഴിഞ്ഞ് കൂടുന്ന അയ്ദ്രോസിന് കൊച്ചയമ്മദിന്റെ വേണ്ടാതീനങ്ങളോരോന്നും സഹിക്കാവുന്നതിനുമപ്പുറമായിരുന്നു. വാക്കേറ്റത്തിനൊടുവില്‍ അയ്ദ്രോസും,തിത്തുമ്പിയും മലബാറിലുള്ള മകളുടെ അടുത്തേക്ക് വണ്ടി കയറി.


പറമ്പിലെ പണിയും, ഈറ്റ പൊളിയും, പപ്പടം നിരത്തലുമായി സൈനയ്ക്ക് നിന്ന് തിരിയാന്‍ സമയമില്ലാതായി. ഇളയത്തുങ്ങള്‍ നാച്ചിയും, റഷിയും തന്നാലാവത് ചെയ്തു. സൂറത്തും,നൂറും പിച്ചവെച്ചും മണ്ണിലിഴഞ്ഞും നടന്നു. വീടിന്റെ നീളം കോലായില്‍ നിരന്നിരുന്ന് ബീഡി തെറുക്കുന്നവരില്‍ കുഞ്ഞാലി ഇടയ്ക്കിടെ എറിയുന്ന നോട്ടം സൈന കാണാതിരുന്നില്ല. ബീഡിയില്‍ ചുറ്റുന്ന നൂലിലേയ്ക്ക് പുരട്ടാന്‍ ചൂണ്ടുവിരല്‍ വായിലേയ്ക്ക് കൊണ്ടുപോകുന്ന വേളയില്‍ കുഞ്ഞാലിയുടെ നോട്ടം പാറി വരുമെന്ന് സൈന മനസ്സിലാക്കിത്തുടങ്ങി. മുറ്റത്ത് പപ്പടം നിരത്തി എഴുന്നേല്‍ക്കുമ്പോള്‍ കുഞ്ഞാലിയുടെ അരികിലെത്തി പുതിയ പുസ്തകം വല്ലതും വായിക്കാനുണ്ടെങ്കില്‍ എടുത്ത് പോവുക സൈനയുടെ പതിവാണ്. കുഞ്ഞാലി അലക്കിത്തേച്ച വസ്ത്രങ്ങള്‍ ധരിക്കുന്നു.നീണ്ട ചുരുളന്‍ മുടി ഭംഗിയായി ചീകിയൊതിക്കിയിരിക്കുന്നു. വലിയ വലിയ കാര്യങ്ങള്‍ സംസാരിക്കുന്നു. പുസ്തകങ്ങള്‍ വായിക്കുന്നു. ചെവിയില്‍ എപ്പോഴും തിരികിയിട്ടുള്ള ബീഡി തന്നെ കാണുമ്പോള്‍ എടുത്തിട്ട് വീണ്ടും അവിടെത്തന്നെ പുന:സ്ഥാപിക്കുന്നു. പരീക്കുട്ടിയോട് സൈന ഒന്നുമാത്രമേ ഒളിച്ചിട്ടുള്ളൂ. കുഞ്ഞാലിയുടെ നോട്ടം. അല്ലെങ്കില്‍ തന്നെ കാണുമ്പോഴൊക്കെ പരീക്കുട്ടിയ്ക്ക് ഒന്നേ പറയാനുള്ളൂ; “പെണ്ണേ, നീ മൊഞ്ച് കൂടി തിളങ്ങി തിളങ്ങി വരണു. ഓരോ അവമ്മാരുടെ മുന്നീ ചെന്നൊന്നും നിന്നേക്കരുത്.” “ഓ..പോ...ഇക്കാ..ഞാനീ പരീക്കുട്ടീടെ മുന്നീ മാത്രേ നിന്നിട്ടുള്ളൂ.”

കുഞ്ഞാലിയുടെ പുസ്തകങ്ങളിലെ ഓരോ കഥയും വായിച്ചുകിടന്നുറങ്ങിയ രാത്രികളില്‍ അതിലെ നായകന്‍ പരീക്കുട്ടിയുടെ വേഷം കെട്ടി സൈനയുടെ തഴപ്പായില്‍ വന്നുകൊണ്ടിരുന്നു. കഥാന്ത്യത്തില്‍ നായകനും നായികയും വേര്‍പിരിയുന്ന കഥകള്‍ വായിക്കുന്ന രാത്രികളില്‍ സൈന സ്വപ്നം കാണാതെ മിഴികളിറുക്കിപ്പൂട്ടി. നെഞ്ചിടം പായിലമര്‍ത്തി കഥയോര്‍ക്കാതെ ഉറങ്ങുവാന്‍ കഠിനമായി ശ്രമിച്ചു. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു.

പാത്തുമുത്ത് കൊച്ചയമ്മദിനെ ഓര്‍മ്മിപ്പിച്ചു;“സൈന വളര്‍ന്ന് വരണ്..”. കൊച്ചയമ്മദിന്റെ ചിന്തകള്‍ നാലുപാടുമോടി എല്ലാ മക്കളിലും ചെന്ന് മുട്ടിയുരുമ്മി അവസാനം ആരോരുമില്ലാത്ത കുഞ്ഞാലിയില്‍ തട്ടി നിന്നു.

തൊണ്ണൂറുരൂപയ്ക്ക് സൈനയുടെ പുളിക്കുടപ്പന്‍ കമ്മല്‍ വിറ്റ് കുഞ്ഞാലി നല്ലൂഴിയാറ്റിന്‍ കരയില്‍ ഒരു കുടില്‍ കെട്ടി. പനമ്പും,മുളയും ചേര്‍ത്തൊരുക്കിയ ആ ഒറ്റ മുറിയില്‍ സൈനയുടെ ഗദ്ഗദങ്ങള്‍ വീര്‍പ്പ് മുട്ടി. കല്ലുകള്‍ ചീറിപ്പായിച്ച് പുഴയിലെ ഓളങ്ങളെ മുറിവേല്‍പ്പിക്കുന്നത് പോലെ പരീക്കുട്ടി സൈനയുടെ ഹൃദയത്തിലേക്ക് ഊളിയിട്ടുകൊണ്ടിരുന്നു. പരീക്കുട്ടിയും താനുമായുള്ള സ്വപ്നങ്ങളില്‍ തങ്ങളാടിക്കളിച്ചതല്ല ജീവിതം എന്നറിഞ്ഞപ്പോള്‍ സൈന പുഴയുടെ ആഴം അളക്കാന്‍ കൊതിച്ചു. കുഞ്ഞാലി എന്തൊക്കെയാണ് തന്നെ കാട്ടിക്കൂട്ടുന്നത്!. വേണ്ടാതീനങ്ങള്‍ മാത്രം. ഈ വേദനയൊക്കെ പറയാന്‍ പരീക്കുട്ടിയെവിടെ?.വലയ്ക്കുള്ളില്‍ അലുമിനിയ പാത്രങ്ങള്‍ തലച്ചുമടേന്തി വീട് വീടാന്തരം കയറിയിറങ്ങുന്നു. പതിനേഴ് വയസ്സിലും മൂന്ന് ഇത്താത്തമാരുടെ താങ്ങാണവന്‍.

കുഞ്ഞാലി പുസ്തകം വായിക്കുന്നതിനിടെ ബീഡിയില വെട്ടാനുപയോഗിക്കുന്ന കത്രിക കൊണ്ട് തുടയിലെ ഞൊണല് ചൊറിയുന്നത് കാണാം. ഞൊണല് ചൊറിയാന്‍ സൈനയോടും 
ആവശ്യപ്പെട്ടു. ഞൊണല് തൊട്ട പുസ്തകങ്ങളെപ്പോ
ലും സൈന വെറുത്തു. എല്ലാ കഥകളും പൊഴിയാണ്. ഈറ്റക്കാടുകള്‍ക്കരികില്‍ ചെന്ന് ഈറ്റക്കുഴലിലൂടെ ഊതിവിളിച്ചാല്‍ ഈറ്റത്തലപ്പ് നമ്മുടെ മുന്നില്‍ തലചായ്ക്കും പോലും. നാണിത്തള്ള പറഞ്ഞതാണ്.ഞാനെത്ര ഊതിവിളിച്ചിരിക്കുന്നു. എന്നിട്ട് വയറ്റില് കുറച്ച് വിശപ്പ് കൂടിയത് മാത്രം മിച്ചം. നടക്കാത്ത കിനാക്കളെ നടന്ന് കാണാന്‍ കൊതിക്കുന്നവര്‍ എഴുതിയുണ്ടാക്കിയ കള്ളക്കഥകളാണെല്ലാം.

സൈനയുടെ സ്വപ്നങ്ങളിലെ വര്‍ണ്ണങ്ങളെല്ലാം നഷ്ടപ്പെട്ടിട്ട് ആറ് മാസത്തോളമായി. രാത്രിയേറിയിട്ടും കുഞ്ഞാലിയെ കാണുന്നില്ല. വാതിലില്‍ മുട്ട്കേട്ട് തുറന്നപ്പോള്‍ പുകമണത്തിനോടൊപ്പം കുഞ്ഞാലിയ്ക്കൊപ്പം രണ്ട് മൂന്ന് പേര് കൂടി. എല്ലാവരുടേയും സംസാരങ്ങള്‍ കുഴഞ്ഞിരിക്കുന്നു. പടച്ചവന്‍ കാത്തതാണ് ഇളയവന്‍ റഷി വന്നപ്പോള്‍ ഇന്നിവിടെ തങ്ങാമെന്ന് പറയാന്‍ തോന്നിയത്. “റഷീ..നീ കവലയിലെ കപ്പക്കടയ്ക്കരികിലുള്ള അത്തനാരിക്കയോട് ഇവിടെ വരെ വരാന്‍ പറയ്.ശടേന്ന് വരണം.” എന്തോ ആപത്ത് മണത്ത് റഷി ഓടി.

സൈന വീണ്ടും തന്റെ ഇളയത്തുങ്ങള്‍ക്കൊപ്പം സ്വന്തം വീട്ടിലായി.അത്തനാരിക്ക കൊച്ചയമ്മദിനെ കുറേ ഗുണദോഷിച്ചു. “അല്ലേലും നീയല്ലാണ്ടാരേലും  ഈ എട്ടും പൊട്ടും തിരിയാത്ത പെങ്കൊച്ചിനെ ആരോരുമില്ലാത്ത അവന് പിടിച്ച് കൊടുക്ക്വോ?!”.

ഇരുണ്ട രാവുകളില്‍ സൈന വിചാരപ്പെട്ടു. ‘പരീക്കുട്ടി ഞാന്‍ വന്നതറിഞ്ഞില്ലാന്നുണ്ടോ? ഒന്ന് കണ്ടിരുന്നെങ്കില്‍’. ആശിച്ചത് പോലെ പരീക്കുട്ടി വന്നു. പക്ഷേ ഇത്രനാളും കണ്ടിരുന്ന പരീക്കുട്ടിയല്ലിത്. എന്തൊക്കെയോ മാറ്റങ്ങള്‍. കുഞ്ഞാലിയെപ്പോലെ വേണ്ടാതീനങ്ങള്‍ കാട്ടാന്‍ പരീക്കുട്ടിയും തുനിയുന്നു.ഞാന്‍ എല്ലം അറിഞ്ഞ പെണ്ണാണെന്ന് പരീക്കുട്ടിയും മനസ്സിലാക്കിയിരിക്കുന്നു. എങ്കിലും ഇങ്ങനെയൊന്നും വേണ്ടിയിരുന്നില്ല. പരീക്കുട്ടിയ്ക്ക് മുന്നില്‍ ഒന്നുമറിയാത്തവളായി നില്‍ക്കാന്‍ മാത്രമാണെനിക്കിഷ്ടം. പക്ഷേ പരീക്കുട്ടി ശക്തി പ്രാപിക്കുന്നു. “എനിയ്ക്കിനി കൊച്ചുങ്ങളൊന്നൂണ്ടാകില്ല. നിര്‍ത്തല് ചെയ്തതാ..അതിന്റെ കാശും ഗവമ്മേന്റീന്ന് മേടിച്ചു.” സ്വപ്നത്തില്‍ നിന്നുണര്‍ന്ന സൈനയ്ക്ക് ഇരുട്ടിലും കാഴ്ച്ച കിട്ടി. ബാപ്പയെ അവള്‍ തിരിച്ചറിഞ്ഞു.

ഉമ്മാ..ന്ന് അലറി വിളിച്ച് ആറാമതും പെറ്റുകിടക്കുന്ന ഉമ്മായുടെ പേറ്റ് കട്ടിലിലേയ്ക്ക് അവള്‍ ഓടിക്കയറി. നെഞ്ച് വിങ്ങി, ഉടല് വിറയ്ക്കുമ്പോഴും എന്ത്കൊണ്ടാണ് കൊച്ചുങ്ങളുണ്ടാകാത്തതെന്നോ, നിര്‍ത്തല് ചെയ്തതെന്താണെന്നോ അവള്‍ക്ക് അനസ്സിലായില്ല. പാത്തുമുത്തുവിന്റെ കണ്ണീരിന്റെ കാരണങ്ങള്‍ ഏറിക്കൊണ്ടിരുന്നു. 

2015, ജൂലൈ 2, വ്യാഴാഴ്‌ച

നിരാകാര നക്ഷത്രങ്ങള്‍


ഇരുളിനുള്ള ഭംഗിയാണ് ഏറ്റവും മികച്ചതെന്ന് സന്ദര്‍ഭവശാല്‍ കണ്ടെത്തി ചുണ്ടില്‍ കിനിഞ്ഞിറങ്ങിയ ചിരിയുമായി കണിക, മുടിച്ചുരുള്‍ ഇരുവശത്തുനിന്നും കണ്ണിന്‍ മുകളിലേക്ക് വാരിയിട്ട് ഇരുളിനെ പുണര്‍ന്ന് കിടന്നു. പകലില്‍ പ്രകടിപ്പിക്കാനാകാത്ത പുച്ഛവും, പ്രതിഷേധവും, ശൃംഗാരങ്ങളുമെല്ലാം വിവിധ ഭാവങ്ങളില്‍ വിവിധ മുഖങ്ങളോട് പ്രകടിപ്പിച്ച് സംതൃപ്തിയടഞ്ഞ് കൊണ്ടിരുന്നപ്പോഴാണ് ഒരു ഓട്ട് വിളക്ക് കട്ടിലിന്റെ ക്രാസിയില്‍ വീണ് ബീഭത്സമായി കരഞ്ഞത്. ഡിഗ്രി ഫൈനല്‍ ഇയറിലെ സുവോളജി പുസ്തകം ജീവന്‍ വെച്ചത് പോലെ കണികയുടെ നെഞ്ചില്‍ നിന്ന് കിടക്കയിലേക്ക് വീണു.

അമ്മയുടെ ഭ്രാന്തമായ ശബ്ദകോലാഹലങ്ങള്‍ അകമ്പടിയായി എത്തിയപ്പോള്‍ കണിക ഞെട്ടലില്‍ നിന്ന് മുക്തയായി. ചെവി തലയണയിലേക്ക് ആഞ്ഞമര്‍ത്തി. എന്നിട്ടും കേള്‍ക്കാതിരിക്കാനായില്ല.

“ഈ മനുഷ്യനൊന്ന് ചത്ത് തൊലഞ്ഞെങ്കി എനിക്ക് മന:സമാധാനത്തോടെ ജീവിക്കാര്ന്നു. ജാത്യാലൊള്ളത് തൂത്താ പൊവ്വോ..തെണ്ടിയലഞ്ഞ് ജീവിച്ച് പടിച്ചാ...പിന്നെ വീട്ടി നിക്ക്വൊ...?! ആ പോക്ക് ഒരുപ്പോക്കായാ മത്യാരുന്നു...കുടിച്ച് ചാകട്ടെ..”

കണികയുടെ മനസ്സില്‍ അപ്പയോടുള്ള സഹതാപ കടലിരമ്പി. “അമ്മയുടെ ഈ പ്രാക്ക് കാരണാ അപ്പയെറങ്ങിപ്പോണത്.”

“അതേടീ..നീയിതേ പറയൂ..അപ്പന്റെ സ്നേഹോലിപ്പിച്ചുള്ള രണ്ട് വാക്ക് കേട്ടാ, മുനിയെപ്പോലൊള്ള ആ ഇരിപ്പ് കണ്ടാ..അത് മതീല്ലോ നിനക്കൊക്കെ. എനിക്ക് ഏത് വരേണ്ട നേരത്തിലാണോ ഇതിയാന്റെ മുന്നില് കഴുത്തും നീട്ടി നിന്നത്.!”

“ഓ..അല്ലെങ്കി അമ്മയ്ക്കിപ്പൊ മോളീന്നെറങ്ങി വന്നേനെ വേറാരാണ്ട്.!”
  
കേട്ട് പഴകിയ പുരാണങ്ങള്‍ അഴുകി ഇറ്റ് വീണ് കൊണ്ടിരുന്നപ്പോള്‍ കണിക തന്റെ പ്രിയപ്പെട്ട അപ്പായോട് ആത്മഗതം പൂണ്ടു.

“എന്റെ തൊമ്മിയപ്പാ എവിടെയാണെങ്കിലും ഈ യാത്രയൊന്ന് അവസാനിപ്പിച്ച് ഈ  മറിയമ്മച്ചീടെ തൊണ്ടയൊന്നടക്ക്”.
****************************************************************************************************************** തൊമ്മിയുടെ ശാന്തഭാവവും മറിയയുടെ പുരോഗമനവാദവും ചില സംഘര്‍ഷാവസ്ഥകളിലൂടെ കടന്ന് പോകുന്നുണ്ടെങ്കിലും തൊമ്മിയേയും, മറിയയേയും കണ്ടാല്‍ എത്ര ചേര്‍ച്ചയാണെന്ന് പറയാത്തവരായി ആരും കാണില്ല.

മറിയ ഒരു സുന്ദരി പെണ്ണായിരുന്നെങ്കിലും അതിന് ലേശം കളങ്കം ചാര്‍ത്താനായി ഒരു കോങ്കണ്ണും കൂട്ടിനുണ്ടായിരുന്നു.ആ അപകര്‍ഷതാ ബോധത്തില്‍ തന്നേക്കാള്‍ സുന്ദരന്മാര്‍ പെണ്ണ് കണ്ട് ഇഷ്ടപ്പെട്ടാലും മറിയ അതംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. തന്റെ സ്വത്ത് മോഹിച്ചാണവരുടെ വരവെന്നായിരുന്നു മറിയയുടെ കണ്ടെത്തല്‍.

കന്നുകാലികളെ ഉഴിഞ്ഞ് നോക്കി വിലയിരുത്തി വിലയിടുന്ന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ തന്നെ കിട്ടില്ലെന്ന് ഉച്ചസ്ഥൈര്യം ഉദ്ഘോഷിച്ചതോടെ, മറിയയുടെ ചിറ്റപ്പനും, പേരപ്പനും മറിയയുടെ അപ്പനോടും അമ്മയോടും മുഴുത്ത വഴക്കായി. മകളെ അച്ചടക്കത്തോടെ വളര്‍ത്താനറിയാത്തവര്‍ എന്ന്.അമ്മയുടെ കുറ്റപ്പെടുത്തലുകള്‍ദിനം പ്രതി കൂടിയപ്പോള്‍ വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച ഒരു വിവാഹത്തിന് ചെറുക്കനെ കാണാതെ തന്നെ മറിയ ഇഷ്ടമാണെന്നറിയിച്ചു. ആ ഇഷ്ടം മൂളാനുള്ള ഒരേ ഒരു കാരണം ചെറുക്കന് കോങ്കണ്ണുണ്ടെന്ന സദ് വാര്‍ത്തയായിരുന്നു. ഇനി ആര്‍ക്കും തന്നെ തോല്‍പ്പിക്കാനാവില്ലെന്ന് സുന്ദരിയുടെ അകക്കണ്ണ് വെളിപ്പെടുത്തി.
******************************************************************************************************************നേരം രണ്ട് തവണ ഇരുണ്ട് വെളുത്തിട്ടും തൊമ്മി വീട്ടിലണഞ്ഞില്ല. മൂന്നാം ദിവസം കോളേജില്‍ നിന്ന് വന്നയുടനെ കണിക അമ്മയോട് ചോദിച്ചു. “അപ്പാ വന്നൊ അമ്മേ?.”

“പിന്നേ എന്റെ മടീലിരിക്ക്യല്ലേ”!

പൊട്ടിത്തെറിക്കാത്ത അമ്മയുടെ മുന്നില്‍ കണിക തന്റെ വിഷമം പുറത്ത് കാണിച്ചു. “എങ്കിലും അപ്പായിതെന്നാ പോക്കാ പോയത്. നാളെ കോളേജ് ഡേയ്ക്ക് അപ്പാ ചിട്ടപ്പെടുത്തിയ നാടന്‍പാട്ടാണ് ഞാന്‍ പാടുന്നത്. അപ്പാ അത് കേള്‍ക്കാന്‍ വരുമെന്ന് ഉറപ്പ് പറഞ്ഞിരുന്നതാണ്.”

“അല്ലെങ്കിലും ..ഇവിടെ ഫോണിരിപ്പില്ലേ നിനക്കൊന്ന് വിളിച്ചന്വേഷിക്കരുതോ?”

“അതിന് അപ്പായ്ക്ക് ഫോണുണ്ടോ?”

“എങ്ങനെണ്ടാകാന്‍?!. വീട്ടുകാര് വിളിച്ച് തൊയ് ര്യം കെടുത്തൂലേ. ങ്കിലുമതിയാന്റെ കൂട്ടാര്‍ക്കൊണ്ടല്ലോ. അതിലോട്ട് വിളിക്ക്”

“അമ്മയ്ക്ക് വിളിച്ചൂടാര്ന്നോ?”

“പിന്നെ എന്റെ പട്ടി വിളിക്കും”

“ആഹ്..ന്നാ ഞാന്‍ വിളിച്ചന്ന്വേഷിച്ചറിയൂന്ന് കാക്കണ്ട”.

കണിക അമ്മയെ ശ്രദ്ധിക്കാതിരുന്നില്ല. ഭക്ഷണം കഴിക്കുന്നത് കാണുന്നില്ല. വിഷമം പുറത്ത് കാണിക്കുന്നില്ലെന്നേയുള്ളൂ.  എന്നാ ശുണ്ഠിയ്ക്കൊട്ട് കുറവില്ലാതാനും.
*****************************************************************************************************************തൊമ്മി യാത്രകളെ ഏറെ ഇഷ്ടപ്പെട്ടു. ഇഷ്ടപ്പെട്ട വിഷയങ്ങള്‍ ലാഘവത്തോടെ ചര്‍ച്ച ചെയ്യാന്‍ മദ്യം കൂട്ടിനുള്ളത് നല്ലതാണെന്നാണ് തൊമ്മിയുടെ അഭിപ്രായം.തൊമ്മിയുടെ ആത്മസംഘര്‍ഷങ്ങള്‍ മദ്യത്തിന്റെ ബലത്തോടെ പുറത്ത് വന്ന് കൊണ്ടിരുന്നു.

സെമിത്തേരികളില്‍ മാര്‍ബിള്‍ ഫലകങ്ങള്‍ നിര നിരയായി നീണ്ട് പരന്ന് തിളങ്ങുന്നു പലയിടത്ത്. മരിച്ച ദേഹം ചീഞ്ഞളിയുന്നതിന് മുന്‍പ് മണ്ണിനടിയില്‍ ഒതുക്കാന്‍ ഒരുപിടി മണ്ണ് തേടുന്നവര്‍ മറ്റൊരിടത്ത്. മരിച്ചാല്‍ ജാതിമതഭേദമന്യേ സര്‍ക്കാര്‍ അനുവദിച്ച നിര്‍ദ്ദിഷ്ട ഭൂമിയില്‍ മാത്രം സംസ്ക്കാരം ഏര്‍പ്പെടുത്തല്‍ നിര്‍ബന്ധമാക്കണമെന്നത് തൊമ്മി മതം. ആ ഉറക്കത്തിലെങ്കിലും ജാതീയത ഉപേക്ഷിക്കട്ടെ. ശബ്ദ മലിനീകരണവും, വര്‍ഗ്ഗീയതയും ഒരു പരിധി വരെ വളര്‍ത്തിയെടുക്കുന്നത് അമ്പലങ്ങളും പള്ളികളുമാണെന്ന് വിളിച്ച് കൂവാന്‍ തൊമ്മിയെ ധൈര്യപ്പെടുത്തുന്നതും മദ്യമാണ്. മറിയയുടെ അസാന്നിദ്ധ്യത്തിലേ മദ്യം സേവിക്കാന്‍ തൊമ്മിയ്ക്ക് കഴിയാറുള്ളൂ. അത്കൊണ്ട് തന്നെ തൊമ്മി കൂട്ടുകാരോടൊത്തുള്ള ഒരു യാത്രയും ഒഴിവാക്കാറില്ല.
*****************************************************************************************************************ഇടവഴിയില്‍ നിന്നൊരു കെട്ടനാറ്റം കാറ്റിലൂടെ അകത്തേക്കെത്തുമ്പോള്‍ മറിയ ഗേറ്റിലേക്ക് കണ്ണുകള്‍ പായിച്ചു. ശേഷം ദീര്‍ഘനിശ്വാസം ചെയ്തു. ചില ദിവസങ്ങളില്‍ അമര്‍ത്തി വെച്ച വാക്കുകള്‍ പുറത്തേക്ക് ചാടി.

“അല്ല!..ഒരപ്പനൊള്ളതിനെ കാണാതായിട്ട് ഒരുത്തിയൊള്ളതിനാ ഫോണെടുത്ത് കുത്തി വിളിക്കാന്‍ തോന്നണ് ണ്ടോ?”

“ ഓ..പിന്നേ..ഇപ്പൊ വന്നിട്ടെന്തിനാ അപ്പൊ തൊടങ്ങൂല്ലേ അമ്മേടെ പരാതി. അത്കേട്ട് തൊമ്മിയപ്പാ പിന്നേം പോകും. ഇനി വല്ല പെണ്ണും കെട്ടിയെങ്ങാനും കൂട്യോ ആവോ?!”

“പെണ്ണേ..കുഞ്ഞ് വായില് വല്യ വര്‍ത്താനം വേണ്ടാട്ടൊ. ഇന്നേവരെ വീട്ടീന്ന് ഒരു ചില്ലിക്കാശെടുത്തോണ്ട് പോയി എന്റെ തൊമ്മി കുടിച്ചിട്ടില്ല. ഓരോരുത്തന്മാര് കുടിപ്പിക്കും. പിന്നെ ഒരുത്തീടെ കൂടെ ഒരന്തി പൊയിട്ട് ഒരഞ്ചു നിമിഷം.. ങേഹേ...” ചട്ടുകം കൊണ്ടുള്ള സിങ്കിലടി പ്രസ്താവനയുടെ ഉറപ്പാണ്.

അപ്പയെ കണികയ്ക്ക് അമ്മയേക്കാല്‍ വിശ്വാസമാണ്. എങ്കിലും അമ്മയെ ശുണ്ഠി പിടിപ്പിക്കാനായി കണിക അപ്പയില്‍ നിന്നും കേട്ടിട്ടുള്ള കദീജയുടേയും പാത്തുമ്മയുടേയും കഥയെടുത്തിട്ടു.

തൊമ്മിയുടെ യൌവ്വനാരംഭത്തില്‍ വീട്ടിലെ റബ്ബര്‍തോട്ടത്തില്‍ പാലെടുക്കാന്‍ വന്നിരുന്ന ജ്യേഷ്ഠാനുജത്തിമാരായിരുന്നു കദീജയും, പത്തുമ്മയും. അതില്‍ അനുജത്തി പത്തുമ്മയ്ക്ക് തൊമ്മിയോടൊരു ഇഷ്ടമുണ്ടായിരുന്നു. പക്ഷെ തൊമ്മിയ്ക്ക് ജ്യേഷ്ഠത്തി കദീജയോടായിരുന്നു ഇഷ്ടം. കാരണം കദീജ പറഞ്ഞുപോലും, തൊമ്മിയുടെ തലചെരിച്ചുള്ള ആ നോട്ടം നല്ല ശേലാണെന്ന്. ഒരു കണ്ണിന്റെ കാഴ്ച്ചക്കുറവ് ഒരു നേട്ടമായി തൊമ്മിയ്ക്ക് തോന്നിത്തുടങ്ങിയത് അന്ന് മുതലാണ്. പക്ഷേ തൊമ്മി തന്റെ സ്വാഭാവികമായ ചെരിഞ്ഞുനോട്ടത്തില്‍ മിനുക്കു പണികള്‍ പരീക്ഷിച്ചുകൊണ്ടിരുന്ന കാലഘട്ടത്തില്‍ തന്നെ കദീജയുടേയും പിറകെ പാത്തുമ്മയുടേയും നിക്കാഹ് കഴിഞ്ഞു. അതോടെ തൊമ്മിയ്ക്ക് തന്റെ ഒറ്റ കോങ്കണ്ണ് വല്ലാത്ത ഭാരമായി അനുഭവപ്പെട്ടു തുടങ്ങി.

“ആഹ്.. പറമ്പില് വേലയ്ക്ക് വരുമ്പൊ വേലക്കാരികള് എളകിത്തുള്ളിയാലാരാ നോക്കാത്തത്.?!” മറിയ കണികയുടെ ഓര്‍മ്മപ്പെടുത്തലിനെ ഒരു ‘ശൂ’ ആക്കി.
*****************************************************************************************************************മുറിയിലെ ഹാങ്കറില്‍ തൂങ്ങിയ തൊമ്മിയുടെ കഴുകാത്ത ഷര്‍ട്ടിലേക്ക് മറിയ മൂക്ക് തുറന്നു. മറിയയുടെ ദീര്‍ഘനിശ്വാസത്തിന്റെ ഇടവേളകള്‍ ചുരുങ്ങിവന്നു. മകള്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ ആരോടാണെന്നറിയാന്‍ ചെവി വട്ടം പിടിച്ചു.

പോയതിന്റെ ഏഴാം നാള്‍ തൊമ്മി തിരികെ വന്നു. അന്ന് മറിയയുടെ കയ്യില്‍ വന്ന് പെട്ട പാ‍ത്രങ്ങള്‍ക്കെല്ലാം അമര്‍ത്തിയ കുത്തേറ്റ് ചളുക്ക് വീണു. മറിയയുടെ ഹൃദയലാഘവം മുറുകിയ മുഖത്ത് നിന്നും ആര്‍ക്കും മനസ്സിലാക്കാന്‍ പറ്റുന്നതായിരുന്നില്ല. മറിയ ഒരു പിഞ്ഞാണം ചോറിലേക്ക് ചക്കക്കുരു കൂട്ടാന്‍ ഒഴിച്ച് വായ നിറച്ച് കഴിച്ചു. തൊമ്മി കഴിച്ചോ ഇല്ലയോ എന്ന് തിരക്കിയില്ല. ഇടയ്ക്കിടെ മുരണ്ടു.
“കുടിച്ചു കൂത്താടി നടക്കണോര്‍ക്ക് ദാഹല്ലേയുള്ളൂ. ഒരുപ്പോക്ക്പോകാതെയെന്തിനിങ്ങട്ട് വരണു?”
അമ്മ വാതോരാതെ പ് രാകി തുടങ്ങിയപ്പോള്‍ സിറ്റൌട്ടിലെ ചവിട്ടുപടിയില്‍ നിസ്സംഗതയോടെ ഇരിക്കുന്ന തൊമ്മിയ്ക്കരികിലെത്തി കണിക ചോദിച്ചു. “എന്തിനാ തൊമ്മിയപ്പാ ഈ വേണ്ടാത്ത വര്‍ത്താനങ്ങള് കേപ്പിക്കണേ. അപ്പായ്ക്ക് നാട് ചുറ്റി മടുത്തില്ലേ?.കുടിക്കണോങ്കി വീട്ടിലിരുന്ന് കുടിച്ചൂടെ. അമ്മ പറയണതിലും കാര്യോണ്ട്.”

അപ്പായുടെ മറുപടി കേട്ടപ്പോള്‍ കണിക അമ്പരന്ന് പോയി. കണികയ്ക്ക് ആദ്യമായി അമ്മയോട് അടക്കാനാവാത്ത സഹതാപം തോന്നി. ആശുപത്രി കിടക്കയില്‍ തളര്‍ന്ന് കിടക്കുന്ന കദീജയുടെ ഭര്‍ത്താവും കദീജയും കുട്ടികളുമെല്ലാം അപ്പായുടെ ജീവിതത്തിലെ അവിഭാജ്യ ഘടകങ്ങളായിരുന്നെന്ന അപ്പായുടെ വെളിപ്പെടുത്തല്‍ കണികയുടെ ഉറക്കം നഷ്ടപ്പെടുത്തി. അവള്‍ ജനല്‍ ചില്ലുകളിലൂടെ ആകാശത്തിലേക്ക്  കണ്ണുകള്‍ കൂടുതല്‍ വിടര്‍ത്തി.
  
 നക്ഷത്രങ്ങള്‍ക്ക്  നിശ്ചിതമായ ആകൃതിയുണ്ടോ ?!




2015, മാർച്ച് 1, ഞായറാഴ്‌ച

നാഗാലാന്‍ഡിലെ ചുവപ്പ് മുളക്



ഒരു സായം സന്ധ്യയില്‍ ആകാശത്ത് കിഴക്ക് നിന്നും പടിഞ്ഞാറിലേക്കൊഴുകി നീങ്ങുന്ന വെളുത്ത പഞ്ഞിക്കെട്ടുകള്‍ നോക്കിനില്‍ക്കുകയായിരുന്നു ഞാന്‍. എന്റുപ്പാപ്പ വാങ്ങിത്തന്ന ഐഫോണിന്റെ ക്യാമറക്കണ്ണിലൂടെയായിരുന്നു ഞാനത് വീക്ഷിച്ചത്. വെള്ളിമേഘങ്ങള്‍ എത്ര പെട്ടെന്നാണ് പഴുത്ത് തുടുക്കുന്നത്. സൂര്യന്റെ ചാരെയണഞ്ഞപ്പോള്‍ അവ ലജ്ജാവിവശരായി, തരളിതയായി ഇതളിതളായി കൊഴിഞ്ഞ് അടര്‍ന്ന് ശൂന്യമാകുന്നതും നോക്കി നില്‍ക്കുമ്പോഴായിരുന്നു ആ മെസേജ് ട്യൂണ്‍. വാട്സ് ആപ്പില്‍ ബബിത ഏഞ്ചല്‍. തിരുവനന്തപുരത്ത്  എസ്.ബി.ഐ. ല്‍ എന്നോടൊപ്പം വര്‍ക്ക് ചെയ്യുന്നവള്‍.

“ഹായ്.”
ഞാന്‍ റിപ്ലെ ചെയ്ത് സ്ക്രീനിലേക്ക് നോക്കിയപ്പോള്‍  ആ ഹായ് ചെന്ന് വീണത് ഒരു ഡോക്ടര്‍ ബദറുദ്ദീനാണ്. സ്പര്‍ശത്തില്‍ ചൂണ്ടുവിരലിന്റെ സ്ഥാനഭ്രംശം. ശ്ശൊ......

ആ സ്ഥാനഭ്രംശം എന്തെല്ലാം മാറ്റങ്ങളാണ് എന്നിലുണ്ടാക്കിയത്. വെള്ളരിക്കാ മോര് കാച്ചിയതില്‍, എണ്ണയില്‍ വറുത്തൊരു കടും ചുവപ്പുള്ള ഉണക്കമുളക് കിടക്കുന്നത് കണ്ടതിനാല്‍,  ഞാന്‍ മോണ്‍സി ഐസക്കിന്റെ ഊണ് മേശക്കരികില്‍ നിന്നും ബെഞ്ചമിന്റെ ടേബിളിലേക്ക് നീങ്ങിയിരുന്നത് കണ്ട് രശ്മി മേനോന്‍ കണ്ണ് മിഴിച്ചു. അവള്‍ക്കറിയില്ലല്ലോ എനിക്ക് ചുവന്ന മുളകിനോടുള്ളത്ര വെറുപ്പ് ബെഞ്ചമിനോടില്ലെന്ന്. ബെഞ്ചമിന്‍ എന്റെ പര്‍ദ്ദയുടെ കറുപ്പിനെ എത്രത്തോളം ഇഷ്ടപ്പെടുന്നോ അത്രയ്ക്കും ഞാന്‍ ചില്ലിറെഡും വെറുക്കുന്നു. ചില്ലിയേയും.

എന്റെ വീടിന്റെ പൂമുഖത്തിരുന്ന റെഡ് ആന്തൂറിയത്തിന്റെ സ്ഥാനം അടുക്കള വശത്തേക്ക് മാറിയതിനും, ഞാനേറെ ഇഷ്ടപ്പെട്ടിരുന്ന സൂര്യാസ്തമയം ചുവപ്പാകുന്നത് കണ്ട് കണ്ണുകള്‍ ഇറുകെ അടച്ചതിനും ആ മെസേജാണ് കാരണം.

ഒരു മാസം മുമ്പ് ഡോ: ബദറുദ്ദീന്‍ ആ ഹായ്  ക്ക് മറുപടി നല്‍കിയിരുന്നു. “നീ സുന്ദരി ആണല്ലോ” എന്ന്. ഈ ഡോക്ടര്‍ ആരെന്ന് എനിക്കറിയുകയേയില്ല.

എന്റെ ഉപ്പുമ്മാക്ക് ചെവിയിലൊരു കിടുകിടുക്കം. ഉപ്പുമ്മായുടെ ഭാഷയില്‍ “ഈരേഴുലോകത്തെ പ്രാണീം, ഈച്ചേം, പാറ്റേം, ഒക്കെ എറങ്ങി വരണത് എന്റെ ചെവീക്കൂടെയാ. രാത്രിക്ക് ഒരു പോള കണ്ണടയ്ക്കാന്‍ പറ്റണില്ല. ചെവീക്കെടന്ന് ഓട്ടോം പാച്ചിലും. ഒരു ഡോക്ടറും ഇത് കണ്ട് പിടിക്കാന്‍ ഈ ദുനിയാവിന്റെ മോളിലില്ല. ചെവീടെ പൊറത്ത് എന്താണ്ട് കുന്ത്രാണ്ടം കൊണ്ട് അടച്ച് വെച്ചിട്ട് സ്കാന്‍ ചെയ്താല്‍ ചെവീലൊള്ളത് കാണാന്‍ പറ്റ്വോ?”.

ഉപ്പുമ്മായുടെ പദം പറച്ചില്‍ കൂടിയപ്പോള്‍ ഞാനാണ് എന്റെ കൂട്ടുകാരിയുടെ കയ്യില്‍ നിന്ന് ഇ.എന്‍.റ്റി സ്പെഷ്യലിസ്റ്റായ ഡോ: ബദറുദ്ദീന്റെ ഫോണ്‍ നമ്പര്‍ വാങ്ങി ഇത്താത്തയ്ക്ക് കൊടുത്തത്. ഇത്താത്ത ഉപ്പുമ്മയെ മെഡിക്കല്‍ കോളേജില്‍ ഡോക്ടറുടെ അടുക്കല്‍ കൊണ്ട് പോവുകയും ചെയ്തു. അപ്പോള്‍ മുതല്‍ ആ ഫോണ്‍ നമ്പര്‍ എന്റെ ഫോണില്‍ കിടന്നിരുന്നെങ്കിലും “നീ സുന്ദരി ആണല്ലോ” എന്നൊരു മെസേജ് കിട്ടിയപ്പോഴാണ് ആ നമ്പര്‍ എന്റെ ശ്രദ്ധയില്‍ പെട്ടത്. തലമുടി നെറ്റിയില്‍ നിന്നും പിറകോട്ട് പ്രയാണമാരംഭിച്ച വെളുത്ത് സുമുഖനായ ഒരാള്‍.
 
മഴവില്‍ക്കൊടി പോലെ ത്രെഡ് ചെയ്ത പുരികവും, മസ്ക്കാരയിട്ട കണ്‍പോളകളും, സുറുമയിട്ട കണ്ണുകളും മാത്രമാണ് ബുര്‍ഖക്ക് പുറമേ എന്റെ പ്രൊഫൈല്‍ പിക്ച്ചറില്‍ കാണാമായിരുന്നത്.

ഞാന്‍ ചോദിച്ചു; “ഡു യു നോ മീ?”
മറുപടിക്ക് പകരം മറ്റൊരു നിര്‍ദ്ദേശമാണ് വന്നത്.
“ടോക്ക് എബൌട്ട് യു.”
“നോ , ഐ ഡോണ്ട് ലൈക് റ്റു ഐഡന്റ്ഫൈ മി.”
“ ഐ ആം ബദറുദ്ദീന്‍. എം.ബി.ബി.എസ്. സര്‍ജന്‍, ഇ.എന്‍.റ്റി സ്പെഷ്യലിസ്റ്റ് ഇന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ്”.
തുടര്‍ വിനിമയത്തില്‍ ഹസിന് എന്താണ് ജോലി  എന്ന ചോദ്യത്തിന്  ഞാന്‍ വോയ്സ് മെസേജ് അയച്ചു. ഓണ്‍ലൈന്‍ ചാറ്റിങ്ങില്‍ പൊതുവേ തല്‍പ്പരയല്ലാത്ത ഞാന്‍ കീബോര്‍ഡില്‍ അധികം വിരല്‍ തൊടുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല. പക്ഷേ വീണ്ടും വീണ്ടും അതേ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ഞാന്‍ കീബോര്‍ഡില്‍ വിരല്‍ അമര്‍ത്തി. “ ഇ.എന്‍.റ്റി. ആണെങ്കിലെന്താ ചെവി കേട്ടൂടെ പൊട്ടാ?!”
മറുപടി വന്നു; “ക് ളിയര്‍ ആകുന്നില്ല”
ഞാന്‍ വീണ്ടും ടൈപ്പ് ചെയ്തു; ‘ ഫ്രൂട്ട്സ് ഹോള്‍സെയില്‍’.
“ഐ ലൈക് ഫ്രൂട്സ്, ആപ്പിള്‍സ്/ പംകിന്‍സ്.”
ഡോക്ടറുടെ സില്ലി മറുപടിയില്‍ നിന്നും ഞാന്‍ സംസാരം വഴിതിരിച്ചു വിട്ടു.
 വെറുതെ ഒരു ചാറ്റിങ്ങില്‍ നിന്ന്  സേര്‍ച്ച് ചെയ്യാതെ ഒരു ഉത്തരം കിട്ടിയാലോ!. ഇന്നലെ മകന്‍ സ്ക്കൂളില്‍ നിന്ന് വന്നപ്പോള്‍ ചോദിച്ച  ചോദ്യം ഞാനങ്ങ് ഇട്ടു കൊടുത്തു.
“ ഹു വണ്‍ ദി ഹാട്രിക്സ് ഇന്‍ ഹെവി വെയ്റ്റ് ബോക്സിങ്?”.
മറുപടിയ്ക്ക് പകരം മറ്റൊന്നാണ് വായിക്കേണ്ടി വന്നത്.
“ ആര്‍ യു എ നാഗാ റെഡ് ചില്ലി?”
ചോദ്യം മനസ്സിലായില്ലെങ്കിലും നാഗാലാന്‍ഡില്‍ ഏറെക്കാലം ഫ്രൂട്ട്സ് ബിസിനസുമായി കഴിഞ്ഞുകൂടിയ എന്റെ ഉപ്പുപ്പായെയാണ് എനിക്ക് ഓര്‍മ്മ വന്നത്. ചന്ദനത്തിരി മണമുള്ള നമസ്ക്കാര മുസല്ലയിലിരുന്ന്  ബദറ്, ഉഹദ് യുദ്ധങ്ങളില്‍ വീര ചരമം പ്രാപിച്ച വീര യോദ്ധാക്കളുടെ കഥ പറഞ്ഞ് തരാറുണ്ടായിരുന്നു എന്റുപ്പാപ്പ. നാഗാലാന്‍ഡിലെ ജനങ്ങളുടെ ജീവിത രീതിയും, ഭക്ഷണക്രമവും , ഔദ്യോഗിക ഭാഷ ഇംഗ് ളീഷ് ആയതെങ്ങനെയെന്നുമൊക്കെ  ഞാനറിഞ്ഞത്  എന്റുപ്പുപ്പയില്‍ നിന്നാണ്.
ഡോക്ടറുടെ ചോദ്യം വിചിത്രമായി സ്ക്രീനില്‍ തെളിഞ്ഞ് നിന്നപ്പോള്‍ എന്റെ ചുറ്റിനും ചന്ദനത്തിരി മണം ഒഴുകി നടന്നു. അതിനിടയില്‍ ഉപ്പുപ്പായുടെ വായിലെ വെറ്റില മണവും.

വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് മനുഷ്യര്‍ വേട്ടയാടിയും, കായ്കനികള്‍ ഭക്ഷിച്ചും ജീവിച്ചിരുന്ന് കാലം. നാഗാലാന്‍ഡിലെ പാന്മി എന്നൊരാള്‍ ആഹാരം തേടിയലഞ്ഞ് ഒരു വനാന്തരത്തിലെത്തി. അതി തീക്ഷ്ണമായ വിശപ്പും ദാഹവും കൊണ്ട് പാന്മി തളര്‍ന്നു. വളരെ നേരത്തെ അലച്ചിലിന് ശേഷം കണ്മുന്നില്‍ കണ്ട അല്‍പ്പം നീണ്ട ആകൃതിയിലുള്ള ചുവന്ന് തുടുത്ത പഴം അത്യാര്‍ത്തിയോടെ പറിച്ചെടുത്ത് ഭക്ഷിച്ചു. ക്ഷണനേരത്താല്‍ പാന്മിയുടെ വായും വയറും കത്തിയാളുന്ന അഗ്നിയാലെന്ന വണ്ണം എരിഞ്ഞു പുകഞ്ഞു തുടങ്ങി. പാന്മി ആ എരിച്ചിലിനൊരു പ്രതിവിധി തേടി വനത്തിലൂടെ ഇഴഞ്ഞു. പക്ഷെ ഒന്നും ലഭ്യമായില്ല. പുകച്ചില്‍ സഹിക്കവയ്യാതെ പാന്മി വനത്തില്‍ കിടന്നുരുണ്ടു കരഞ്ഞു. ബോധക്ഷയത്തിന്റെ വക്കിലെന്നവണ്ണം വായില്‍ നിന്ന് വെള്ളം പുറത്തേയ്ക്കിറ്റ് വീണ്, ആകാശത്തേക്ക് കണ്ണുകളുയര്‍ത്തി ഒരു പുല്‍മേടിന് മദ്ധ്യത്തിലായി മൃതപ്രായനായിക്കിടന്നു. അങ്ങനെ കിടക്കവേ അടഞ്ഞ കണ്‍പോളകളുടെ നേര്‍ത്ത വിടവിലൂടെ പാന്മി ഒരു കാഴ്ച്ച കണ്ടു. ഒരു തിത്തിരി പക്ഷി ഒരു കതിരുമായി തന്റെ നേര്‍ക്ക് പറന്ന് വരുന്നു. പാന്മിയുടെ വയറിന് മുകളിലായി ആ കതിര്‍ ഇട്ടതിന് ശേഷം പക്ഷി തിരിച്ചു പറന്നു. ആ കതിരിലെ ധാന്യമണികള്‍ പാന്മി എടുത്ത് ചവച്ചു തുടങ്ങി. ക്ഷിപ്ര നേരത്താല്‍ പാന്മിയുടെ വയറ്റിലെ എരിച്ചില്‍ മാറി. പാന്മി തിരികെ ഗ്രാമത്തിലേക്ക് പോയപ്പോള്‍ ആ ധാന്യമണിക്കതിരും, ചുവന്ന പഴച്ചെടിയും കൂടെക്കൊണ്ട് പോയിരുന്നു. അങ്ങനെയാണ് നാഗാലാന്‍ഡിലെ പ്രധാനഭക്ഷണം ഉരുത്തിരിഞ്ഞതത്രെ!.

നാഗാലാന്‍ഡിലെ ചുവന്ന മുളക് എരിവിന്റെ കാര്യത്തില്‍ പ്രശസ്തമാണ്. തീക്ഷണമായ ഗന്ധവും, ആകര്‍ഷകമായ രൂപഭംഗിയും, കടും ചുവപ്പ് വര്‍ണ്ണവും, മറ്റേത് മുളകിനേക്കള്‍ ഒമ്പതിരട്ടി എരിവും, ഔഷധ ഗുണവും  ഉണ്ടത്രെ ഈ മുളകിന്. അത്കൊണ്ട് ഇത് നാഗാകിങ് എന്നാണറിയപ്പെടുന്നത് തന്നെ.
ചന്ദനത്തിരിയുടെ മണം ഒഴുകിയകലവേ സുല്‍ ഫത്ത് രശ്മിമേനോനെ ഫോണില്‍ വിളിച്ചു.
“ഹലോ”
“രശ്മീ..ഈ നാഗാറെഡ് ചില്ലിയെക്കുറിച്ച് നിനക്കെന്തറിയാം?.”
“ നിന്റെ റേഞ്ചിലുള്ള ചോദ്യം ചോദിയ്ക്കെന്റെ പര്‍ദ്ദക്കുട്ടീ..”
“രശ്മമീ ഇറ്റ്സ് നോട്ട് എ ജോക്ക്. ഐ ആം സീരിയസ്.”
“എ കോള്‍ ഗേള്‍സ് നിക്നെയിം ഈസ് നാഗാ റെഡ് ചില്ലി.”
കണ്ണിലൂടെ നീര്‍മുത്തുകള്‍ ഒഴുകിയിറങ്ങിയപ്പോള്‍ എന്റെ നെഞ്ചിലൊരു ചുവന്ന മുളക് ഉടലു പിളര്‍ന്നു.തൊട്ടടുത്ത നിമിഷം വാട്ട്സ് ആപ്പില്‍ അടുത്ത വരികള്‍ തെളിഞ്ഞു.
“ആര്‍ യു ഹോട്ട്,  കോള്‍ ആഫ്ടെര്‍ 8.30 പി.എം. ഐ ആം നോട്ട് എ ബോക്സര്‍. ബട്ട് ഐ ക്യാന്‍ സാറ്റിസ്ഫൈ യൂ. ബിക്കോസ് ഐ ആം 15+.
“യ്യോ...” വായിച്ച് കഴിഞ്ഞതേ എന്റെ ഹൃദയം പാന്മിയുടെ വയറ് പോലെ കത്തിക്കാളി.. ഉറവയെടുത്ത മിഴികള്‍ വറ്റുന്നില്ല.  എന്റെ കറുത്ത പര്‍ദ്ദ ചുവപ്പായി കാറ്റിലിളകി ഊരിത്തെറിച്ചു. ഗോതമ്പ് നിറമാര്‍ന്ന ദേഹം കൂമ്പിയടഞ്ഞ് ഒരു നീണ്ട ചുവപ്പ് മുളകിനുള്ളിലേക്ക് കയറി കത്തി നീറിയമര്‍ന്ന് കൊണ്ടേയിരുന്നു.
ഞാന്‍ വോയ്സ് മെസേജും, കീ ബട്ടണും ഉപേക്ഷിച്ചു. കോള്‍ ബട്ടണ്‍ അമര്‍ത്തി. ഡോക്ടര്‍ കോള്‍ അറ്റന്‍ഡ് ചെയ്തിരിക്കുന്നു. പക്ഷേ ഇടറി വിങ്ങിയ സ്വരം തൊണ്ടയില്‍ അമര്‍ന്ന് പോയതിനാല്‍ ഞാന്‍ കോള്‍ കട്ട് ചെയ്തു. അതാ അവിടെ നിന്നും വിളിക്കുന്നു. ഞാന്‍ കോള്‍ അറ്റന്‍ഡ് ചെയ്തു. പക്ഷേ പുറത്തേക്ക് വന്ന വാക്കുകള്‍ വിങ്ങിപ്പൊട്ടിയപ്പോള്‍ ഞാന്‍ വീണ്ടും കട്ട് ചെയ്തു. കുറച്ച് നേരത്തിന് ശേഷം സംയമനം വീണ്ടെടുത്ത് ഞാന്‍ ചോദിക്കുക തന്നെ ചെയ്തു; “ ഒരു ഡോക്ടര്‍ക്കെങ്ങനെ അപരിചിതയായ എന്നൊടിങ്ങനെ സംസാരിക്കാന്‍ കഴിഞ്ഞു. ഞാന്‍ ഒരു ഹോട്ട് ഗേള്‍ ആണെന്ന നിഗമനത്തില്‍ എത്താന്‍ എന്താണ് കാരണം.?”

“ ‘ഫ്രൂട്ട്സ് ഫോര്‍ സെയില്‍’ എന്ന് പറഞ്ഞാല്‍ പിന്നെ ഞാനെന്താണ് ധരിക്കേണ്ടത്?”. ഞാന്‍ തരിച്ച് പോയി. ഫ്രൂട്ട്സ് ഹോള്‍സെയില്‍ എന്ന വോയ്സ് മെസേജ് ഒരു ഡോക്ടറെക്കൊണ്ടെന്തൊക്കെ ചിന്തിപ്പിച്ചിരിക്കുന്നു?!.

‘ആപ്പിളും തണ്ണിമത്തനും’ ഇഷ്ടമായ ഡോക്ടറുടെ പിറകോട്ട് തെന്നിമാറിയ കഷണ്ടിയില്‍ ചുവപ്പ് ഉരുകിപ്പടരുന്നതും,  തലച്ചോറിനുള്ളിലേക്ക് ആ ചുവപ്പ് കിനിഞ്ഞിറങ്ങുന്നതും ഞാന്‍ കണ്ടു. സ്റ്റെതസ്ക്കോപ്പ് ഊര്‍ന്നിറങ്ങിയ കയ്യില്‍ ബോക്സിങ് ഗ് ളൌസ്!. ചുവപ്പ് മുളകില്‍ നിന്നും ഊര്‍ന്നിറങ്ങിയ എന്റെ ദേഹത്തിലെ മുഷ്ടിയിലും ബോക്സിങ്  ഗ് ളൌസ്!. ഞാനും തയ്യാറായി. വേദനകള്‍ വേദന പകര്‍ന്ന് തന്നെ എരിഞ്ഞടങ്ങണം.

ഞാന്‍ ഇന്നലെ തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിച്ചു. കോഴിക്കോട്ടുള്ള വീട്ടിലെത്തുക എന്നതിലുപരി ഡോക്ടറായിരുന്നു എന്റെ മനസ്സില്‍.
 
വിളിച്ച് പറഞ്ഞതിന് ശേഷം വന്നത്കൊണ്ട്  കോളിങ് ബെല്ലില്‍ വിരല്‍ അമര്‍ന്നപ്പോള്‍ പ്രതീക്ഷിച്ചിട്ടെന്നവണ്ണം വാതില്‍ തുറന്നു. ഞാന്‍ ദീര്‍ഘനിശ്വാസം ചെയ്തു. അകത്തേക്ക് കയറിയപ്പോള്‍ തന്നെ വാതില്‍ ലോക്ക് ചെയ്ത വിധം ശ്രദ്ധിക്കാതിരുന്നില്ല. സുറുമയെഴുതിയ മിഴികളെ കുറിച്ചുള്ള ഈരടികള്‍ ഞാന്‍ പോകുന്ന വഴികളിലെല്ലാം അലയടിച്ചു തുടങ്ങിയപ്പോഴാണ് ഞാന്‍ ബുര്‍ഖയുടെ ഉയര്‍ത്തിയ ഭാഗം താഴ്ത്തി കണ്ണുകള്‍ കൂടി മറച്ചു തുടങ്ങിയത്. അത്കൊണ്ടിപ്പോള്‍  മുഖത്തെ പരിഭ്രമം ഒളിക്കേണ്ടതായി വന്നില്ല. സ്വരത്തില്‍ പ്രസന്നത വരുത്താന്‍ ശ്രമിച്ചു.
“ഡോക്ടര്‍ .ഞാന്‍.സുല്‍ ഫത്”
“അറിയാം. ഒരു പേരില്‍ നിന്നും നമുക്കിപ്പോള്‍ പലതും കണ്ട് പിടിക്കാന്‍ കഴിയുമല്ലോ..”
പ്രൊഫൈല്‍ പിക്ച്ചറിലുള്ളതിനേക്കാളും ഡോക്ടറുടെ തലമുടി പിന്നോട്ടിറങ്ങിയിരിക്കുന്നു. ചെറിയ കുറുകിയ കണ്ണുകളില്‍ എല്ലാ കൌശലവും തുളുമ്പി നില്‍ക്കുന്നു. ആ ഫുള്‍സ് ളീവ് ഡ്രസിങ്ങും പാന്റും എനിക്ക് അരോചകമായി തോന്നി. ആ ഗോതമ്പ് പാടത്തൊരു ചുവപ്പായി പടരാന്‍ ഞാന്‍ കൊതിച്ചിരിക്കുകയാണ്.
ഡോക്ടറുടെ കണ്ണും അക്ഷമ വിളിച്ചോതുന്നു.
“ഈ പര്‍ദ്ദ ദേഹം പൊള്ളിക്കുന്നില്ലേ?”
“ തീര്‍ച്ചയായും ഡോക്ടര്‍, ഞാനിത് മാറ്റട്ടെ”
ശിരോവസ്ത്രം ഊരി മാറ്റിയപ്പോള്‍ ഡോക്ടറുടെ കണ്ണുകളിലെ വന്യമായ തിളക്കം കണ്ട്  ഞാന്‍ ഊറിച്ചിരിച്ചു. പര്‍ദ്ദയുടെ സിബ്ബ് രണ്ടിഞ്ച് താഴേക്ക് വലിച്ച് താഴ്ത്തിയപ്പോള്‍ ‘ഹൊ!’ എന്നൊരു ആശ്ചര്യ സൂചകം ഡോക്ടറില്‍ നിന്നും ഉയര്‍ന്നത് ഞാന്‍ ശ്രദ്ധിച്ചതായി ഭാവിച്ചില്ല. പര്‍ദ്ദയ്ക്ക് കീഴെ നെറ്റ് കൊണ്ട് തീര്‍ത്ത വൈറ്റ് സ് ളീവ്ലെസ് ലിനന്‍ ഗൌണ്‍ എന്നോടൊട്ടിച്ചേര്‍ന്ന് കിടന്നിരുന്നെങ്കിലും  ഞാന്‍ സിബ്ബ് വീണ്ടും മുകളിലേക്ക് തന്നെ ഉയര്‍ത്തി. കാരണം ഡോക്ടര്‍ ഇതിനോടകം വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞ് കഴിഞ്ഞിരുന്നു.

കിടക്കയിലേക്ക് പിടിച്ചമര്‍ത്തിയപ്പോഴും ഞാനെന്റെ കയ്യിലെ ഹാന്‍ഡ് കര്‍ച്ചീഫ് അമര്‍ത്തി പ്പിടിച്ചു.  ഡോക്ടറുടെ ഭാവങ്ങള്‍ വെറ്റില്ല ഗന്ധമുയര്‍ത്തുന്നു.കാട്ടുപൊന്തകള്‍ ഒടിഞ്ഞമരുന്ന ശബ്ദം. ഇപ്പോള്‍ പാന്മിയുടെ അടിവയറ്റിലും നെഞ്ചിലും തീഗോളങ്ങള്‍ ഉരുണ്ട് കൂടിയത് എനിക്ക് കാണാന്‍ കഴിയുന്നു. പുകച്ചിലിന് ശമനം കാണാതെ വായില്‍ നിന്ന് വെള്ളമിറ്റ് പുല്‍ത്തകിടിയില്‍ പുളഞ്ഞുലയുന്ന പാന്മി. മൃതപ്രായനെന്ന വണ്ണം യാചിക്കുന്ന മിഴികള്‍. ഇപ്പോള്‍ തിത്തിരിപ്പക്ഷിയ്ക്ക് ചിറക് വിടര്‍ത്തിയേ മതിയാകൂ.

ഞാനെന്റെ കൈപ്പിടിയിലെ ഹാന്‍ഡ് കര്‍ച്ചീഫില്‍ നിന്ന് ചുവപ്പിന്റെ പിളര്‍ന്ന അറ്റം കതിര്‍ക്കുലയെന്നവണ്ണം ഡോക്ടറുടെ നനവിറ്റിയ മൃദുലതകളില്‍ തഴുകി. ഗോതമ്പ് നിറമാര്‍ന്ന മേനിയില്‍ അതിദ്രുതം ചുവന്ന കതിര്‍ ഓടിക്കവേ ചില അരിമണികള്‍ ഗോതമ്പ് നിറത്തിനോട് പുല്‍കി പ്രണയിക്കുന്നതും ഞാന്‍ കണ്ടു.

പാന്മിയുടെ കത്തിയാളല്‍ കണ്ടു നില്‍ക്കാനാവാതെ നിമിഷങ്ങള്‍ക്കുള്ളില്‍ ഞാന്‍ ധൃതിയില്‍ ശിരോവസ്ത്രമണിഞ്ഞ് വാതില്‍ തുറന്ന് പുറത്ത് കടന്നു. തിരിഞ്ഞ് നോക്കുമ്പോള്‍ വാതിലിന്  മുകളിലെ ചിത്രത്തില്‍ ചുണ്ടില്‍ ശ്....ന്ന് വിരല്‍ ചേര്‍ത്തൊരു വെളുത്ത മുടിക്കാരി സുന്ദരിക്കുട്ടി.